“ഉം ഇപ്പോ നല്ല കുറവുണ്ട്… !
അവൾ ചിരിയോടെ പറഞ്ഞു.അവളുടെ അസുഖം എന്താണെന്ന് എനിക്കും അവൾക്കും നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല.എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് കൊണ്ട് ഓരോന്ന് സംസാരിച്ചു കിടക്കുന്നതിനിടെ അവൾ ഉറങ്ങിപ്പോയി.അവളെ കട്ടിലിലേക്ക് കിടത്തി ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് പുറത്തിറങ്ങി.
“നിന്നെ കണ്ടാൽ പിന്നെ നഴ്‌സറി പിള്ളേരെ പോലെയാണ് പെണ്ണ്.അല്ലാത്തപ്പോൾ ഭയങ്കര ഗൗരവക്കാരിയും. “
ഹാളിൽ ഇരിക്കുകയായിരുന്ന അമ്മ ചിരിയോടെ പറഞ്ഞു.അവരോട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ അവിടെനിന്ന് പോന്നു.പിന്നെ അതൊരു പതിവായി.എന്നും അവളെ ചെന്ന് ഉറക്കിയിട്ട് ഞാൻ തിരിച്ചു പോരും.അവളെ കാണാതിരിക്കാൻ എനിക്കും കഴിയില്ലല്ലോ !
ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും.സമയം രാത്രി ഒൻപതു മണിയോടടുത്ത് ഞാൻ നൈറ്റ് ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു.അപ്പോഴാണ് അമ്മുവിന്റെ കാൾ വരുന്നത്.
ഇന്ന് കുറുമ്പ് കൂടുതലാവും പെണ്ണിന് ഞാൻ ചെന്ന് ഉറക്കേണ്ടി വരും അതിനാണീ വിളി. എന്തായാലും ക്ലാസ്സ് കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം.
ഞാൻ മനസ്സിലോർത്തു.
പക്ഷെ അവൾ തുടർച്ചയായി അടിക്കുന്നത് കണ്ടതോടെ ഞാൻ ഫോണെടുത്തു.
“ക്ലാസിലാ പെണ്ണെ ഇത് തീർത്തിട്ട് ഞാൻ വന്നോളാം… ”
ഞാൻ ശബ്ദമടക്കി കൊണ്ട് പറഞ്ഞു.
“അയാള് അയാള് വന്നിട്ട്ണ്ട്..
പുറത്ത്ണ്ട്.. ”
അവളുടെ ശബ്ദം ഒരു നിലവിളി പോലെ തോന്നി എനിക്ക്.
“ആരാ പെണ്ണെ..?
ഞാൻ ആശങ്കയോടെ തിരക്കി.
“അയാള് ഉണ്ണിയേട്ടൻ.. എന്നെ കൊല്ലൂന്ന് പറഞ്ഞ് പുറത്ത് കത്തിയും പിടിച്ചു നിക്കാണ്. ഞാനും അമ്മയും മാത്രേ ഒള്ളൂ ഇവിടെ…. ”
പറഞ്ഞു തീരുന്നതിനു മുന്നേ ഫോൺ കട്ടായി.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു.പക്ഷെ ഒന്ന് മാത്രം അറിയാം എന്റെ പെണ്ണിനെ രക്ഷിക്കണം.അതിനി അവനെ കൊന്നിട്ടായാലും !
വേഗം ഫോണെടുത്തു വീട്ടിലേക്ക് ഡയൽ ചെയ്തു.
“ഉം.. എന്താ… ”
അച്ഛന്റെ പരുക്കൻ ശബ്ദം
“വിളിച്ച് വരുത്തിയ പുന്നാര അനിയൻ വന്നിട്ട്ണ്ട്.ഇപ്പൊ അമ്മുവിനെ കൊല്ലാൻ നടക്കാണ്. അവൾക്കെന്തെങ്കിലും പറ്റിയാ ഞങ്ങളുടെ ശവം ഞാൻ നിങ്ങളെക്കൊണ്ട് തീറ്റിക്കും ഓർത്തോ.. !
ഭ്രാന്ത് പിടിച്ച പോലെ പുലമ്പി കൊണ്ട് ഞാൻ വണ്ടിയെടുത്തു കത്തിച്ചു വിട്ടു.ഇതാ നിന്റെ സുഖവും സന്തോഷവും ഇവിടെ തീരുന്നു എന്ന് എന്റെ മനസ്സിൽ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു.എത്ര പെട്ടന്നാണ് ഞാൻ അവിടെ എത്തിയത് !