അപ്രതീക്ഷിതമായി കെട്ട്യോനെ കണ്ട ലച്ചു ശരിക്കും അന്തം വിട്ടിട്ടുണ്ട്.ലച്ചു മാത്രം അല്ല ഞാനും ചെറുതായി ഒന്ന് ഞെട്ടിയിട്ടുണ്ട്.മകനെ കണ്ട സന്തോഷത്തിൽ അച്ഛമ്മ ഉമ്മറത്തേക്ക് വന്ന് കെട്ടിപിടിച്ചു
“സുഖല്ലേ നെനക്ക്..?
“എന്ത് സുഖം അമ്മാ, അമ്മാതിരി കാര്യങ്ങളല്ലേ നടക്ക്ണത് ”
ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കികൊണ്ട് അച്ഛൻ പറഞ്ഞു.
“നാളെ വരൂന്നല്ലേ പറഞ്ഞെ?
ലച്ചുവിന്റെ ചോദ്യം കേട്ട് ഗോപാലേട്ടൻ വല്ലാത്തൊരു നോട്ടം നോക്കി. അതോടെ ലച്ചു മൂപ്പരെ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് പോയി. ചായ കുടിയൊക്കെ കഴിഞ്ഞ് എല്ലാരും ഹാളിൽ എത്തി സോഫയിൽ ഇരുവശത്തായി ഇരുന്നു.അച്ഛമ്മയും അച്ഛനും ഒരു ഭാഗത്ത് എന്റെ കൂടെ ആരാണെന്ന് പിന്നെ പറയണ്ടല്ലോ.
“എന്താ നിന്റെ തീരുമാനം?
എന്നെ അടിമുടി നോക്കി ദഹിപ്പിച്ച ശേഷം അച്ഛൻ ചോദിച്ചു.
“അതങ്ങ് നടത്തി കൊടുക്കാന്നേ
നമുക്കാകെ ആകെ ഇവനല്ലേ ഒളളൂ… “
ലച്ചു എന്റെ പക്ഷം പിടിച്ചു കൊണ്ട് പറഞ്ഞു.
“നീ മിണ്ടണ്ട കൊഞ്ചിച്ചു കൊഞ്ചിച്ച് വഷളാക്കിയത് പോരെ, ഇനി ഞാൻ നോക്കിക്കോളാം ”
കിട്ടിയ അവസരം മുതലാക്കി അച്ഛൻ ലച്ചുവിന്റെ നേരെ ചാടി.
“എന്റെ തീരുമാനത്തിൽ മാറ്റല്ലാ
എനിക്കവളെ വേണം !
അവര് തമ്മിൽ കോർക്കുന്നത് ഒഴിവാക്കാനായി ഞാൻ അച്ഛനോട് പറഞ്ഞു.
“ഉറപ്പാണോ ?
“ആ ഉറപ്പാണ് !
“എന്നാ ഇവിടുത്തെ പൊറുതി മതിയാക്കിക്കോ. എന്നെ അനുസരിക്കാൻ പറ്റാത്തോര് ഇവിടെ വേണ്ടാ… !
അച്ഛൻ പറഞ്ഞത് കെട്ട് ഞെട്ടലോടെ അമ്മയും അച്ഛമ്മയും എന്നെ നോക്കി. പക്ഷെ ഞാനത് പ്രതീക്ഷിച്ചതായിരുന്നു.
“എന്താ ഗോപാലാ ഇജ്ജീ പറയണത് ഇവനെ ഇറക്കി വിട്ടാൽ പിന്നെ ചാവാൻ നേരത്ത് തുള്ളി വെള്ളം തരാൻ ആരാ നെനക്ക്?
അതുവരെ കാഴ്ചക്കാരിയായി നിന്ന അച്ഛമ്മ അച്ഛന് നേരെ തിരിഞ്ഞു.
“ആരെങ്കിലും ണ്ടാവും. മക്കളില്ലാത്തോരും മരിക്ക്നില്ലേ?
സമനില തെറ്റിയ അച്ഛൻ അലറി. പിന്നെ മുഖം പൊത്തി കൊണ്ട് സോഫയിലേക്കിരുന്നു.
“എന്നാ ഞാനും പോവും ഇവന്റെ കൂടെ