“അമ്മേടെ കൈപ്പുണ്യം തന്നെ ആണ് അപ്പൊ ഇവൾക്ക് കിട്ട്യേത് ”
ലച്ചുവിന്റെ വക അഭിനന്ദനം എത്തി.
“എത്രേം പെട്ടന്ന് നമുക്കിത് നടത്തണം ട്ടോ.. അമ്മേ.. ”
അമ്മുവിന്റെ അമ്മ വളരെ വിനീത ഭാവത്തിൽ ലച്ചുവിനോട് പറഞ്ഞു.അവർ തമ്മിൽ കുറച്ച് നേരം കൊണ്ട് തന്നെ നല്ല അടുപ്പം വന്നിട്ടുണ്ട്.
“എനിക്കിപ്പോ തന്നെ എന്റെ പെണ്ണിനെ കൊണ്ട് പോവാനാ കമ്പം. പക്ഷെ അച്ഛന്റെ ഉത്തരവ് കിട്ടണ്ടേ?
അത് പറയുമ്പോൾ വല്ലാത്തൊരു നിരാശ ലച്ചുവിന്റെ മുഖത്ത് നിഴലിച്ചിരുന്നു.
“അച്ഛൻ സമ്മതിക്കാതിരിക്കോ?
“ഏയ് ഇതൊക്കെ ഉൾക്കൊള്ളാൻ ഉള്ള പ്രയാസം കൊണ്ടാവും.സമ്മതിക്കുമെന്നെ നമുക്ക് കാത്തിരിക്കാം.. ”
ലച്ചു നെടുവീർപ്പോടെ പറഞ്ഞു നിർത്തി ഞങ്ങളെ മാറിമാറി നോക്കി.
സദ്യ കഴിഞ്ഞതോടെ ലച്ചു അവരുടെ ചരിത്രം ചികയാൻ തുടങ്ങി. ഓരോന്നും കൃത്യമായി ചോദിച്ചറിഞ്ഞു കൊണ്ട് അമ്മ അവരെ കൂടുതലറിഞ്ഞു.അമ്മുവാകട്ടെ അപ്പോഴും ലച്ചുവിനെ ചുറ്റിപറ്റിതന്നെ ഉണ്ടായിരുന്നു.അച്ഛനും ഉണ്ണിമാമയും വരുന്ന കാര്യം പറഞ്ഞപ്പോൾ അവൾ അന്ധാളിപ്പോടെ എന്നെ പാളി നോക്കി.
“നീ പേടിക്കണ്ട എല്ലാം ശരിയാവുന്ന വരെ ഇവിടെ നിന്നോ.. ”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ആ പിന്നേ, എനിക്ക് പറ്റൂല പൊന്നൂസിനെ കാണാതെ..
എന്നെ കൊന്നാലും ഞാൻ കൂടെ വരും.. ”
അവൾ അപ്പഴേക്കും ചിണുങ്ങാൻ തുടങ്ങിയിരുന്നു.
“എന്റെ അവസ്ഥ നിനക്കറിയൂലെ
ഇത് നമ്മടെ നല്ലതിന് വേണ്ടിയാ ”
പെണ്ണിന്റെ മുഖം കണ്ട് എനിക്കും സങ്കടം വന്നു.
“എടീ പെണ്ണെ നിന്റെ പൊന്നൂസിനെ സ്ഥിരമായിട്ട് നിനക്ക് തരാൻ വേണ്ടീട്ടാ എല്ലാരും പെടാപ്പാട് പെടുന്നെ”
ലച്ചു ഇടക്ക് കയറി അവളെ സമാധാനിപ്പിച്ചു.
“അവര് പറയുന്നത് കേക്ക് അമ്മൂ
കാണാൻ തോന്നുമ്പോ കണ്ണൻ ഇങ്ങോട്ട് വന്നോളും ”
കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായ അവളുടെ അമ്മ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ വിളിച്ചാ അപ്പൊ ഇവിടെ എത്തിക്കോണം.. കേട്ടല്ലോ.. ”
അവൾ നിബന്ധന വെച്ചു..
“പിന്നല്ല… പറന്നു വരും ഞാൻ ”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളെ ചിണുങ്ങി കൊണ്ട് എന്നെ കെട്ടിപിടിച്ചു.എന്നെ പരിസരബോധം പഠിപ്പിക്കുന്നവളുടെ പക്വത കണ്ട് ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
“ഇവറ്റകളെ ഒക്കെ ഒന്നിപ്പിച്ചില്ലെങ്കിൽ പിന്നെ ദൈവം ണ്ട് ന്നൊക്കെ പറയണത് വെറുതെ ആവും. !