“എന്നാ ഇതിനേക്കാൾ വേഗത്തിൽ എത്താമായിരുന്നു ”
എന്റെ മെല്ലെപ്പോക്കിനെ പരിഹസിച്ചു കൊണ്ട് അമ്മയുടെ മറുപടി എത്തി. അതിന് കോറസായി മറ്റവളുടെ ചിരിയും.
“അമ്മേ പിറന്നാളായിട്ട് ഒരു മുട്ടായി പോലും വാങ്ങി തന്നില്ല ദുഷ്ടൻ ”
അമ്മു പരാതിയുടെ കെട്ടഴിച്ചു.
“ഇവനല്ലെങ്കിലും മൺവെട്ടിയെ പോലാണ് പെണ്ണെ എല്ലാം അങ്ങോട്ടെ ഒള്ളൂ തിരിച്ചൊന്നും ഇല്ലാ… ”
“ദേ ഈ ഷർട്ട് ഞാൻ കഴിഞ്ഞ പിറന്നാളിന് വാങ്ങി കൊടുത്തതാ എന്നിട്ടാണ്.. എനിക്കൊന്നും തരാത്തെ ”
അമ്മുവിന് ടോപ്പിക്ക് വിടാനുള്ള ഉദ്ദേശമില്ല
“അങ്ങനെ നോക്കാണെങ്കിൽ ഞാൻ നിനക്കെന്തൊക്കെ വാങ്ങി തന്നിട്ട്ണ്ടെടീ തെണ്ടീ.. അതൊക്കെ നീ മറന്ന് പോയോ?
അല്ല പിന്നെ അവളുടെ ഒരു പായാരം പറച്ചിൽ
“അയ്യ! ഒന്നൂടെ പറഞ്ഞെ, സ്വന്തം പൈസക്കൊന്നും അല്ലല്ലോ
നീ കൊണ്ട് കൊടുത്തു എന്ന് പറഞ്ഞ മതി. വാങ്ങിയത് ഞാനാ… ”
ഇത്രേം കാലം കൊണ്ട് നീ എന്നെ പറ്റിച്ച കണക്കെടുത്താ ഇത് പോലൊരു വണ്ടി വാങ്ങായിരുന്നു ”
തള്ള ഈ കൌണ്ടർ അടിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ചോദിച്ചു വേടിച്ച പോലെയായി.
“ഇല്ലമ്മേ എന്റേല് കണക്കില്ല, എന്റെ അധ്വാനത്തിന് കണക്കില്ലാ,എന്റെ ജീവിതത്തിന് കണക്കില്ലാ,
പക്ഷെ ഞാൻ തന്ന സ്നേഹത്തിന് കണക്ക്ണ്ട്, എന്റെലല്ലാ ഈശ്വരന്റേല് ”
ആവശ്യത്തിന് ദയനീയത മിക്സ് ചെയ്ത് നെടുനീളൻ ഡയലോഗ് പറഞ്ഞ് ഞാൻ മിററിലൂടെ അവരെ പാളി നോക്കി.അമ്മുവിന് അത് ഫീൽ ചെയ്ത മട്ടുണ്ട് അവളെന്നെ സഹതാപത്തോടെ നോക്കുന്നുണ്ട് പക്ഷെ ലച്ചുവിന്റെ മുഖത്ത് അങ്ങനെ യാതൊന്നും ഇല്ലാ..
“എന്ത് ഊളത്തരം കേട്ടാലും കണ്ണ് നിറക്കാൻ ഇങ്ങനെ ഒരുത്തി !
എടീ പെണ്ണെ ഇത് വാത്സല്യത്തില് മമ്മൂട്ടി പറഞ്ഞ ഡയലോഗ് ആണ്.അല്ലാതെ ഇത്രേം വല്യ ഡയലോഗ് പറയാനുള്ള ശേഷി ഒന്നും ഇവനില്ല. ഇപ്പഴും അക്ഷരമാല എഴുതിച്ചാ ഇവൻ തെറ്റിക്കും അതെനിക്കുറപ്പാ… ”
അതും പറഞ്ഞു കൊണ്ട് ലച്ചു കുലുങ്ങി ചിരിക്കാൻ തുടങ്ങി.ഇനി അങ്ങനെ ഓസിന് കൗണ്ടർ അടിച്ചു തടിച്ചി ആളാവണ്ട. ഞാൻ ഇനി മിണ്ടാതിരുന്നാൽ പോരെ!.
പിന്നെ അധികം സംസാരം ഒന്നും ഉണ്ടായില്ല അവിടെ എത്തിയപ്പോൾ സമയം പത്തുമണി ആയിരുന്നു. അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്ന് ഞങ്ങളെ സ്വീകരിച്ചു കൊണ്ട് പോയി. ലച്ചുവിനോടുള്ള അവരുടെ പെരുമാറ്റം വളരെ കരുതലോടെയായിരുന്നു.പക്ഷെ സംസാരത്തിലൂടെ തടിച്ചി അവരെയൊക്കെ ചാക്കിലാക്കി.അതിന് പണ്ടേ പ്രത്യേക മിടുക്കാണ് അമ്മച്ചിക്ക്.
അമ്മു പറഞ്ഞേൽപ്പിച്ചതെല്ലാം അതെ പോലെ അവിടെ റെഡി ആയിട്ടുണ്ടായിരുന്നു.നല്ല ഉഗ്രൻ പിറന്നാൾ സദ്യ !