“ഹാ, ഹാ, നടന്നത് തന്നെ…ആ, പിന്നെയാ ചേട്ടന്റെ പേര് അക്ഷയ്, അക്ഷയ് മേനോൻ. നാൾ എനിക്കറിയില്ല ട്ടോ.” അവൾ ശോഭനയുടെ താടി പിടിച്ചു കൊഞ്ചി.
വൈകീട്ട് ദിവ്യയെ പുറത്തു കണ്ടപ്പോൾ സൂസി ചോദിച്ചു,
“ഇന്ന് നീ പോയില്ലെടീ ജോലിക്ക്?”.
“ഇല്ലേച്ചി, നല്ല സുഖമില്ലായിരുന്നു..”
“പിന്നേതാ ഒരു പയ്യൻ വന്നിരുന്ന്?”
സൂസി അങ്ങനാണ് ,ഒളിച്ചു കളിയൊന്നും ഇല്ലാ..
“ആ അതോ…അവൻ എന്റെ ബന്ധത്തിലുള്ളൊരു പയ്യനാ…പിന്നെ ടിവി ചെറിയ കംപ്ലയിന്റ്, അതൊന്നു നോക്കാൻ കൂടി ആയി വന്നതാ..”
“ആ ടെലിവിഷൻ പെട്ടി റിപ്പയർ ചെയ്തപ്പോ നിന്റെ സൂക്കേട് മാറിയോ?”
ദിവ്യയുടെ മറുപടിക്കായി ഇതെല്ലാം ജനവാതിലിലൂടെ കണ്ടോണ്ടിരുന്ന ശോഭന കാത് കൂർപ്പിച്ചു.
“ആ അവൻ മിടുക്കനാ, എല്ലാം ശെരിയാക്കി ….പിന്നെ ഗോപാലേട്ടൻ ഇന്ന് രാവിലെ വന്നില്ലേ…കറക്കാൻ??”
സൂസി ഒന്ന് ഞെട്ടുന്നതും, ദിവ്യയോട് എന്തോ പറഞ്ഞു സ്ഥലം കാലിയാക്കുന്നതും കണ്ടു ശോഭനക്ക് ചിരി പൊട്ടി.
എന്നാലും ആ പയ്യൻ ഇവളുടെ ആരായിരിക്കും…..
###
“ആരാ??”
ലളിത പുറത്തു വന്നു നോക്കി. അവിടെ നിൽക്കുന്ന ആളെക്കണ്ടു അവർ അന്ധാളിചു.
“എന്താ സജിത്തേ..ചന്ദ്രേട്ടൻ ഇവിടില്ലലോ”.
“അതെന്താ ലളിതേച്ചീ, ഞാൻ അന്യനാണോ, എനിക്കിവിടെ വരാൻ പാടില്ലേ? പറഞ്ഞു വരുമ്പോൾ നമ്മൾ ബന്ധുക്കളല്ലേ? ”
“അയ്യോ, അതല്ലാ…സജിത്തിനെ കണ്ട കാര്യം ചന്ദ്രേട്ടൻ പറഞ്ഞിരുന്നു.”
പറഞ്ഞതിന് ശേഷമാണ് ലളിതക്കു അതു വേണ്ടിയിരുന്നില്ല എന്ന് തോന്നിയതു.
“ആ ചന്ദ്രേട്ടൻ പറഞ്ഞുവല്ലേ…, ഞാൻ വെറുതെ പറഞ്ഞതല്ല കേട്ടോ, രഞ്ജിത്തിനെ അക്കരയെത്തിക്കേണ്ട കാര്യം ഞാനേറ്റു..”