ഫ്രഷേഴ്‌സ് ഡേ ആയതുകൊണ്ട് മാത്യു കാറെടുത്തിട്ടായിരുന്നു വന്നത്… ഞങ്ങൾ രണ്ടുപേരെയും കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് വിട്ടു…
രണ്ടു പേരുടെയും മുറിവുകളിലെല്ലാം മരുന്ന് വെച്ച് ഡ്രസ് ചെയ്തു… ആദിയോട് ഒരു രണ്ടു മൂന്ന് ദിവസം റെസ്റ്റ് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു…
അങ്ങനെ ഞങ്ങൾ അവരെയും കൊണ്ട് വീട്ടിലേക്ക് വിട്ടു… മെയിൻ റോഡിൽ നിന്ന് ഒരു നൂറു മീറ്റർ ഉള്ളിലേക്ക് ഒരു പോക്കറ്റ് റോഡിലൂടെ കടന്ന് ഞങ്ങൾ ആദിയുടെ വീട്ടിലെത്തി….റോഡിന്റെ ഇരു സൈഡിലും വലിയ കാപ്പി തോട്ടങ്ങളായിരുന്നു… ആ ഭാഗത്ത് ആകെ രണ്ടു വീടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഒന്ന് ആദിയുടെയും മറ്റൊന്ന് സൽമാന്റെയും…
ആദിയുടേത് വീട് പഴയ ഇല്ലം/തറവാട്ടു മാതൃകയുടെ ഒരു മോഡേണ് പതിപ്പായിരുന്നു…അവരുടെ വീട്ടിൽ നിന്നും ഒരാറു മീറ്റർ മാറി വിശാലമായ മൂന്ന് ബാൽകണികളോട് കൂടിയ ഒരു ഒരു ഇരുനില വീട്.. രണ്ടു വീടിനെയും ചുറ്റി ഒരൊറ്റ ചുറ്റുമതിലും ഇരു വീട്ടിലേക്കും കയറാനായി രണ്ട് വലിയ ഗേറ്റും ഉണ്ടായിരുന്നു…
ഞങ്ങൾ ആദിയുടെ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്കെത്തി…. നേരത്തെ ഉണ്ടായിരുന്ന അവശതയെല്ലാം മാറിയതിനാൽ അവൻ തനിയെ നടന്ന് വീട്ടിനുള്ളിലേക്ക് കയറി….ഞങ്ങളോട് കയറിയിരിക്കാൻ പറഞ്ഞ് അവന്റെ അമ്മയും ഉള്ളിലേക്ക് കയറി പോയി….
ഞങ്ങൾ വീടിന്റെ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു…അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു വീടിനെയും പാർടീഷൻ ചെയ്യുന്ന മതിലോ വേലിയോ ഒന്നും തന്നെയില്ല രണ്ടു വീടിനും കൂടി ഉള്ളത് വിശാലമായ ഒരു മുറ്റം. അത് മുഴുവൻ ഇന്റര്ലോക്ക് പാകി മതിലിന്റെ സൈഡിൽ പല വിധത്തിലുള്ള ചെടികൾ കൂടകളിലാക്കി വെച്ചിരിക്കുന്നു.. അത് ആ വീടുകളുടെ ഭംഗി വർധിപ്പിച്ചു..
രണ്ടു വീടിനും ഓരോ ഗേറ്റ് വച്ചിരിക്കുന്നത് പോയ്‌വരാനുള്ള സൗകര്യത്തിനാണെന്ന് മനസ്സിലായി…
സൽമാന്റെ വീടിന് പുറത്ത് നിന്ന് നോക്കുമ്പോൾ നല്ല വലിപ്പം തോന്നിക്കുമെങ്കിലും ആർഭാടങ്ങൾ അധികമൊന്നുമില്ലാത്ത ഒതുങ്ങിയ ഒന്നായിരുന്നു…
അങ്ങനെ ആദിയുടെ അമ്മ ഉണ്ടാക്കി തന്ന ജ്യുസും കുടിച്ച് കുറച്ചു നേരം അവന്റെ ഒപ്പം ചിലവഴിച്ച് ഞങ്ങൾ അവിടെ നിന്നുമിറങ്ങി…
അവന്റെ മുഖത്ത് അപ്പോഴും ഒരു പരിഭ്രമം കണ്ടതുകൊണ്ട് അവനോട് അന്നത്തെ സംഭവത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല….
ഞങ്ങൾ തിരിച്ച് കോളേജിലെത്തി….അന്ന് അടി നടന്ന കാര്യം കോളേജ് മൊത്തം പാട്ടായിരുന്നു…
അധികം ആൾക്കാരും അടി നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നെങ്കിലും കാരണം മാത്രം ആരും ഞങ്ങൾക്ക് പറഞ്ഞ് തന്നില്ല…..
അതൊന്ന് അറിയാൻ വേണ്ടി ഞങ്ങളവസാനം ആ തല്ലിയവന്മാരുടെ തന്നെ ക്ലാസിലുള്ള കുറച്ച് നിഷ്‌കു ചേട്ടന്മാർ ഉണ്ടായിരുന്നു. അവരുടെ അടുത്തേക്ക് പോയി….
ഞങ്ങൾ കോളേജിലേക്ക് വരുമ്പോൾ അവരും കോളേജ് ഗേറ്റിനടുത്ത് നിൽക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. അവരോട് തന്നെ പോയി കാര്യം തിരക്കി…