മടിയായിരുന്നു.കോളേജിൽ പോയി തുടങ്ങിയതിൽ പിന്നെയാണ് ഈ നാണം ഒക്കെ മാറിയത്. അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുന്നതിനിടെ എന്റെ മുന്നിലുള്ള അമ്മുവും വിഘ്‌നേശ്വരനെ വണങ്ങി മുന്നോട്ട് നീങ്ങി. അവള് കാണാതെ നൈസ് ആയിട്ട് കൈ കൂപ്പി മുങ്ങാൻ നോക്കിയ ഞാൻ പിടിക്കപ്പെട്ടു.എന്നെ നോക്കി നിക്കുവാണ് പെണ്ണ്.അങ്ങനെ ആദ്യമായി ഞാൻ വിഘ്‌നേശ്വരന്റെ മുന്നിൽ തല കുമ്പിട്ടു വണങ്ങി.ചെയ്തു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ചാരിതാർഥ്യമായിരുന്നു എനിക്ക്. തിരുമേനിയിൽ നിന്ന് തീർത്ഥം വാങ്ങി പ്രദക്ഷിണം പൂർത്തിയാക്കി ഞാൻ പുറത്തിറങ്ങി.
“അവിടെ നിന്നേ.. “
എനിക്ക് പിന്നാലെ പുറത്തിറങ്ങിയ അമ്മു പിറകിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ നടത്തം നിർത്തി. അവൾ അല്പം വേഗത്തിൽ നടന്ന് വന്ന് എന്റെ നെറ്റിയിൽ ചന്ദനക്കുറി വരച്ചു തന്നു.
“അമ്പലത്തിൽ കേറീട്ട് കുറിയിടാതെ പുറത്തിറങ്ങുന്ന
ഏക ജീവിയാണ് ന്റെ മോൻ…”
ലച്ചുവിന്റെ വക കമന്റ്.
“ഓഹ് ഞാൻ നന്നായില്ലെങ്കിലും നിങ്ങളൊക്കെ നന്നായാ മതി….”
ഒറ്റപെട്ടു പോയ ഞാൻ ചെറുത്തു നില്പിന് ശ്രമിച്ചു.
“ആഗ്രഹങ്ങളൊക്കെ പൂർത്തിയാവാണെങ്കില് ഈശ്വരൻ തന്നെ കനിയണം കുട്ട്യേ..”
അച്ഛമ്മ എന്നെ നോക്കികൊണ്ട് പതിയെ പറഞ്ഞു.നടി ഉദ്ദേശിച്ചത് മനസ്സിലായത് കൊണ്ട് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.
അതിനിടെ അമ്മു ഉള്ളിൽ നടന്നതൊക്കെ അത് പൊലെ ലച്ചുവിന്റെ ചെവിയിൽ ഓതികൊടുക്കുന്നുണ്ടായിരുന്നു.ഇവളുടെ ഈ സ്വഭാവം എത്രയും പെട്ടന്ന് നിർത്തിയില്ലെങ്കിൽ പണിയാണല്ലോ.?
ഞാൻ മനസ്സിൽ ഓർത്തു.
“കഷ്ടം..!
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലച്ചു എന്റെ നേരെ കൈമലർത്തി.പിന്നെ അമ്പലമുറ്റത്തിന് പുറത്തേക്ക് കടന്ന് ചെരുപ്പിട്ട് അമ്മുവിനെയും കൊണ്ട് നടത്തം തുടങ്ങി.വീട്ടിലെത്തിയപ്പോഴേക്കും നന്നായി വിശന്നിരുന്നു.ചായ
കുടിക്കാനുള്ള ഒരുക്കങ്ങൾക്കായി ലച്ചുവും അമ്മുവും അടുക്കളയിലേക്ക് പോയി.ഉമ്മറത്ത് ഞാനും അച്ഛമ്മയും തനിച്ചായി.
ഇത് തന്നെ അവസരം !
പുറത്തേക്ക് നോക്കിയിരിക്കുന്ന ലക്ഷ്മികുട്ടിയുടെ അടുത്തേക്ക് കസേര നീക്കിയിട്ടുകൊണ്ട് ഞാൻ ചേർന്നിരുന്നു. അച്ഛമ്മ മോണ കാട്ടി ചിരിച്ചു കൊണ്ട് എന്റെ തലയിൽ കൈ ഉയർത്തി തഴുകി.
“അച്ഛമ്മ, എന്നെ ഒരു മോശം ചെക്കനായി കാണരുത് ട്ടോ.. ”
ഞാൻ അച്ഛമ്മയുടെ ചുളിഞ്ഞുണങ്ങിയ കൈ എന്റെ കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും ആ മുഖത്തേക്ക് നോക്കാൻ ഞാൻ അശക്തനായിരുന്നു.
“ഒക്കെ അന്റമ്മ പറഞ്ഞു… തെറ്റ് പറ്റ്യേത് ഇക്കാണ്.. ചെറിയ മകനല്ലേന്ന് കരുതി കൊഞ്ചിച്ചത് കൊറച്ചേറി…. “