❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Posted by

“എടാ കുഞ്ഞേ എല്ലാ പെണ്ണുങ്ങളും ഇത് പോലെ തന്നേ ആണ്. ഇതിലേറെ നല്ല കുട്ടിയല്ലേ നമ്മടെ ശ്രീക്കുട്ടി….”

“അതൊക്കെ അച്ഛന് തോന്നുന്നതാ ഇവളെപ്പോലെ വേറെ ആരും ഇല്ലാ.. !

ഞാൻ അനുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“അവളങ്ങ് ചത്തു പോയാൽ നീ എന്ത് ചെയ്യും..?

അച്ഛൻ അടക്കി പിടിച്ച ദേഷ്യം അറിയാതെ പുറത്തേക്ക് ചാടി.

“ചത്തു കഴിഞ്ഞാലും ജീവിക്കാനുള്ള സ്നേഹം ഇവളെനിക്ക് ഇപ്പഴേ തന്നിട്ടുണ്ട്..!

“അപ്പൊ നിന്റെ തന്തേം തള്ളേം തന്നതൊന്നും സ്നേഹം അല്ലേ ?
ഉടനടി മറു ചോദ്യമെത്തി.

“അതും സ്നേഹം തന്നേ.. എന്നാലും ഒരു ഭാര്യയുടെ സ്നേഹം അത് വേറെയല്ലേ…?

“ഓ അപ്പൊ ഭാര്യയായി സ്വയം തീരുമാനിച്ചു കഴിഞ്ഞു അല്ലേ?
എന്റെ വീടിന്റെ പടി നീ കടക്കൂല നായെ.. !

“വേണ്ടാ ഞങ്ങള് വേറെ എവിടേലും പോയി ജീവിച്ചോളാം..”

എന്റെ തോളിലേക്ക് മുഖം വെച്ച് കിടക്കുന്ന അമ്മുവിനെ നോക്കിയപ്പോൾ എന്റെ സ്വരം തനിയെ ശാന്തമായി

“അവസാനമായിട്ട് ചോദിക്കാണ് നിനക്ക് നിന്റെ തന്തേം തള്ളേം വേണോ ആ അഴിഞ്ഞാട്ടക്കാരിയെ വേണോന്ന് ഇപ്പൊ പറയണം.. !

“എന്നെ വിശ്വസിച്ച് എന്റെ കൂടെ കിടന്ന പെണ്ണാണ്.. ഇവളെ ഉപേക്ഷിക്കണമെങ്കിൽ ഞാൻ ചാവണം.. !

അത് പറയുന്നതോടൊപ്പം എന്നെ പേടിയോടെ നോക്കി കിടക്കുന്ന അനുവിന്റെ നെറ്റിയിൽ എന്റെ ചുണ്ടുകൾ അമർന്നു.

“അവളെങ്ങനെ പലരുടേം കൂടെ കിടന്നിട്ടുണ്ടാവും.. കൊറച്ച് കഴിഞ്ഞാൽ നിന്നെ വിട്ട് അവള് വേറാരുടേലും ഒപ്പം പോവും.. ”

ഫോൺ സ്പീക്കറിലിട്ടതിൽ എനിക്ക് ആദ്യമായി കുറ്റബോധം തോന്നി.. അച്ഛന്റെ വാക്കുകൾ എന്നിൽ ഒരു തരം അറപ്പുളവാക്കി. ഇതെല്ലാം കേട്ടിട്ടും അമ്മു നിശബ്ദമായി കണ്ണീർ പൊഴിച്ച് കൊണ്ട് എന്നെ നോക്കി ചിരിക്കാൻ ഒരു വിഫല ശ്രമം നടത്തി.

“എന്റെ പെണ്ണിനെ പറ്റി അനാവശ്യം പറഞ്ഞാൽ തന്തയാണെന്നൊന്നും ഞാൻ നോക്കൂല….പറഞ്ഞേക്കാം.. !

പിന്നെയും എന്തോ പറയണമെന്നുണ്ടായിരുന്നെങ്കിലും അപ്പോഴേക്കും പെണ്ണ് എന്റെ വായ പൊത്തി കഴിഞ്ഞിരുന്നു.

മറുതലക്കൽ അച്ഛൻ ഫോൺ കട്ടാക്കി കഴിഞ്ഞിരുന്നു.പറഞ്ഞത് ഇത്തിരി കൂടിപ്പോയോ?
ഏയ് അമ്മാതിരി തറ വർത്തമാനം അല്ലെ അങ്ങേരു പറഞ്ഞത്.

“ഏട്ടന്റെ മുത്ത് വാടാ…
ഇതൊന്നും കേട്ട് വിഷമിക്കണ്ടാ ട്ടൊ…!

Leave a Reply

Your email address will not be published. Required fields are marked *