ഇതെങ്ങനെ അറിഞ്ഞു…?
അവൾ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു…
“നിന്നെ ഞാനെന്നോ മനഃപാഠമാക്കിയതാ പെണ്ണെ….. “
“പൊന്നൂസ് സമ്മതിക്കോ…?
കുറച്ച് നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം
എന്റെ തോളിൾ കീഴ്ത്താടി കുത്തി കൊണ്ടവൾ പതിയെ ചോദിച്ചു..
“പിന്നെന്തിനാ മുത്തേ ഏട്ടൻ ജീവിച്ചിരിക്കുന്നെ..?
ഹാന്ഡിലിൽ നിന്ന് ഇടത്തെ കൈ പിന്നിലേക്ക് കൊണ്ട് പോയി അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
അതിന് മറുപടിയായി അവളൊന്നും പറഞ്ഞില്ല.പകരം ഒന്ന് കൂടി അടുത്തേക്കിരുന്ന് എന്നെ വരിഞ്ഞു മുറുക്കി. എന്റെ കവിളിൽ മുഖമമർത്തി കണ്ണടച്ചിരുന്നു.ഇടക്ക് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർതുള്ളികൾ അവൾ ഉറങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തി.അവളുടെ ഉടുമ്പ് പിടുത്തത്തിൽ എനിക്ക് ചെറുതായി ശ്വാസം മുട്ടിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. വീട്ടിലെത്തിയപ്പോഴാണ് പെണ്ണ് പിടുത്തം വിട്ടത്. ഉമ്മറത്ത് ലച്ചുവിനെ കണ്ടപ്പോൾ അവൾ അകന്നിരുന്നു.
“നീയിതിനെ പിന്നേം കരയിച്ചൂ ലെ ?
ഉമ്മറത്തേക്ക് കയറിയ അവളുടെ മുഖം കണ്ട് ലച്ചു എന്റെ നേരെ കയ്യോങ്ങി…
“ഞാനൊന്നും ചെയ്തില്ലമ്മെ..
ഞാൻ കൈമലർത്തി…
“അമ്മേടെ മോള് വാടാ…
ഈ കോന്തൻ കരയിച്ചോ… സാരല്ല ട്ടോ…..
അമ്മേടെ പൊന്നുമണി കരയണ്ട…..”
ലച്ചു കൊച്ചു കുഞ്ഞുങ്ങളെപ്പോലെപ്പോലെ അവളെ കൊഞ്ചിച്ചു കൊണ്ട് നെറ്റിയിൽ ഉമ്മ വെച്ചു കെട്ടിപിടിച്ചു.ക്ഷണത്തിനു കാത്ത് നിന്ന പോലെ അനു അമ്മയെ ചുറ്റി വരിഞ്ഞു കൊണ്ട് ഒതുങ്ങി നിന്നു.
ഒരു പെൺകുട്ടി ഇല്ലാതെ പോയതിന്റെ നിരാശ തടിച്ചിക്ക് ഇപ്പൊ മാറിയിട്ടുണ്ടെന്ന് തോന്നുന്നു.കാട്ടികൂട്ടലൊക്കെ വെച്ച് നോക്കിയാൽ എന്നെക്കാൾ ഇഷ്ടാണ് ലച്ചുവിനിപ്പോ അമ്മുവിനെ..
കാണാനൊത്തിരി ആഗ്രഹിച്ച ആ സുന്ദരമായ കാഴ്ച ആസ്വദിച്ചു കൊണ്ട് ഞാൻ ഉള്ളിലേക്ക് കയറി..
അച്ഛമ്മയെ അന്വേഷിച്ചപ്പോ ഉറങ്ങിയെന്നു പറഞ്ഞു. ശരിക്കും ഉറങ്ങീട്ട്ണ്ടോ അതോ അഭിനയിച്ചു കിടക്കാണോന്ന് ആർക്കറിയാം…