എന്റെ അഭിപ്രായം ഒന്നും കിട്ടാത്തതിനാൽ അമ്മു അസ്വസ്ഥയായിരുന്നു. അമ്മുവിന്റെയും ചിന്നുവിന്റെയും നടുവിലാണ് ഞാൻ കഴിക്കാൻ ഇരിക്കുന്നത്. അതിനിടെ അച്ഛമ്മയും ലച്ചുവും കൂടെ പുകഴ്ത്തിയപ്പോൾ അവൾക്ക് അസ്വസ്ഥത കൂടിയത് ഞാൻ ശ്രദ്ധിച്ചു.ആകാംഷയോടെ എന്നെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു.
“അതൊന്ന് കഴിച്ചോട്ടെ ചേച്ചി,
നോക്കി ശല്യപ്പെടുത്താതെ.. !
ചിന്നു എല്ലാം കാണുന്നും നോട്ട് ചെയ്യുന്നുമുണ്ട്.
“പോടീ…
ചിന്നുവിന്റെ ഡയലോഗ് ഇഷ്ടപ്പെടാതെ അവൾ കുറുമ്പൊടെ മുഖം വെട്ടിച്ചു.പിന്നെ കഴിച്ച് തീരുന്നത് വരെ എന്നെ നോക്കിയതേ ഇല്ലാ..
സാധാരണ എല്ലാവർക്കും മുന്നേ കഴിച്ചെണീക്കാറുള്ള ഞാൻ അന്ന് മനഃപൂർവം വൈകിപ്പിച്ചു പ്ലേറ്റിൽ ചിത്രം വരച്ചു കൊണ്ടിരുന്നു.അമ്മു പിന്നെ പണ്ടേ അരമണിക്കൂർ എടുക്കും കഴിച്ച് തീരാൻ.എല്ലാവരും എണീറ്റ് പോയപ്പോൾ
ഞാനും അവളും മാത്രമായി.ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി കൊണ്ട് ഞാൻ അടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ ഉമ്മവെച്ചു.
“സൂപ്പറായിട്ട്ണ്ട് കുഞ്ഞൂ…”
“ആ പെണ്ണ് കാണും…..!
അവൾ എന്നെ തള്ളി മാറ്റിയെങ്കിലും എന്റെ പ്രവർത്തി അവൾക്ക് നല്ലോണം ബോധിച്ചിട്ടുണ്ടെന്ന് ആ മുഖത്ത് നിന്ന് മനസ്സിലായി.കഴിച്ച് തീർത്ത് എന്റെ പ്ലേറ്റും വാങ്ങി അവൾ എണീറ്റു അടുക്കളയിലേക്ക് പോയി.ഞാൻ വാഷ് ബേസിനടുത്തേക്കും !
ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിലാണ്.അച്ഛമ്മ ടൈൽസിട്ട നിലത്ത് കിടന്ന് മയങ്ങുന്നുണ്ട്.ലച്ചു സോഫയിൽ ചാരി ഇരുന്ന് മടിയിൽ തലവെച്ചു കിടക്കുന്ന അമ്മുവിനെ തലോടിക്കൊണ്ടിരിക്കുന്നു.ചിന്നുവും ഞാനും അവരുടെ എതിർ ദിശയിൽ ചുമരിൽ ചാരി ഇരുന്ന് ഫോണിൽ ലുഡോ കളിച്ചു കൊണ്ടിരിക്കുന്നു.ഫാൻ ഹൈസ്പീഡിൽ കറങ്ങുന്നുണ്ട് .എല്ലാരും വയറു നിറച്ചു ഭക്ഷണം കഴിച്ചതിന്റെ ആലസ്യത്തിൽ ഇരിക്കുമ്പോഴാണ് ലച്ചുവിന്റെ ഫോൺ ശബ്ദിക്കുന്നത്.
“അച്ഛനാടാ…. “
ലച്ചു എന്റെ നേരെ ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.പതിവില്ലാത്ത ഒരു പരിഭ്രമം ആ മുഖത്തുണ്ട്.
“എണീറ്റെ പെണ്ണേ.. അച്ഛൻ വിളിക്കുന്നുണ്ട്.. ”
മടിയിൽ കിടന്ന് മയങ്ങിപ്പോയ അനുവിനെ പിടിച്ചെഴുന്നേല്പിച്ചു കൊണ്ട് ലച്ചു സോഫയിൽ നിന്നെണീറ്റു.ഉറക്കം മുറിഞ്ഞതിന്റെ നിരാശയിൽ അമ്മു എല്ലാരേയും ഉറ്റുനോക്കി. അച്ഛന്റെ കോൾ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല..
“വരുന്നത് വരട്ടെ ഞാൻ എല്ലാം പറയാൻ പോവാട്ടോ..
ആരാ ആളെന്ന് ചോദിച്ച് എനിക്കൊരു സ്വൈര്യം തരുന്നില്ല”
ലച്ചു എന്നെ നോക്കി പറഞ്ഞു…