“ഞാൻ മനപ്പൂർവം തോറ്റു തന്നതാ തള്ളേ മോളോട് ചോദിച്ചു നോക്ക് !
“അയ്യേ നാണമില്ലല്ലോ തോറ്റിട്ട് കള്ളത്തരം പറയാൻ
പോയി കളി പഠിച്ചിട്ട് വാ.. !
എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മുവാണ് അത് പറഞ്ഞത്.ഒരു മിനിറ്റ് മുൻപ് കണ്ട ഭാവം ഒന്നും അല്ല പെണ്ണിന്റെ മുഖത്ത്..ലച്ചുവിന്റെ കൂടെ ചാടി തുള്ളികൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.
“മഹാമനസ്കത കാട്ടീട്ടിപ്പോ എന്തായി… തൃപ്തിയായല്ലോ? ”
എന്റെ തലക്ക് പിടിച്ച് തള്ളി കൊണ്ട് ചിന്നു ഉറഞ്ഞു തുള്ളി…
“പോട്ടെ പെണ്ണേ.. ഇനിയൊരവസരം കിട്ടിയാ നമ്മളവരെ കണ്ടം വഴി ഓടിക്കും!
അവളുടെ തോളിലൂടെ കയ്യിട്ട് അടുക്കളയിലേക്ക് നടക്കുന്നതിനിടെ ഞാൻ ചിന്നുവിനെ സമാധാനിപ്പിച്ചു.
പെണ്ണിന്റെ ബിരിയാണി അടിപൊളിയായിരുന്നു പക്ഷെ ഞാനത് പരസ്യമായി പറയാനൊന്നും പോയില്ല. ലച്ചുവിന് ഈഗോ അടിക്കേണ്ട എന്ന് വിചാരിച്ചു.പത്തിരുപതു വർഷം വെച്ച് വിളമ്പി തരുന്ന അമ്മയുടെ പാചകത്തിനെ കുറിച്ച് ഒരു നല്ലവാക്ക് പോലും പറയാത്ത മക്കൾ ഇന്നലെ വന്ന് കയറിയ ഭാര്യയുടെ പാചകം പുകഴ്ത്തുമ്പോൾ അവരുടെ മാനസികാവസ്ഥ ഊഹിച്ചു നോക്കിയിട്ടുണ്ടോ..
ശുദ്ധ നെറികേടാണത് !
എന്റെ ഭാഗം കൂടെ ചിന്നു പറയുന്നുണ്ടായിരുന്നു.കഴിപ്പ് തുടങ്ങിയപ്പോ മുതൽ തീരുന്നത് വരെ അവൾ അമ്മുവിനെ പ്രശംസിച്ചു കൊണ്ടിരുന്നു.ഇടക്ക് എന്റെ പ്ലേറ്റിലും കയ്യിട്ട് വാരി പെണ്ണ്..
“ദാ ഇതിലിഷ്ടം പോലെ ഉണ്ട് പെണ്ണേ…. “
എന്റെ പ്ലേറ്റിൽ കയ്യിട്ട് വാരി തിന്നുന്നത് കണ്ടപ്പോൾ ലച്ചു ബിരിയാണി പാത്രം അവളുടെ അടുത്തേക്ക് നീക്കി..
“അയ്യോ അത് കൊണ്ടല്ല.. എനിക്കിങ്ങനെ ചെയ്യാനൊന്നും വേറെ ആരും ഇല്ലാ..സോറി… ”
ചിന്നു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവളുടെ പ്ലേറ്റിലേക്ക് തല താഴ്ത്തി.അത് കേട്ടപ്പോൾ എല്ലാർക്കും വല്ലാതെ ഫീലായെന്ന് അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
“ഏട്ടന്റെ കാന്താരി വാ തുറന്നെ…”
ഞാൻ കയ്യിൽ ഉരുളയെടുത്തുകൊണ്ട് അവൾക്ക് നേരെ നീട്ടി.അവൾ നിറ കണ്ണുകളോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് അത് സ്വീകരിച്ചു.
“നിനക്കെപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാം ഇത് നിന്റെ സ്വന്തം വീടാണ്. ഞാൻ സ്വന്തം എട്ടനും.ഏത് ആവശ്യവും ഞാൻ നടത്തി തരും..
ഇനി എന്നോട് പറയാൻ പറ്റാത്ത കാര്യങ്ങളാണെങ്കിൽ അമ്മയോടും ചേച്ചിയോടും പറയാം…
കേട്ടല്ലോ..!
ഞാൻ ലച്ചുവിനെയും അമ്മുവിനെയും ചൂണ്ടി പറഞ്ഞു കൊണ്ട് അവളുടെ മൂർദ്ധാവിൽ തലോടി.അവൾ തലയാട്ടി സമ്മതം അറിയിച്ചു.
ലച്ചുവും അച്ഛമ്മയും അമ്മുവും എല്ലാം ആ കാഴ്ച മിണ്ടാതെ നോക്കിയിരിക്കുകയായിരുന്നു.ഇടക്ക് ലച്ചു സാരി തലപ്പ് കൊണ്ട് കണ്ണ് തുടക്കുന്നതും ഞാൻ ശ്രദ്ധിച്ചു…