“അതെ ഗോവിന്ദ്,നേരിട്ട് ഇറങ്ങുന്നില്ല
എന്നേയുള്ളു.പക്ഷെ അയാൾ എല്ലാം മിനിറ്റ് വച്ചറിയുന്നുണ്ട്.ശംഭുവിനെ എന്തിന് എന്നെനിക്കറിയില്ല.പക്ഷെ സത്യം അതാണ്.മാധവനില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമം നടത്തിയത് പോലും ശംഭുവിനെ തീർത്തു വീണയെ കടത്താൻ വേണ്ടി ആയിരുന്നു.പക്ഷെ അന്നത് നടന്നില്ല,
അതുകൊണ്ടാണ് പിന്നീട് നമ്മളെ തേടി വന്നതും.”
“എനിക്കൊന്നും മനസിലാകുന്നില്ല വില്ല്യം.ഞാൻ ദത്തുപുത്രനായിരിക്കാം
പക്ഷെ അയാളുടെയും നമ്മുടെയും ലക്ഷ്യങ്ങൾ ഒരേ ദിശയിലല്ലെ?ആ സ്ഥിതിക്ക് ഒന്നിച്ചുനിൽക്കുന്നതാണ് നല്ലതും.ശംഭുവിന്റെ കാര്യം എന്തും ആവട്ടെ,പക്ഷെ വീണ……അവളെ എന്തിന്?”
“അതിനെക്കുറിച്ചെനിക്കും ധാരണ ഇല്ല ഗോവിന്ദ്.ഞങ്ങളുടെ പദ്ധതി പ്രകാരമാണ് നിന്നെ തറവാട്ടിലേക്ക് വിട്ടതും,അമ്മാവനെ ക്ഷണിക്കാൻ പറഞ്ഞതും.ശംഭുവിനെ പുറത്ത് കിട്ടണം അതായിരുന്നു ഉദ്ദേശം.അത് നടന്നു കിട്ടി.പിന്നെ വീണയോടുള്ള നിന്റെ പക മുതലെടുക്കാനാണ് അയാൾ ശ്രമിച്ചത്.നിന്നിലൂടെയവളെ അയാൾക്കരികിലെത്തിക്കാം എന്ന് കരുതിക്കാണും.പക്ഷെ നീയിപ്പോൾ തറവാടിന് പുറത്തല്ലെ,അയാൾക്ക്
തറവാട്ടിനുള്ളിൽ നിൽക്കുന്ന ഗോവിന്ദിനെയായിരുന്നു ആവശ്യം.
ഒരു പ്രയോജനവുമില്ലാതെ നമ്മളെ കൂടെ നിർത്താൻ അയാൾക്ക് താത്പര്യം കാണില്ല.പിന്നെ നമ്മുടെ ബാധ്യത ഏൽക്കേണ്ടി വരുമോ എന്ന പേടിയും കാണും.”
“അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്
അവർക്കിടയിലെ പ്രശ്നം എന്തെന്ന് ഇതുവരെ നമ്മുക്കറിയില്ല.നിനക്ക് കോൺടാക്ട് ഉണ്ടെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അയാളെക്കുറിച്ച്
അറിയില്ല.അതെന്തുതന്നെയായാലും
ശംഭുവിനെയും വീണയെയും അയാൾ തീർക്കുമെങ്കിൽ നമ്മുക്ക് ലാഭമല്ലെ അളിയാ.അവളുടെ പേരിലുള്ളത് മുഴുവൻ ഇങ്ങ് പോരും.
നമ്മൾ ചെറിയൊരു തീപ്പൊരിയിട്ടുകൊടുത്താൽ മതി, ബാക്കി അവരായിക്കൊളും.”
“നിനക്ക് തെറ്റി ഗോവിന്ദ്.കാര്യം ശരിയാ വീണ മരിച്ചാൽ അവളുടെ പേരിലുള്ളത് നിനക്ക് കിട്ടും.പക്ഷെ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല.
ഒന്നാമത് അവളുടെ വീട്ടുകാർക്ക് നിന്നോടുള്ള വെറുപ്പ്,ഒപ്പം അവളുടെ മരണം കൂടിയായാൽ നിന്റെ ദിവസം എണ്ണപ്പെട്ടു എന്ന് കൂട്ടിയാൽ മതി.
പിന്നെ ദത്തുപുത്രന്റെ അവകാശം പറഞ്ഞുകൊണ്ട് മാധവന്റെ സ്വത്തിൽ അവകാശം സ്ഥാപിക്കാം
എന്നാണെങ്കിൽ നിന്നെ ഒഴിവാക്കാൻ മാധവൻ പോലും നിർബന്ധിതനാവും
കുടുംബത്തിലെ ആരുമല്ലാത്ത,ഏത് വയറ്റിൽ പിറന്നുവെന്നോ,ആര് ജനിപ്പിച്ചുവെന്നോ അറിയാത്ത നിന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന് നിന്റെ അമ്മാവൻ പോലും തീർത്തു പറഞ്ഞതല്ലേ.അതുകൊണ്ട് ഈ അവസരത്തിൽ വീണയെ ഒപ്പം നിർത്തുക എന്നതാണ് ഏക മാർഗം.”
“അവളെ കൂടെ നിർത്താൻ എന്താ ഒരു വഴി?”
“ആദ്യം നീയവളെ ചെന്ന് വിളിക്ക്.
വേണേൽ തെറ്റ് പറ്റി എന്ന് പറഞ്ഞ് ഒന്നല്പം താന്നുകൊടുത്തേക്ക്.
നിയമപ്രകാരം അവൾ നിന്റെ ഭാര്യയാ
ആ മറ്റവൻ അവളുമായി ഇടഞ്ഞു നിൽക്കുന്ന സമയവും.തത്കാലം അവൾ ചെയ്തതൊക്കെ മറക്കണം എന്നല്ല,ഒന്ന് കണ്ണടക്കണം”
“അവൾ വന്നില്ലെങ്കിൽ….അല്ല വരില്ല”