അല്ല.. !
പിന്നെ.?
ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു.
“അത് കണ്ണേട്ടന്റെ ലച്ചു ആണ്. ഏട്ടനും എന്നേക്കാൾ അല്ലെങ്കിൽ എന്റെ അത്രയും തന്നേ സ്നേഹിക്കുന്നുണ്ട് ലച്ചൂനെ. ഇല്ലാന്ന് പറയാൻ പറ്റുവോ?
അവൾ എന്നെ ഉറ്റുനോക്കി .
“ശരിയാണ്..
ഞാൻ തലകുനിച്ചുകൊണ്ട് ഉത്തരം നൽകി..
“ആണല്ലോ.. എന്നാ ആ അമ്മ എന്നെന്നേ സന്തോഷത്തോടെ സ്വീകരിക്കുന്നോ അന്നേ നമ്മടെ കല്യാണം കഴിയൂ… ”
അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു നിർത്തി.
കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടായെങ്കിലും അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ എതിർത്തില്ല.
“ഞാനിപ്പോ എന്ത് വേണോന്നാ കുഞ്ഞു പറയണേ?
ഞാനവളുടെ കവിളിൽ ഉമ്മവെച്ചു കൊണ്ടാണത് ചോദിച്ചത്
“പൊന്നൂസ് അമ്മയോട് പോയി എല്ലാം പറയണം..!
“സമ്മതിച്ചില്ലെങ്കിലോ?
“സമ്മതിക്കുന്നത് വരെ നമ്മള് കാത്തിരിക്കണം.എനിക്ക് കണ്ണേട്ടൻ മാത്രം പോരാ. ആ അമ്മേം അച്ഛനും വേണം.. !
അവൾ നെടുവീർപ്പോടെ പറഞ്ഞു നിർത്തി എന്നെ നോക്കി.
“നമുക്ക് രണ്ട് പേർക്കും കൂടി പോയി പറഞ്ഞാലോ…?
ഞാൻ അവളുടെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ പിന്നിലേക്കൊതുക്കി.ഒറ്റക്ക് പറയാൻ പേടിയുണ്ടായിട്ടല്ല.അവളുടെ ഭാഗം അവൾക്ക് നേരിട്ട് പറയാല്ലോ.എന്തിനെയും ഫേസ് ചെയ്യാൻ എനിക്കെപ്പോഴും ധൈര്യം തരുന്ന ലച്ചുവിനെ ഫേസ് ചെയ്യാനാണിപ്പോൾ ഈ ബുദ്ധിമുട്ട്. ജീവിതത്തിലെ ഓരോ അവസ്ഥകളെ.. !
“അയ്യോ എനിക്ക് പേടിയാ.. ഞാൻ വരൂല… ”
അത് പറയാൻ തന്നെ അവൾക്ക് ധൈര്യം പോരാ എന്നെനിക്ക് തോന്നി..
“ഒക്കെ ഞാൻ ഒറ്റക്ക് ഉണ്ടാക്കി വെച്ചതാണല്ലോ ല്ലേ..
ഞാൻ നീരസത്തോടെ ചോദിച്ചു.
“അയ്യോ അങ്ങനെ അല്ല പണ്ടേ എനിക്ക് ഏടത്തീടെ അല്ല അമ്മേടെ മുന്നിൽ ചെന്ന് നിക്കാൻ പേടിയാ.”
സത്യമാണ് ഭയങ്കരമായ മനശക്തിയാണ് അമ്മക്ക്. എന്തും നേരിടാനുള്ള ധൈര്യവും ഉണ്ട്. ആണുങ്ങൾ പോലും സംസാരിച്ചു നിക്കാൻ പാട് പെടും. എന്നാലോ ആൾ പഞ്ചപാവം ആണ് താനും.