എന്നെ തറപ്പിച്ചു നോക്കി കൊണ്ട് ലച്ചു ശബ്ദമുയർത്തി.
“ഞാനവളേം കൂട്ടി വരാം… !
ഉമ്മറത്തേക്ക് ഓടുന്നതിനിടെ ഞാൻ ലച്ചുവിനോടായി വിളിച്ച് പറഞ്ഞു.ഉമ്മറത്ത് എത്തി ഒരു നിമിഷം ഞാൻ ചാരു കസേരയിൽ കണ്ണടച്ചിരിക്കുന്ന അച്ഛമ്മയെ ഒന്ന് നോക്കി.
അഭിനയത്തിന് വല്ല അവാർഡും തരണം ലക്ഷ്മിക്കുട്ടീ നിങ്ങക്ക്. അജ്ജാതി ആക്ടിങ് അല്ലായിരുന്നോ..
അച്ഛമ്മയെ നോക്കി ഞാൻ മനസ്സിൽ മന്ത്രിച്ചു.
വണ്ടിയെടുത്ത് അവളുടെ വീട്ടിലേക്ക് കത്തിച്ചു വിട്ടു.അവളുടെ വീട്ടുകാര് എന്ത് പറയും എന്നൊന്നും ഞാനപ്പോൾ ചിന്തിച്ചതേ ഇല്ലാ. എനിക്കെന്റെ പെണ്ണിനെ കാണണം. രണ്ട് തല്ല് കൊണ്ടാലും വേണ്ടില്ല പിണക്കം മാറ്റണം. ഒന്ന് കെട്ടിപിടിക്കണം. എന്നാലേ ഈ ശ്വാസം മുട്ടല് തീരൂ…
അവളുടെ വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് കയറുമ്പോൾ സമയം എട്ടുമണി ആവാറായിരുന്നു.ബൈക്കിന്റെ ശബ്ദം കേട്ട് അവളുടെ അമ്മ ഉമ്മറത്തേക്ക് വന്നു.എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു.
അമ്മായിയച്ചനെ അവിടെ കാണാത്തത് കൊണ്ട് അങ്ങാടിയിലേക്ക് ഇറങ്ങിയതായിരിക്കും എന്ന് ഞാനൂഹിച്ചു .
“എന്താ കണ്ണാ നിങ്ങള് തമ്മില് പ്രശ്നം..?
ഉമ്മറത്തേക്ക് കയറിയതും അമ്മ ഉത്കണ്ഠയോടെ ചോദിച്ചു..
“ഒന്നും ഇല്ലമ്മേ.. എടക്ക് എന്തെങ്കിലും വേണ്ടേ… ഒരു രസല്ലേ.. “
ഞാൻ കൃത്യമായ ഉത്തരം കിട്ടാതെ കിടന്ന് മെഴുകി.
“ആ നല്ല രസാ.. ആ പെണ്ണ് ഒരു വക കഴിക്ക്ണില്ലാ. എപ്പഴും റൂമില് അടച്ചു പൂട്ടി കെടക്കും…കരച്ചില് തന്നെ പണി….
“എന്നിട്ടെവിടെ…?
അവളെ കാണാത്തത് കൊണ്ട് ഞാൻ തിരക്കി.
“റൂമില്ണ്ട്..
അമ്മ റൂമിലേക്ക് വിരൽ ചൂണ്ടി..
“ചില പൊട്ടലും ചീറ്റലും ഒക്കെ കേൾക്കും അമ്മ മൈൻഡ് ചെയ്യണ്ടാ ട്ടോ.. ”
ഞാൻ അതും പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു. വാതിൽ ചാരിയിട്ടേ ഒള്ളൂ. ശബ്ദമുണ്ടാക്കാതെ ഞാൻ വാതിൽ തുറന്ന് അകത്തു കയറി.
കമിഴ്ന്നു കിടക്കുകയാണ് പെണ്ണ്.കാല് രണ്ടും അനക്കികൊണ്ട് ഫോണിൽ നോക്കി കിടക്കുകയാണ്. അമ്മയുടെതാണെന്ന് തോന്നുന്നു മാക്സി ആണ് വേഷം.
ഞാൻ അവളുടെ പിന്നിൽ നിന്ന് ഫോണിലേക്ക് ഡയൽ ചെയ്തു.
ആദ്യ റിങ്ങിൽ തന്നെ അവൾ കട്ടാക്കി. വീണ്ടും വീണ്ടും അടിച്ചു.
ഒടുവിൽ അവൾ ഫോണെടുത്തു.
“ചത്തിട്ടില്ല…
ഒറ്റ ഡയലോഗിൽ ആ സംഭാഷണം അവസാനിപ്പിച്ചു കളഞ്ഞു പെണ്ണ്
“ഓഹ് അത് എനിക്കറിയാം.. “