ആകെ നനഞ്ഞൊട്ടി ഉമ്മറത്തു നിക്കുമ്പോഴാണ് അച്ഛമ്മ തൊപ്പി കുടയും ചൂടി തൊടിയിലൂടെ വരുന്നത്. കുട്ടമ്മാമയുടെ വീട്ടിൽ നിന്നാണ് ആ വരവ് എന്ന് ഞാനൂഹിച്ചു.
അതെ സമയം തന്നേ ആണ് ഡ്രസ്സ് മാറ്റി അമ്മു റൂമിന്റെ വാതില് തുറന്ന് വരുന്നത്..
“ആ കണ്ണനോ എപ്പോ വന്നു.? ”
അച്ഛമ്മ കേൾക്കാനായി അവൾ കുറച്ചുറക്കെ ചോദിച്ചു..
അവളുടെ ആക്ടിങ് ദയനീയമായിരുന്നതിന്റെ കലിപ്പിൽ ഞാനവളെ നോക്കി നാവ് കടിച്ചു.
“കുട്ടനെ ഇന്നലെ പന്നി കുത്തിമറിച്ച് ആകെ മുറി ആയിട്ട്ണ്ട് അമ്മൂ.. ”
തൊപ്പിക്കുട തിണ്ണയിൽ ചാരി വെച്ച് ഉമ്മറത്തേക്ക് കേറുന്നതിനിടെ അച്ഛമ്മ അവളോടായി പറഞ്ഞു.
“അതെയോ എപ്പഴാ അമ്മേ..
നല്ല പരിക്ക്ണ്ടോ..?
അവൾ ഉത്കണ്ഠയോടെ ചോദിച്ചു.
“അപ്പൊ കണ്ണൻ ഒന്നും പറഞ്ഞില്ലെ. ഇജ്ജവടെ ചെന്നേന്നു ന്ന് ബീന പറഞ്ഞല്ലോ”
അച്ഛമ്മ കസേരയിൽ ഇരുന്നു കൊണ്ട് എന്റെ നേരെ ചോദ്യമെറിഞ്ഞു.
അമ്മു അത് കേട്ട് എന്നെ തറപ്പിച്ചൊന്ന് നോക്കി.
“കണ്ണാ ഒന്ന് വന്നേ ഈ ഫോണിലെ…
അവൾ എന്നെ അടുത്ത് കിട്ടാനായി പുതിയ നമ്പറിട്ടു.
“എന്താ മേമെ ഫോണിന്..?
ഞാൻ അവളുടെ അടുത്തേക്ക് നടക്കുന്നതിനിടെ അച്ഛമ്മയെ കേൾപ്പിക്കാനായി ഉറക്കെ ചോദിച്ചു.
ഹാളിലെത്തിയതും അവളെന്നെ റൂമിലേക്ക് വലിച്ച് കയറ്റി ചുമരിലേക്ക് ചേർത്ത് നിർത്തി.
“സത്യം പറ മനുഷ്യ നിങ്ങള് ബീനയെ കാണാൻ പോയതല്ലേ?
എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവൾ എന്റെ കോളറിൽ പിടുത്തമിട്ടു..
“എന്തോന്നാടി പറയണേ..
ഇങ്ങനെ പോയാൽ ഇന്ന് തന്നേ ഞാൻ നിന്നെ തലാഖ് ചൊല്ലും..!
ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവളൊന്ന് അയഞ്ഞു. ഇനി ഏതായാലും മറച്ചു വെക്കേണ്ട എന്ന് വിചാരിച്ച് ഞാൻ അവളോടെല്ലാം പറഞ്ഞു.
“എന്റീശ്വരാ..”
എല്ലാം കേട്ടപ്പോൾ അവൾ അത്ഭുതത്തോടെ പറഞ്ഞു.
“പിന്നേ ബീനേടെ കാര്യം ഞാൻ തമാശക്ക് പറയണതാട്ടോ. ഏട്ടന് ഫീലാവ്ണില്ലല്ലോ..?
അവൾ ക്ഷമാപണത്തോടെ ചോദിച്ചു.