“ഒന്നൂല്ലമ്മേ.. കൊറേ കാലായീലെ പോയിട്ട്…ഞാൻ എല്ലാം ണ്ടാക്കി വെച്ചിട്ട്ണ്ട്…..
പിന്നെ കണ്ണൻ ണ്ടല്ലോ ഇവടെ.. “
അവസാനത്തെ വരിയിൽ ഇത്തിരി പുച്ഛം ണ്ടായിരുന്നോന്ന് ഒരു സംശയം.
“ആ ന്നാ പോയിട്ട് വാ
അല്ലാതെന്താ പറയാ…”
അച്ഛമ്മ നിരാശയോടെ പറഞ്ഞു.
അത് കേട്ടതും അവൾ മുറ്റത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
“അങ്ങാടീക്ക് കണ്ണൻ ആക്കി തരും.. വെയിലത്ത് നടക്കണ്ട..
അച്ഛമ്മ അവൾ കേൾക്കാനായി വിളിച്ചു പറഞ്ഞു.
“വേണ്ടമ്മേ ഞാൻ നടന്നോളാം.. “
അവൾ നടത്തം നിർത്തി അച്ഛമ്മക്ക് നേരെ തിരിഞ്ഞു. പിന്നെ വീണ്ടും നടത്തം തുടങ്ങി.
പിന്നാലെ പോയാൽ അന്നത്തെ പോലെ ചവിട്ടി പാടത്തേക്കിടും എന്ന് ഭയന്ന ഞാൻ പതിയെ എണീറ്റ് കൃഷ്ണേട്ടന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. നാട്ടിലെ പ്രധാന ഓട്ടോ ഡ്രൈവർ ആണ് കൃഷ്ണേട്ടൻ. അച്ഛന്റെ കൂടെ പഠിച്ചതാണ്. ഞങ്ങളുമായി നല്ല അടുപ്പവും ആണ്.
“പറ കണ്ണാ..
“കൃഷ്ണേട്ടാ അങ്ങാടീല്ണ്ടോ ഇപ്പൊ?
ഞാൻ തിടുക്കത്തോടെ ചോദിച്ചു.
“ആ ണ്ടെടാ എന്താ?
അത്യധികം ആകാംക്ഷയിൽ മറു ചോദ്യം എത്തി.
“വേഗം തറവാട്ടിലേക്ക് വരണം. വരുന്ന വഴിക്ക് അമ്മു മേമയെ വഴീല് കാണാം. മേമയെ ഒന്ന് ചെമ്പ്രശേരിയിൽ എത്തിക്കണം
പൈസ ഞാൻ തന്നോളാം..
“ശരി… ന്നാ വെച്ചോ.. “
കൃഷ്ണേട്ടൻ ഫോൺ വെച്ചു.
തറവാടിന് കീഴെയുള്ള മൺപാതയിലൂടെ തിരക്കിട്ട് നടക്കുകയാണ് അമ്മു. മനസ്സിൽ കണ്ണൻ മിണ്ടാത്തതിലുള്ള സങ്കടം അലയടിക്കുകയാണ്.പുറത്ത് കാണിക്കുന്നത് കുറച്ചിലാണ്.ഏത് വരെ പോവുമെന്ന് അവൾക്കറിയാമല്ലോ. അധികം കാലമൊന്നും അവന്റെ പ്രാണനെ അവഗണിക്കാൻ കണ്ണന് കഴിയില്ലെന്ന് അവൾക്ക് തീർച്ചയാണ്. അങ്ങാടിയിലേക്ക് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട്.
ഇരുപത് മിനിറ്റിനുള്ളിൽ അങ്ങാടിയിൽ എത്തിയാൽ പന്ത്രണ്ട് മണിക്കുള്ള ബസ് കിട്ടും. അത് കിട്ടിയാൽ രക്ഷപ്പെട്ടു. പിന്നെ നേരിട്ട് വീടിന്റെ മുന്നിൽ പോയി ഇറങ്ങാം. അല്ലെങ്കിൽ വീണ്ടും അവിടെയിറങ്ങി നടക്കേണ്ടി വരും. അങ്ങെനെ തിരക്കിട്ടു നടക്കുമ്പോഴാണ് കൃഷ്ണേട്ടന്റെ ഓട്ടോ അവൾക്കെതിരെ വരുന്നത്. ഈശ്വരാ ആരാണാവോ ഓട്ടം വിളിച്ചത് ഇത് പെട്ടന്ന് മടക്കം വന്നിരുന്നെങ്കിൽ അതിൽ കയറി പോവായിരുന്നു.