പോയി കുടിക്ക് ചെക്കാ…
അച്ഛമ്മ എന്റെ ചെവിയിൽ കളിയായി പിടിച്ച് വലിച്ച്കൊണ്ട് പറഞ്ഞു.
പല്ല് തേച്ചു ചായ കുടിക്കാനിരുന്നപ്പോഴേക്കും എല്ലാം വിളമ്പി വെച്ചിട്ടുണ്ട്.ഓരോ പലഹാരവും ഞാൻ എത്രയെണ്ണം കഴിക്കും എന്നടക്കം അവൾക്ക് മനപാഠമാണ്.
ഗ്ലാസ്സിലേക്ക് ചായ ഒഴിച്ച് തന്ന് അമ്മു എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് പക്ഷെ മുഖം ഇപ്പഴും വീർത്തു തന്നെയാണ് ഇരിക്കുന്നത്. എന്നെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണവാൾ. ഇടക്ക് കണ്ണ് തുടക്കാനല്ലാതെ അവൾ നോട്ടം മാറ്റുന്നെ ഇല്ല. അവളെ നേരിടാനാവാതെ ഞാൻ പെട്ടന്ന് കഴിച്ച് തീർത്തു അവിടെ നിന്നും രക്ഷപെട്ടു. അവളുടെ ആറ്റിറ്റ്യൂടും നോട്ടവും കണ്ടാൽ ഞാനാണ് തെറ്റ് ചെയ്തത് എന്ന് തോന്നും. ഇനി അവള് തന്നെ അല്ലേ അമ്മയോട് എല്ലാം പറഞ്ഞത്?. ഏയ് ചിന്നു നുണ പറയാൻ സാധ്യത ഇല്ല…
ചായ കുടിച്ച് കഴിഞ്ഞ് ഉമ്മറത്തെത്തിയപ്പോൾ അച്ഛമ്മ തൊടിയിലൂടെ നടന്ന് തെങ്ങിന്റെ പട്ടകൾ വലിച്ച് കൊണ്ട് വന്ന് മുറ്റത്തെക്കിടുന്നുണ്ട്.
“ഈർക്കിളി ചൂല് ണ്ടാക്കാലോ…
ഏതായാലും വെറുതെ ഇരിക്കല്ലേ..?
എന്നെ കണ്ടതും അച്ഛമ്മ മോണ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാനും കൂടാ അച്ഛമ്മേ..”
ഏതായാലും വെറുതെ ഇരിക്കാണ്. മിണ്ടാനും ആരും ഇല്ല. പിന്നെന്താ
അച്ഛമ്മയോടൊപ്പം കൂടി തെങ്ങിൻ പട്ട മുറ്റത്ത് തണലുള്ള സ്ഥലത്ത് കൊണ്ട് വന്നിട്ട് ചൂലിന്റെ പണി തുടങ്ങി.അച്ഛമ്മ ഓല ചീന്തി ഈർക്കിലെടുത്ത് തരും ഞാനത് ഒരുമിച്ച് കെട്ടി ചൂലാക്കി മാറ്റി വെക്കും. അങ്ങനെ പണി പുരോഗമിക്കുമ്പോൾ അമ്മു കയ്യിൽ ചെറു കത്തിയുമായി അമ്മു പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“ഞാനും കൂടാം..
അവൾ അച്ഛമ്മയോടായി പറഞ്ഞു.
“ഇജ്ജ് വെറുതെ വെയില് കൊള്ളണ്ട പെണ്ണെ.അടുക്കളെല് തന്നെ ഇഷ്ടം പോലെ പണി ണ്ടല്ലോ. ഇതിന് ഞാനും കണ്ണനും മതി.. ”
അച്ഛമ്മ സ്നേഹപൂർവ്വം അവളെ തടഞ്ഞു. എന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവൾ അകത്തേക്കു പോയി.
“അമ്മേ ഞാൻ വീട്ടില് പോവാട്ടോ
രണ്ടീസം കഴിഞ്ഞിട്ട് വരാ…
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഉമ്മറത്തു നിന്ന് അവളുടെ ശബ്ദം കേട്ടു.
നോക്കുമ്പോൾ ഡ്രെസ്സൊക്കെ മാറി ഒരുങ്ങിക്കെട്ടി അവൾ ഉമ്മറത്തു വന്ന് നിൽക്കുന്നു.പിണക്കത്തിലാണെങ്കിലും ഞാൻ വേടിച്ചു കൊടുത്ത ചുരിദാറ് തന്നെയാണ് വേഷം.
“എന്താ പെണ്ണെ പെട്ടന്ന്..
എന്തെങ്കിലും കൊഴപ്പണ്ടോ..?
അച്ഛമ്മ തെല്ലു പരിഭ്രമത്തോടെ ചോദിച്ചു.