കണ്ണ് തുടച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി.ഞാൻ ഉറങ്ങാനുള്ള ശ്രമവും തുടങ്ങി.കൊതുകിനോടുള്ള പോരാട്ടത്തിനൊടുവിൽ എപ്പഴോ ഉറങ്ങി. അടിവയറ്റിൽ മൂത്ര ശങ്ക കലശലായപ്പോഴാണ് കണ്ണ് തുറന്നത്.തിണ്ണയിൽ നിന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ കാല് താഴ്ത്തിയതേ ഒള്ളൂ.എന്റെ താഴെ എന്തോ രൂപം വെറും നിലത്ത് കിടക്കുന്ന പോലെ തോന്നി. ഇപ്പൊ തന്നെ ചവിട്ടേണ്ടതായിരുന്നു.ഞാൻ ലേശം പരിഭ്രമത്തോടെ പോയി ലൈറ്റിട്ടു.
അമ്മു..!
വെറും നിലത്ത് ചുരുണ്ടു കൂടി കിടന്നുറങ്ങുന്നത് അവളാണ്.എത്ര തെറ്റിലാണെന്ന് പറഞ്ഞാലും ആ കിടപ്പ് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.ഞാൻ ഉള്ളിൽ കിടക്കാത്തതു കൊണ്ട് പുറത്തേക്ക് വന്ന് കിടന്നതാണ് പാവം.അവളെ ഒന്ന് നോക്കികൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി മൂത്രമൊഴിച്ചു തിരിച്ചു വന്നു.നല്ല ഉറക്കത്തിലാണ് പെണ്ണ്.
ഇതൊക്കെ നീയായിട്ട് വരുത്തി വെച്ചതല്ലേ കുഞ്ഞേ..?
അവളെ നോക്കി ഞാൻ മന്ത്രിച്ചു.
നല്ല ഉറക്കത്തിലാണെന്നു മനസ്സിലായ ഞാൻ പതിയെ അവളെ കോരിയെടുത്തു. ഉണർന്നാൽ ചമ്മി പോവും. പക്ഷെ അവളൊന്ന് ഞരങ്ങിയതേ ഒള്ളു. അവളെ കോരിയെടുത്തു കൊണ്ട് ഞാൻ ഉള്ളിലേക്ക് നടന്നു റൂമിലെത്തി.അവളെ കിടക്കയിലേക്ക് കിടത്തി.കുറച്ച് നേരം ആ കിടപ്പ് നോക്കി ഇരുന്നു.
അല്ലെങ്കിലും സ്വന്തം പെണ്ണ് എല്ലാം മറന്ന് ഉറങ്ങുന്നത് കാണാൻ ഒരു പ്രത്യേക ഫീലാണ്.
ഞാൻ കട്ടിലിൽ കയറി അവളുടെ അടുത്ത് കിടന്നു. ഇപ്പോൾ ചരിഞ്ഞു കിടക്കുന്ന പെണ്ണിന്റെ നിശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ട്. ഞാൻ കുറ്റബോധത്തോടെ അവളുടെ കവിളുകളിൽ തഴുകി. പിന്നെ അടുത്തേക്ക് നീങ്ങി ഉമ്മവെച്ചു. പലകുറി.
തൊട്ടടുത്ത നിമിഷം അവൾ കണ്ണ് തുറക്കാതെഎന്റെ കഴുത്തിലൂടെ കയ്യിട്ട് മാറിലേക്ക് ചേർത്തു.
“കുറുമ്പ് കാണിക്കാതെ ഉറങ്ങിക്കെ…
അവൾ പിറുപിറുത്തു.
സാധാരണ എന്നുംപറയാറുള്ള ഡയലോഗാണ്.അല്ലാതെ ആള് ഉണർന്നിട്ടൊന്നും ഇല്ല.
ഞാൻ പതിയെ കൈ വേർപ്പെടുത്തി എണീറ്റു. പിന്നെ പുതപ്പെടുത്ത് പുതപ്പിച്ചു ഫാനും ഓണാക്കി റൂമിൽ നിന്ന് പോന്ന് ഉമ്മറത്തു വന്ന് കിടന്നു. ഒരുമ്മ കൊടുത്തപ്പോൾ തന്നെ എന്റെ പകുതി പിണക്കം മാറീട്ടുണ്ട്.
അല്ലെങ്കിലും ഇതൊക്കെ ഒരഭിനയമല്ലേ….സുഹറാ
രാവിലേ ആരോ ഷർട്ടിൽ പിടിച്ച് കുലുക്കിയതോടെ ആണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നപ്പോൾ ആരെയും കാണാനില്ല. എണീറ്റിരുന്നതും അച്ഛമ്മ ഉമ്മറത്തേക്ക് വന്നു. ഓഹ് അച്ഛമ്മ ഇതൊന്നും അറിയാതിരിക്കാൻ വേണ്ടി എന്നെ ഉണർത്തീട്ട് ഓടിയതാണ് അനുപമ മാഡം..
“ഇനിപ്പോ ക്ലാസ്സിനൊന്നും പോണ്ടല്ലോ ലെ.. കുട്ട്യേ..
“ന്നാലും എടക്കൊന്ന് പോണം അച്ചമ്മാ..
ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി നൽകി.
“അമ്മു ചായ എട്ത്ത് വെച്ചിട്ട്ണ്ട്