ചോറുണ്ടപ്പോഴും എന്റെ നിലപാടിന് മാറ്റം ഒന്നും ഉണ്ടായില്ല. ശീലത്തിന്റെ ഭാഗമെന്നോണം ചോറുരുള യുമായി അവളുടെ കൈ ഉയരുന്നതും പിന്നെ അവൾ അത് വിഷമത്തോടെ പിൻവലിക്കുന്നതും ഞാൻ കണ്ടു. പക്ഷെ മൈൻഡ് ചെയ്തില്ല.ഇത്തരം ചെറിയ പിണക്കങ്ങൾ ഇടക്ക് നല്ലതാണ്. ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ചോറുണ്ട് കഴിഞ്ഞ് രണ്ട് പേരും ഉമ്മറത്തു വന്നിരുന്നു.പിണക്കത്തിലാണെന്നോർക്കാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നെങ്കിലും മൊത്തം നിശബ്ദതയായിരുന്നു. ആ സമയത്താണ് അവളുടെ ഫോൺ ശബ്ദിക്കുന്നത്. വിളിച്ചത് ലച്ചു ആണെന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി.
“ഞാനെന്ത് ചെയ്തിട്ടാ അമ്മേ
മിണ്ടുന്നും കൂടി ഇല്ലാ….
അതുവരെ പിടിച്ച് നിന്ന അവൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു.
അതെന്റെ മനസ്സിൽ നീറ്റലുണ്ടാക്കിയെങ്കിലും ഞാൻ പിടിച്ച് നിന്നു. ഉച്ചക്ക് നടന്നത് ഓർത്തു കൊണ്ട് ഞാൻ വീണ്ടും ദേഷ്യം സമാഹരിച്ചു.
അവൾ ഫോൺ വെച്ച തൊട്ടടുത്ത നിമിഷം ലച്ചു എന്റെ ഫോണിലേക്ക് വിളിച്ചു. തെറി പറയാനാണെന്ന് മനസിലായ ഞാൻ ഫോൺ എടുത്തില്ല.
“നാളെ വാട്ടോ ശരിയാക്കി തരാം പന്നീ !
ലച്ചുവിന്റെ ടെക്സ്റ്റ് മെസ്സേജ്..
കുറച്ച് നേരം കൂടി ഇരുന്ന് അവൾ റൂമിലേക്ക് എണീറ്റു പോയി. ഇന്നൊരുമിച്ച് കിടത്തം ഉണ്ടാവില്ലെന്ന് മുൻകൂട്ടി കണ്ട് താഴെ എനിക്ക് കിടക്ക വിരിച്ചിരുന്നു.പക്ഷെ എന്റെയുള്ളിലെ ബാലിശമായ വാശി അത് അംഗീകരിച്ചില്ല.
“ഞാൻ ഉമ്മറത്താണ് കിടക്കുന്നെ..”
അവൾ കേൾക്കാനായി പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
ഉമ്മറത്ത് തിണ്ടിന്മേൽ പോയി കിടന്നു. ഒരാൾക്ക് കിടക്കാനുള്ള വീതി പോലും ഇല്ല. ഒന്ന് ചരിഞ്ഞാൽ ഒന്നുകിൽ മുറ്റത്തേക്ക് വീഴും അല്ലെങ്കിൽ ഉമ്മറത്തേക്കും. കാവിയിട്ടതായതുകൊണ്ട് ഭയങ്കര തണുപ്പും പോരാത്തതിന് കൊതുകും . ഇനിയിപ്പോ പുതപ്പ് ചോദിക്കാനും പറ്റൂലല്ലോ.
എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ പുതപ്പും തലയിണയുമായി അമ്മു ഉമ്മറത്തേക്ക് വന്നു.
“ഞാൻ വിരിച്ചു തരാം…
നിലത്തേക്ക് നോക്കി അവൾ പതിയെ പറഞ്ഞു.
ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല.
പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾ പുതപ്പും തലയിണയും എന്റെ അടുത്തേക്ക് വെച്ചു. അത് എടുത്ത് എറിയാനാണ് എന്റെ ഉള്ളിലെ ദുരഭിമാനം എന്നോട് പറഞ്ഞത്. അത് തന്നെ ചെയ്തു.