“അത് പറ്റിപ്പോയി.. അല്ലെങ്കിലും അവളെന്ത് പണിയ കാണിച്ചേ…?
ഞാൻ എന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമം നടത്തി.
“ചെലക്കാണ്ട് പോടാ.. നിനക്ക് പോലീസ് അറസ്റ്റ് ചെയ്തൂന്ന് പറഞ്ഞ് അതിനെ പറ്റിക്കാം,കല്യാണം കഴിക്കൂലാന്ന് പറഞ്ഞ് അതിനെ കരയിക്കാം
അതിനൊന്നും കുഴപ്പല്ല, ആ പെണ്ണൊരു തമാശ കാണിച്ചപ്പൊ
നിനക്ക് പൊള്ളി അല്ലേ…
കസേരയിൽ നിന്നെണീറ്റ് ലച്ചു എന്റെ നേരെ ചീറി..
ഓ അപ്പൊ നടന്ന കഥയൊക്കെ ഇവിടെ എത്തിച്ചിട്ടുണ്ട്.
“അത്പോലെയാണോ ഇത്? അവൾ കൂടെനിന്ന് ചതിച്ചതല്ലേ..,
അത് പറയുമ്പോഴൊക്കെ എവിടെ നിന്നോ എനിക്ക് ദേഷ്യം ഇരച്ചു കയറി.
“അതിന് അമ്മുവാണ് നിങ്ങടെ ബന്ധം എന്നെ അറിയിച്ചതെന്നാര് പറഞ്ഞു.?
“എനിക്കറിയാം. അമ്മ അവളെ സംരക്ഷിക്കാൻ മാറ്റി പറയണ്ട…”
അതിന് മറുപടി ഒന്നും പറയാതെ ലച്ചു മൗനിയായി.
ഉള്ളിലേക്ക് നടക്കാൻ തുടങ്ങിയ ഞാൻ വീണ്ടും തിരിച്ചു വന്ന് അമ്മയെ കെട്ടിപിടിച്ചു. എതിർപ്പ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നെ ആ തുടുത്ത കവിളിൽ ഉമ്മവെച്ചു..
“സോറി.. എന്റെ ലച്ചൂനോട് ഒന്നും പറയാതിരുന്നതിന്..
എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ?
ആ കവിളിൽ മുഖമുരസിക്കൊണ്ട് പറയുമ്പോൾ എന്റെ അനുവാദമില്ലാതെ ഒരു കണ്ണുനീർത്തുള്ളി ആ കവിളിനെ പൊള്ളിച്ചു
“ഇനിയിപ്പോ പിണങ്ങീട്ട് എന്ത് കാര്യം..?
ലച്ചു ഒന്നയഞ്ഞു. എന്ന് മാത്രമല്ല തിരിഞ്ഞു നിന്ന് എന്നെയും ഉമ്മവെച്ചു..
“എനിക്കവളെ പണ്ടേ ഇഷ്ടാണ്. അവളെ പോലൊന്നിനെ മരുമകളായിട്ട് കിട്ടണെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചതാ…
“ഇപ്പൊ ആഗ്രഹം നടന്നില്ലേ?
“തേങ്ങയാണ്.നിനക്ക് തല്ലി പഠിക്കാൻ അവളെ ഇങ്ങോട്ട് കൊണ്ട് വരണ്ട. ആദ്യം നീ നന്നാവ് എന്നിട്ടാലോചിക്കാം…”
പണ്ടാരമടങ്ങാൻ ഒന്ന് തല്ലിപ്പോയി. ഇപ്പോ അത് കൊണ്ട് തന്നെ വലഞ്ഞു. ആദ്യം ചിന്നു ഇപ്പൊ ദേ തടിച്ചി.വീണ്ടും അത് തന്നെ പറഞ്ഞു കുത്തി നോവിക്കുകയാണ്..
“ഇങ്ങോട്ട് നോക്കിക്കേ ഇനി ജീവിതാവസാനം വരെ എന്തൊക്കെ തെറ്റ് അവള് ചെയ്താലും ഞാൻ അവളെ തല്ലില്ല.. ഇത് വാക്കാണ്..
എന്റെ തടിച്ചിക്ക് ഞാൻ തരുന്ന വാക്ക്…
ഒന്നും നോക്കീല..
ലച്ചുവിന്റെ കൈ പിടിച്ച് സത്യം ചെയ്തു കൊടുത്തു.
“അങ്ങനെ ആയാൽ നിനക്ക് കൊള്ളാം. ആ പെണ്ണിനെ കിട്ടാൻ മാത്രം എന്ത് യോഗ്യതയാടാ കൊരങ്ങാ നിനക്ക്?