മുഖം പൊത്തികരയുന്ന അവളെ മറികടന്നു കൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു. പിന്നെ അവിടെ നിക്കാൻ തോന്നിയില്ല.എവിടേക്കെങ്കിലും പോയാൽ മതി എന്നായിരുന്നു എനിക്ക്. അവളുടെ മുഖം കാണുന്നത് പോലും എനിക്ക് അസഹ്യമായി തോന്നി. എങ്ങോട്ട് പോവും.. ജിഷ്ണുവിന്റെ കൂടെ പോയാ അത് കള്ളുകുടിയിലെ അവസാനിക്കൂ..
ചിന്നു !
അതെ അവൾക്കേ ഇപ്പൊ അല്പമെങ്കിലും ആശ്വസിപ്പിക്കാൻ കഴിയൂ..
വണ്ടിയെടുത്ത് പോകാനൊരുങ്ങുമ്പോൾ അവർ രണ്ടുപേരും ഉമ്മറത്തേക്ക് വന്നു അവളെ കണ്ട ദേഷ്യത്തിൽ പോണപോക്കിൽ മുറ്റത്തിരുന്ന ചെടി ചട്ടി ചവിട്ടി മറിച്ചിട്ടാണ് ഞാൻ പോയത്.
ഞാൻ ചെല്ലുന്നത് അടുക്കളയിലെ ഗ്രില്ലിലൂടെ കണ്ട ചിന്നു ഓടി ഉമ്മറത്തേക്ക് വന്നു.നിറഞ്ഞ പുഞ്ചിരിയോടെ അവളുടെ അമ്മയും കൂട്ടിനുണ്ടായിരുന്നു.
“എന്താ ഏട്ടാ എന്ത് പറ്റി..?
എന്റെ മുഖത്തെ തെളിച്ചക്കുറവ് കണ്ട് ചിന്നു പരിഭ്രമത്തോടെ ചോദിച്ചു.
“പറയാം… എനിക്കാദ്യം കുറച്ച് നേരം ഒന്ന് കിടക്കണം. തലക്ക് വല്ലാത്ത പെരുപ്പ്…
“ആ കിടക്ക തട്ടി വിരിച്ചു കൊടുത്തേ ചിന്നൂ. ഇവനെന്തോ കാര്യമായിട്ട് പറ്റീട്ട്ണ്ട്…
അമ്മ അവളെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു..
“വന്നേ ഏട്ടാ…
ചിന്നു എന്റെ കയ്യും വലിച്ച് കൊണ്ട് അവളുടെ റൂമിലേക്ക് നടന്നു .ഞങ്ങളെ അനുഗമിച്ചു കൊണ്ട് അവളുടെ അമ്മയും കൂടെ വന്നു.
എന്റെ കൈവിട്ട് കട്ടിലിൽ കയറി അവൾ ഭിത്തിയിൽ ചാരി ഇരുന്നു.
“കിടന്നോ..എന്നിട്ട് കുറച്ച് നേരം ഉറങ്ങിക്കോ.. എല്ലാം ശരിയാവും…”
അവൾ സാരമില്ലെന്ന മട്ടിൽ കണ്ണടച്ച് കൊണ്ട് എന്നോട് പറഞ്ഞു .
ഞാൻ കട്ടിലിലേക്ക് കയറി കിടന്നു.അവൾ എന്റെ തൊട്ടപ്പുറത്ത് കാലും നീട്ടി എന്നെ നോക്കി ഇരിക്കുന്നുണ്ട്.
“മടിയിലേക്ക് തലവെച്ചാൽ ഞാൻ വേണേൽ മസാജ് ചെയ്ത് തരാം.. ”
അവൾക്കത് പറയാൻ ചെറിയ മടി ഉള്ളത് പോലെ തോന്നി. എന്റെ പ്രതികരണം എന്താവുമെന്ന് ഓർത്താവും.
കേൾക്കേണ്ട താമസം ഞാൻ നിരങ്ങി കൊണ്ട് അവളുടെ മടിയിലേക്ക് തല കയറ്റി വെച്ച് കണ്ണടച്ചു.തൊട്ടടുത്ത നിമിഷം അവളുടെ കൈ വിരലുകൾ എന്റെ മുടിയിലൂടെ ഇഴയാൻ തുടങ്ങി.
“വിഷമിക്കണ്ടാ ട്ടോ ഞങ്ങളൊക്കെ ഇല്ലേ?
അവൾ പതിയെ പറഞ്ഞു കൊണ്ട് ജോലി തുടർന്നു.അന്ന് നടന്നതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നറിയാനുള്ള എന്റെ വിഫല ശ്രമം ആയിരുന്നു ആ ഉറക്കം.