പക്ഷെ ലച്ചു അപ്പോഴും അടങ്ങിയിരുന്നില്ല. എന്നെ ബലമായി പിടിച്ച് മാറ്റി ചുമരിലേക്ക് ചേർത്ത് കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് എന്നെ രൂക്ഷമായി നോക്കി . ആ രാക്ഷസീയമായ ഭാവം നേരിടാനാവാതെ ഞാൻ തലകുനിച്ചു.
“ഇത്രയൊക്കെ പ്രതീക്ഷിച്ചിരുന്നോ എന്റെ മോൻ ?
ഏഹ്.. ”
ആ ശബ്ദമേ എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നുള്ളൂ.
“അപ്പൊ അമ്മക്ക് അഭിനയിക്കാൻ അറിയാം അല്ലേടാ.. ”
എന്നെ അമ്പരപ്പിച്ചു കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചു.എന്റെ നേരെ കളിയാക്കി വിരൽ ചൂണ്ടി ആർത്തു ചിരിച്ചുകൊണ്ട് ലച്ചു നിലത്തേക്കിരുന്നു. എന്താണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു എനിക്ക്.ഞാൻ അവിശ്വസനീയതയോടെ അമ്മയെ നോക്കി.
“നോക്കെടീ നിന്റെ കെട്ട്യോന്റെ മുഖം… അയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ…
അമ്മുവിനെ നോക്കി കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് ലച്ചു നെഞ്ചിൽ ഉഴിഞ്ഞു.
എന്റെ വധം പൂർണമാക്കിക്കൊണ്ട് അത് വരെ വിറങ്ങലിച്ചു നിന്നിരുന്ന അമ്മു അടുത്ത നിമിഷം മുത്തുമണി പൊഴിയും പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി
തലയിൽ കൈവെച്ചു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു. ആകെ ഒരു മരവിപ്പ്. തലക്ക് അടി കിട്ടിയ പോലെ.
“ഇത്രേം നാള് എന്നെ പറ്റിച്ചതിനുള്ള ശിക്ഷയാണ് ഇത്.
നിന്റെയീ മോന്ത കാണാൻ എന്ത് ചേലാ…..
ലച്ചു ആർത്തു ചിരിക്കുന്നതിനിടെ പറഞ്ഞു.
“എന്ത് പണിയാ അമ്മേ കാണിച്ചേ
മണ്ണണ്ണക്ക് പകരം പച്ചവെള്ളം ആണോ ഒഴിക്കുന്നേ…?
അമ്മു ലച്ചുവിനെ നോക്കി ചുണ്ട് മലർത്തി.
“പോടീ നീ പറയുമ്പോ എടുത്തൊഴിക്കാൻ നിന്റച്ഛൻ കൊണ്ട് വെച്ചേക്കുന്നോ മണ്ണെണ്ണ ഇവിടെ.. നീ എന്റെ കയ്യീന്ന് മേടിക്കും.. !
ലച്ചു അമ്മുവിനോടായി പറഞ്ഞു വീണ്ടും ചിരി തുടർന്നു.പിന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അവളെ ചുറ്റിപിടിച്ചു കവിളിൽ ഉമ്മവെച്ചു.
“അമ്മേടെ പൊന്നിന് നേരത്തെ വേദനിച്ചായിരുന്നോടാ…?
അവളുടെ കഴുത്തിൽ ഉഴിഞ്ഞു കൊണ്ട് അമ്മ ചോദിച്ചു..
“വേദനിച്ചെങ്കിൽ തന്നെ എന്റെ ലച്ചുമ്മ അല്ലേ ഞാൻ സഹിച്ചു…..
അമ്മു അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു.
ഇതെല്ലാം കണ്ട് ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു ഞാൻ.കാണാനൊത്തിരി ആഗ്രഹിച്ച സീൻ ആയിരുന്നെങ്കിലും എന്റെ ചങ്കിൽ കത്തി കുത്തിയിറക്കിയപോലെയാണ് എനിക്ക് തോന്നിയത്. അമ്മയുടെ പ്രതികാരം നൂറു ശതമാനം ന്യായം ആണ്. അത് കൊണ്ട് തന്നെ ലച്ചുവിനോട് ഒരു തരിമ്പും എനിക്ക് ദേഷ്യം തോന്നിയില്ല.
പക്ഷെ അമ്മു !
എന്റെ കൂടെ നിന്ന് ഒറ്റുകാരിയുടെ പണിയല്ലേ അവൾ കാണിച്ചത്?
ലച്ചു അറിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് ഞാൻ ഓരോ നിമിഷവും കിടന്ന് ഉരുകിയത് അവൾക്കും അറിയാവുന്നതല്ലേ. എന്നിട്ട് അവൾ നേരത്തെ കുറ്റസമ്മതം നടത്തി മാപ്പുസാക്ഷി ആയിരിക്കുന്നു. ഇപ്പൊ ഞാനാരായി..?