അമ്മു മുഖത്തൊരു വിളറിയ ചിരി പാസാക്കി കട്ടിലിൽ ഇരുന്ന് എന്നെ പാളി നോക്കി. ഒന്നും പറഞ്ഞിട്ടില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.
“നീ ഒന്ന് നന്നായിട്ടുണ്ട് പെണ്ണെ..
നിറം കൂടി.. മുടിയും കൂടി ”
ലച്ചു അവളെ തൊട്ടുഴിഞ്ഞു കൊണ്ട് പറഞ്ഞു.
അവൾ വോൾട്ടേജ് കുറഞ്ഞ ഒരു ചിരി പാസാക്കി.
“ആഹ് മറന്നല്ലോ ഈശ്വരാ..
“റാങ്ക് കിട്ടിയതിനു നിനക്കൊരു സമ്മാനം ണ്ട്. പിന്നെ അതിലെ ഒന്നും ഇറങ്ങാൻ കൂടീല.. അതാ തരാൻ മറന്നേ…. ”
ലച്ചു ചിരിയോടെ കട്ടിലിൽ നിന്നെണീറ്റ് അലമാര തുറന്നു.ഞാനും അവളും എന്താണെന്നു പിടികിട്ടാതെ പരസ്പരം നോക്കിയിരിക്കുമ്പോൾ ലച്ചു ഓർണമെന്റ് ഇട്ടുവെക്കാറുള്ള ബോക്സ് കയ്യിൽ പിടിച്ചുകൊണ്ട്
കട്ടിലിൽ ഇരുന്നു. അത് തുറന്നപ്പോഴാണ് സത്യം പറഞ്ഞാൽ തടിച്ചിയുടെ പണ്ടങ്ങൾ ഞാൻ തന്നെ കാണുന്നത്.അത്യാവശ്യം നല്ല രീതിയിൽ സ്വർണത്തിന്റെ ശേഖരം ഉണ്ട് അമ്മക്ക്. എന്തായാലും അൻപതു പവന് മേലെ കാണും
“എന്താടാ കണ്ണ് മിഴിച്ചു നോക്കുന്നെ?
എന്റെ വായും പൊളിച്ചുള്ള നോട്ടം ഇഷ്ടപ്പെടാതെ ലച്ചു എന്നെ കളിയാക്കി.
നല്ല നീളവും കനവും ഉള്ളൊരു മാല എടുത്ത് ലച്ചു എന്റെ നേരെ ഉയർത്തി. എന്തായാലും ഒരു മൂന്ന് പവൻ കാണും.പിന്നെ കൊളുത്തഴിച്ചു കൊണ്ട് അമ്മുവിന്റെ കഴുത്തിൽ കെട്ടി കൊടുത്തു.
“അയ്യോ ഇതൊന്നും വേണ്ടാ ഏടത്തീ.. !
“ഗിഫ്റ്റ് തരുമ്പോ വേണ്ടാന്ന് പറയല്ലേ പെണ്ണെ..”
അമ്മ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ കെട്ടികൊടുത്തു.
“ഇതൊക്കെ ഞാൻ എന്റെ മരുമകൾക്ക് കൊടുക്കാൻ എടുത്ത് വെച്ചതാ. പക്ഷെ ഇത് മോളെടുത്തോ. ”
ലച്ചു അവളുടെ മുഖത്ത് തഴുകി കൊണ്ട് പറഞ്ഞു.
ആ എന്നാപിന്നെ അത് മുഴുവൻ കൊടുത്തേക്ക്..
ഞാൻ പിറുപിറുത്തു.
“ഏടത്തീ എനിക്കൊരു കാര്യം പറയാനുണ്ട്. ”
അമ്മു നിറകണ്ണുകളോടെ അമ്മയെ നോക്കി..
“ഇന്നെല്ലാർക്കും കാര്യങ്ങള് പറയാനുള്ള ദിവസം ആണല്ലോ.ദേ ഇവിടൊരുത്തൻ കെടന്ന് വിക്കിയപ്പോഴാണ് നീ വന്നത്. എന്താഡി ഉണ്ണിയും ആയിട്ട് വല്ല പ്രശനവും ണ്ടോ?