എനിക്ക് വിളമ്പി തരാൻ വേണ്ടി അഞ്ജു ഇരിക്കുന്നിടത്തു നിന്ന് എഴുനേറ്റു ടേബിളിനു അടുത്തേക്കെത്തി . വല്യ ഗമയിൽ എന്റെ മടിയിൽ ഞെളിഞ്ഞിരിക്കുന്ന റോസ് മോളെ അഞ്ജു പുച്ഛത്തോടെ നോക്കുന്നുണ്ട് .
“അവളുടെ ഒരു പോസ് കണ്ടില്ലേ ..”
എന്റെ മടിയിൽ ഇരുന്നു ടേബിളിൽ കൈകൊണ്ട് അടിച്ചു രസിക്കുന്ന റോസ് മോളെ നോക്കി അഞ്ജു കണ്ണുരുട്ടി .
“അഹ്…അവൻ പോയാൽ നമ്മുടെ അടുത്ത് തന്നെ വരുമല്ലോ . കാണിച്ചു കൊടുക്കാം അവൾക്ക് ..”
മഞ്ജുസും അതുകേട്ടു ചിരിയോടെ പറഞ്ഞു .
“കേട്ടല്ലോ …നിന്റെ കാര്യം പോക്കാടി പൊന്നുസേ..”
ഞാൻ ചിരിയോടെ പറഞ്ഞു പെണ്ണിന്റെ ചുരുളൻ മുടിയിൽ തഴുകി .
അപ്പോഴേക്കും അഞ്ജു എന്റെ പ്ളേറ്റിലേക്ക് നൈസ് പത്തിരിയും കടലക്കറിയും കുറേശെ ആയി വിളമ്പി . എന്റെ മാതാജി ആ കാഴ്ചയും കണ്ടുകൊണ്ടാണ് ഹാളിലേക്ക് കയറിവന്നത് .
“ആഹ് ഹാ ..ഇതാരാ ഇപ്പൊ ?”
എന്റെ മടിയിലിരിക്കുന്ന റോസ് മോളെ നോക്കി മാതാശ്രീ അന്തം വിട്ടു .പിന്നെ പയ്യെ എന്റെ അടുത്തേക്ക് വന്നു റോസ് മോളെ നോക്കി ചിണുങ്ങി .
“ഡീ സുന്ദരി ..അച്ചമ്മേടെ അടുത്തേക്ക് വരുന്നോ ..?”
മാതാശ്രീ ഇരു കയ്യും പെണ്ണിന് നേരെ നീട്ടി ചിരിയോടെ ചോദിച്ചു .
“ഉവ്വ ഇപ്പൊ വരും…”
അഞ്ജു അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു .
“പോക്കോടി പൊന്നുസേ ..അച്ഛമ്മ ഇങ്ക് തരും ”
ഞാൻ ചിരിയോടെ പറഞ്ഞു പെണ്ണിനെ മടിയിൽ നിന്ന് പിടിച്ചു ഉയർത്തി. അതോടെ പെണ്ണ് ബലം പിടിക്കാൻ തുടങ്ങി .
“വാടി പെണ്ണെ ..അച്ഛൻ ചായ കുടിച്ചോട്ടെ ..”
എന്റെ മാതാശ്രീ ഒന്നുടെ പറഞ്ഞു നോക്കിയെങ്കിലും പെണ്ണ് വരില്ലെന്ന് തലയാട്ടി എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .
“ച്ചാ ചാ ..”
പെണ്ണ് ചിരിയോടെ ചിണുങ്ങി എന്റെ നെഞ്ചിൽ കിടന്നു ചിണുങ്ങി .
“ഇത് ഞാനില്ലാത്തപ്പോ എങ്ങനാ ?”
ഞാൻ പെണ്ണിന്റെ പുറത്തു ചിരിയോടെ തട്ടി അമ്മയെ നോക്കി .
“ഒരു കുഴപ്പവും ഇല്ല. നീ വന്നാൽ മാത്രം പെണ്ണിന് ഞങ്ങളെ ഒന്നും കണ്ടൂടാ..”
മാതാശ്രീ ചിരിയോടെ പറഞ്ഞു .
“അതെ ..കണ്ണേട്ടൻ പോയാൽ നോക്കിക്കോ ചേച്ചിക്ക് സ്വൈര്യം കൊടുക്കില്ല . ആദിയെ എടുത്തു നടക്കുന്നത് കണ്ടാൽ പെണ്ണിന് ദേഷ്യാ”
അഞ്ജു റോസ് മോളുടെ വാശി ഓർത്തു ചിരിച്ചു .
“ആഹ്…ഇവിടെ വേറെ ചിലരും നല്ല വാശിക്കാരി ആണല്ലോ. ”
ഞാൻ മഞ്ജുസിനെ നോക്കി അർഥം വെച്ച് പറഞ്ഞു .മഞ്ജുസ് അതിനു എന്നെ നോക്കി കണ്ണുരുട്ടി .