ഞാൻ റോസ് മോളെ നോക്കി കൊഞ്ചി . പക്ഷെ പെണ്ണിന് മനം മാറ്റമില്ല .
“വാടി പൊന്നുസേ …അമ്മേടെ മുത്തല്ലേ ”
മഞ്ജുസ് അവൾക്കു നേരെ ഇരു കയ്യും നീട്ടി ചിണുങ്ങി നോക്കി . പക്ഷെ പെണ്ണ് വരില്ലെന്ന ഭാവത്തിൽ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു .
“ച്ചാ.. ച്ചാ..”
റോസിമോള് എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ പയ്യെ അവളുടെ കുഞ്ഞി ചുണ്ടുകൾ ചേർത്തു.
“ശൊ..ഇതെന്തൂട്ട് പെണ്ണാ …”
പെണ്ണിന്റെ വാശി കണ്ടു മഞ്ജുസ് തലക്ക് കൈകൊടുത്തു .പിന്നെ സ്വല്പം ബലമായി തന്നെ റോസ് മോളെ എന്നിൽ നിന്നും പിടിച്ചു വാങ്ങി . മോള് ചിണുങ്ങിക്കൊണ്ട് ബലം പിടിച്ചെങ്കിലും മഞ്ജുസ് വിട്ടുകൊടുത്തില്ല .
“ഡീ മഞ്ജുസേ പതുക്കെ …”
അവളുടെ വലി കണ്ടു ഞാൻ പയ്യെ പറഞ്ഞു . സംഗതി അവൾക്ക് മക്കളെ വല്യ കാര്യം ഒകെ ആണേലും ഇടക്കു പയ്യെ അടിക്കുവൊക്കെ ചെയ്യും .
“ഇവിടെ വാടി…അവളുടെ ഒരു ചാച്ചാ . പെണ്ണിന് എന്റെ കയ്യിന്നു നല്ല പെട കിട്ടുന്ന വരെ ഉണ്ടാവും ”
മഞ്ജുസ് സ്വല്പം കലിപ്പിൽ പറഞ്ഞു പെണ്ണിനെ പറിച്ചെടുത്തു .
പോരെ പൂരം !
“ഏഹ്..ഹ് ഹ് ങ്ങീ ങ്ങീ മ്മാ …മാ ചാ ചാ ..”
എന്നെ നോക്കി ചുണ്ടു കടിച്ചുകൊണ്ട് പെണ്ണ് എണ്ണിപ്പെറുക്കി ചിണുങ്ങി കരയാൻ തുടങ്ങി . അത് കണ്ടതും എനിക്ക് പാവം തോന്നി . എന്നെ ചൂണ്ടികൊണ്ടാണ് പെണ്ണ് കരയുന്നത് . മഞ്ജുസ് ദേഷ്യപെടുക കൂടി ചെയ്തപ്പോൾ സങ്കടം ആയിക്കാണും !
“ഓഹ്..ചീവിടിന്റെ ഒച്ച …”
പെണ്ണിന്റെ ശബ്ദം കേട്ട് അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു .
“മിണ്ടല്ലെടി പെണ്ണെ …”
റോസ് മോളുടെ കരച്ചില് കേട്ട് ദേഷ്യം വന്ന മഞ്ജുസും അവളെ വിരട്ടി .അതോടെ കരച്ചിലിന്റെ വോളിയം കൂടി .
“ഡീ ഡീ ..മതി മതി…ഇങ്ങു തന്നെ ..”
മഞ്ജുസിന്റെ ഡീലിങ് ഇഷ്ടമാകാത്ത ഞാൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു.
“ഡാ അപ്പൊ കഴിക്കണ്ട ?”
മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“അതൊക്കെ കഴിക്കാം..നീ അതിനെ ഇങ്ങു താ…”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് കൊച്ചിനെ എനിക്ക് തിരികെ നൽകി . നൽകേണ്ട കാര്യം ഒന്നുമില്ല മഞ്ജു കൈനീട്ടിയപ്പോൾ തന്നെ പെണ്ണ് എന്റെ അടുത്തേക്ക് ചാടി വീണു എന്ന് വേണേൽ പറയാം .അതോടെ സ്വിച്ച് ഇട്ടപോലെ പെണ്ണിന്റെ കരച്ചിൽ നിന്നു. അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നു പൊടിഞ്ഞ കണ്ണീരൊക്കെ ഞാൻ കൈകൊണ്ട് തുടച്ചു പെണ്ണിന്റെ കവിളിലൊരുമ്മയും നൽകി .
“പോട്ടെടി പൊന്നുസേ..മ്മടെ അമ്മ അല്ലെ “