തിരഞ്ഞെടുത്തു.ചാനലിൽ ബ്രേക്കിങ് ന്യൂസ് വലിയ ആഘോഷത്തോടെ നടക്കുന്നു.ന്യൂസ് റീഡർ ആവേശത്തോടെ വാർത്ത വായിക്കുന്നു.
‘കൊച്ചിയിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം അയ്യായിരം കടന്നു.നിരവധിപേർ ബാധിക്കപ്പെട്ടിട്ടുണ്ടെന്നാണു സംശയം.ദുരന്തത്തിന്‌റെ തീവ്രത കണക്കിലെടുത്ത് നഗരത്തിൽ അടിയന്തിരമായി ലോക്ഡൗൺ ഏർപ്പെടുത്തിയെന്നു കൊച്ചി കളക്ടർ അറിയിച്ചു.ജനങ്ങൾ വീട്ടിലിരിക്കണമെന്നും ഒരുകാര്യത്തിനും പുറത്തിറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു.
കൊച്ചിയിൽ നിന്നു വന്നു പോയ ആളുകളിൽ നിന്നു കോഴിക്കോട് കണ്ണൂർ,പത്തനംതിട്ട, കാസർകോട് ജില്ലകളിലും രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിടിപെടുന്നവരിൽ കടുത്ത ന്യുമോണിയ, മസ്തിഷ്‌കജ്വരം, മാംസം പൊങ്ങുന്ന അവസ്ഥ എന്നിവയുണ്ടാക്കുന്ന രോഗം വൈറസ് മൂലമാണെന്നാണു സംശയിക്കുന്നത്. കൂടുതൽ പരിശോധനകൾ നടക്കുന്നു.
മിനിഞ്ഞാന്ന് മുച്ചാൻകടവ് കോളനിയിൽ ഒരു ബസ് കണ്ടക്ടറും മകനും മരിച്ചതാണു രോഗബാധയുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്ത ആദ്യ മരണങ്ങൾ. പേഷ്യന്‌റ് സീറോ എന്നറിയപ്പെടുന്ന പ്രാഥമിക വാഹകർ ഇവരാണെന്നാണു സംശയം.ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു. ഒരു അജ്ഞാത യുവതി ഇവരുടെ വീട് സന്ദർശിച്ചതായി കോളനിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സിനിമാതാരങ്ങളായ ജയേഷ് മേനോൻ, മുഹ്‌സിൻ ബഷീർ, മുൻ കൊച്ചി മേയർ രവി മേനോന്‌റെ മകൻ നവനീത് മേനോൻ, ഗായകൻ റാഫി സെയ്ദ് തുടങ്ങിയവരാണ് രോഗം ബാധിച്ചു മരിച്ച പ്രമുഖർ. ഇതിനിടയിൽ പനമ്പിള്ളി നഗറിലെ ആഡംബര വില്ലയിൽ നിന്നു കെ.ആർ ഫിനാൻസ് റീജനൽ മാനേജർ സുപ്രിയ ജയചന്ദ്രന്‌റെ മൃതദേഹം കണ്ടെടുത്തു. രോഗം മൂലമാണ് മരിച്ചത്. എന്നാൽ മറ്റൊരു സ്ത്രീയാണ് വില്ല വാടകയ്‌ക്കെടുത്തതെന്നും സുപ്രിയ എങ്ങനെ അവിടെ എത്തിയതെന്നും അറിയില്ലെന്നു വില്ല ഉടമകൾ പറഞ്ഞു. വാടകയ്‌ക്കെടുത്ത സ്ത്രീ, ഓൺലൈനിലൂടെ വ്യാജവിവരങ്ങളാണു നൽകിയതെന്നും പറയപ്പെടുന്നു.ഇവരെ തിരിച്ചറിയാൻ പറ്റുന്ന ഏക വ്യക്തിയായ വില്ലയുടെ സെക്യൂരിറ്റി റെജി വർഗീസ് ക്ലോറോഫോം അമിതമായി ഉള്ളിൽ ചെന്നതിനെത്തുടർന്നു മരിക്കുകയും ചെയ്തു. രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ സംഭവം ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നു.’
ദീപിക ടിവി ഓഫ് ചെയ്തു.ആദ്യ പരീക്ഷണം വിജയം.കൊച്ചി പുകയുകയാണ്.
സുപ്രിയയുടെ മരണം അവളിൽ നേരിയ നൊമ്പരം ഉണർത്തി.എന്നാൽ, തന്‌റെ ദൗത്യത്തിന്‌റെ ഔന്നത്യത്തെക്കുറിച്ച് ഓർത്തപ്പോൾ അവളിൽ ആനന്ദം നിറഞ്ഞു.പ്രകൃതി പകരം ചോദിക്കുകയാണ്.താൻ പുലർത്തിയ താളങ്ങളും ഈണങ്ങളും തെറ്റിച്ച് ഭൂമിയെ നരകമാക്കിയ മനുഷ്യവംശത്തോട്.
ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മരണങ്ങൾ നടക്കും. ലോകം മുഴുവൻ ഈ മഹാവ്യാധി പരക്കും .ദുര മൂത്ത മനുഷ്യവംശത്തിൽ രോഗത്തെ അതിജീവിക്കുന്നവർ ആത്മാന്വേഷണത്തിനു നിർബന്ധിതരാകും. ഭൂമിയിൽ ഒരു പുതുയുഗം പിറക്കും.
ദീപികയുടെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. ഹോട്ടൽമുറിയുടെ വലിയ ജനാലയിലൂടെ അവൾ കൊൽക്കത്ത നഗരത്തിന്‌റെ ആകാശദൃശ്യം നോക്കി നിന്നു.
അവസാനിച്ചു.
(വായിച്ചവർ അഭിപ്രായം കമന്‌റുകളായി അറിയിച്ചാൽ വലിയ സന്തോഷം …നല്ലതായാലും ചീത്തയായാലും ഇവിടെ എടുക്കും.പ്രോത്സാഹനം തരാൻ മറക്കരുതേ- സസ്‌നേഹം, ഷേണായി)