കനൽ പാത 2 [ഭീം]

Posted by

പകലിനെ ചുട്ട്കരിക്കുകയാണ് സൂര്യൻ.
നെറ്റിതടത്തിലൂടെ കിനിഞ്ഞിറങ്ങിയ വിയർപ്പു കണങ്ങൾ ത്രെഡ് ചെയ്ത പുരികങ്ങളിൽ തങ്ങി നിന്നു.ചെന്താമര കവിളുകൾ പൊള്ളുന്ന ചൂടിൽ ചുവന്നു തുടുത്തു.
അവിടവിടെയായി റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷങ്ങളുടെ തണൽ ഒരാശ്വാസമാണെങ്കിലും ഒരു പെണ്ണായ അവൾക്ക് അവിടെ നിൽക്കാൻ സാധിക്കില്ലല്ലോ.
കുടയെടുക്കാൻ മറന്ന സമയത്തെ അവൾ മനസ്സാ ശപിച്ചു.
മെയിൻ റോഡിലെത്തിയപ്പോൾ അര മണിക്കൂർ നടക്കാനേയുള്ളുവെങ്കിലും ബസ്സിൽ പോകാൻ തീരുമാനിച്ച് ഷീറ്റിൽ പണിത ചെറിയ ബസ്റ്റാന്റിൽ കയറി നിന്നു. ഒന്ന് രണ്ട് പുരുഷൻമാരും പ്രായം ചെന്ന ഒരു സ്ത്രീയും അവിടെ നിൽക്കുന്നതവൾക്കൊരു ധൈര്യം കിട്ടി.
”നീയ്യ്… മ്മ്ടെ ആരിഫാന്റെ ഓളല്ല…?”
”അതെ…”
ഹൊ,തനിക്ക് പരിചയമില്ലാത്തവർ പോലും തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇക്ക പറയുമായിരുന്നു താൻ ഉമ്മാടെ തനി പകർപ്പാണെന്ന്. ആ ഛായയായിരിക്കും ഈ ഉമ്മയിൽ നിന്നും ഇങ്ങനൊരു ചോദ്യം.
മറ്റൊന്നും ചോദിക്കാത്തത് ഭാഗ്യമെന്ന് അവൾ കരുതി .അല്ലങ്കിൾ, കുട്ടികളെ പഠിപ്പിച്ചിട്ട് അരിവാങ്ങേണ്ട ഗതികേട് ഇപ്പോ ഉണ്ടോന്നുള്ള ചോദ്യം കൂടിവന്നേനെ.
പെട്ടെന്നാണ് വിജയൻ മാഷിന്റെ രൂപം റോഡിന്റെ മറുസയഡിൽ പ്രത്യക്ഷപ്പെട്ടത്.കടയിൽ നിന്നിറങ്ങി കൈ കഴുകിയിട്ട് വീണ്ടു മാഷ്അകത്തു കയറിയപ്പോഴാണ് മുന്നിലെ കടയുടെ ബോർഡവൾ ശ്രദ്ധിച്ചത്.
” ഹസീനാ ഹോട്ടൽ”
നിമിഷങ്ങൾക്കകം പുറത്തിറങ്ങിയ മാപ്പ് ബസ്റ്റാന്റിൽ നിൽക്കുന്ന അൻസിയായുടെ മുഖത്തേക്കാണ് നോക്കിയത്. അവൾ ചിരിച്ചെന്ന് വരുത്തിയെങ്കിലും കണ്ടഭാവം നടിക്കാതെ അയാൾ നടന്നു നീങ്ങുകയാണുണ്ടായത്.
എന്തൊരു മനുഷ്യനാണിയാൾ? മിണ്ടിയില്ലെങ്കിൾ തനിക്കെന്താ… തന്റെ ആരുമല്ലല്ലോ.
അങ്ങനെ ചിന്തിച്ചവൾ ആശ്വാസം കണ്ടെത്തി.

ഉച്ച ഊണിന്റെ ഷീണത്തിലും പുറത്തെ ചൂടിന്റെ കാഠിന്യത്തിലും ചെന്ന് കിടന്ന പാടേ മാഷ് ഉറങ്ങി പോയി.ഉണർന്നപ്പോൾ സന്ധ്യയോടടുത്തു. വേഗം കുളിച്ചു റെഡിയായി.
അയാൾ ഓർക്കുകയായിരുന്നു…..
എന്നും ആറരയ്ക്ക് ലക്ഷി അമ്മ ചായകൊണ്ടു തരും. റോഡിലേയ്ക്കുള്ള സർവ്വീസ് അപൂർവ്വമാണ്. വളരെ കൂട്ടുകാർ ഇല്ലാത്തതാണ് കാരണം. ഉള്ളവർ ഗൾഫിലും. പിന്നെയുള്ള സമയങ്ങൾ പുസ്തകങ്ങളുടെ ലോകത്തും. ഇടയ്ക്ക് അമ്മ കഞ്ഞിയുമായി വരും.
തിളച്ച് മറിയുന്ന പുത്തരികഞ്ഞിയിൽ വറ്റൽമുളകും ചെറു ഉള്ളിയും തേങ്ങാ പാലും ചേർത്തൊരു രസികൻ കഞ്ഞി. ചിലപ്പോൾ നെത്തോലി പൊടിയോ കൊഞ്ചുപൊടിയോ,ഇഞ്ചി ചേർത്ത ചമ്മന്തിയും കാണും. പിന്നെയുള്ള പുസ്തകവായന അമ്മയുടെ മടിയിൽ കിടന്നാണ്. ആ സമയങ്ങളൊക്കെയും അമ്മയുടെ കൈവിരലുകൾ തന്റെ മുടിയിഴകിൽ തഴുകി കൊണ്ടിരിക്കും. അതിനിടയ്ക്കാണ് അമ്മ കഥകളുടെ ഭാണ്ഡം അഴിച്ച് വിടുക. ചിലപ്പോൾ ഭാവി മരുമകളുടെ ഭാവനയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *