അയാൾ തിരിഞ്ഞ് അൻസിയായെ നോക്കി.
”അൻസിയ കരുതും പോലുള്ള സാഹചര്യമല്ല ഇവിടുള്ളത്.മറ്റൊരു ജോലി തരപ്പെട്ടാൽ അവിടെ നിർത്തും ഈ ഗുരുകുലം.”
സത്യമാണെങ്കിൾ പോലും മാഷ് അത്രയും ആ മുഖത്ത് നോക്കി പറഞ്ഞൊപ്പിച്ചു.
” അതുവരെ എനിക്ക് തുടരാമല്ലൊ മാഷെ… ചിലപ്പോൾ വിസ ശരിയായാൽ നേരത്തെ ഞാൻ പോകും.”
ഒരണു പോലും പിൻതിരിയാൻ അവൾ തയ്യാറായിരുന്നില്ല. അതിനും അവൾക്ക് പറയാൻ ഒരു കാരണമുണ്ട്…
പഠിത്തം കഴിഞ്ഞ് എത്ര നാളായി നാല് മതിലിനുള്ളിലെ വലിയ വീട്ടിൽ അടച്ചിട്ട കിളിയെ പോലെ ജീവിക്കുന്നു. ആകെ സംസാരിക്കുന്നത് ഉമ്മയോട് മാത്രം. ഇക്ക പറഞ്ഞിട്ടാണ് B Edപോലും എടുത്തത്. പറക്കാൻ ഇനി എത്രനാൾ കാത്തിരിക്കണം എന്നാർക്കറിയാം? ട്യൂഷൻ പ്രാക്ടീസിന് പോകാൻ പറഞ്ഞപ്പോൾ സന്തോഷം അടക്കാനായില്ല. മതിൽ കെട്ടിനു പുറത്തെ ലോകം കാണാനുള്ള മനസിന്റെ വെമ്പൽ തിരച്ചറിഞ്ഞപ്പോൾ ഉമ്മായെ കെട്ടിപ്പുണർന്ന് ഉമ്മ കൊടുത്തു പോയി .സ്കൂട്ടിയോ കാറോ എടുത്ത് പോയാൽ മതിയെന്നാണ് ഉമ്മ പറഞ്ഞതെങ്കിലും ബാഗും തൂക്കി നടക്കാൻ ഒരാനന്ദം തോന്നി.
ഗ്രാമത്തിലെ, വലിയ തിരക്കില്ലാത്ത റോഡായിരുന്നിട്ടും, ശുദ്ധവായുവിനെ മലിനമാക്കി പാഞ്ഞ് പോകുന്ന വാഹനങ്ങളുടെ പുക ദോഷമാണെന്നറിയാമായിരുന്നിട്ടും അതാസ്വദിച്ച് പോയി.
സൂര്യനുദിച്ചിട്ടും വിട്ടുമാറാൻ കൂട്ടാക്കാതെ മടിച്ചുനിന്ന തണുപ്പിനെപുൽകി വേഗം നടക്കുമ്പോൾ എത്ര പേരാണ് കുശലാന്വേഷണം നടത്തിയത്. കണ്ട് മറന്ന എത്രയെത്ര മുഖങ്ങൾ…
ഗ്രാമവും, ഗ്രാമഭംഗികളും തിരിച്ചറിയുന്ന മുഖങ്ങളും കണ്ടാസ്വദിച്ച് നടക്കുമ്പോൾ വിസ വരാതിരുന്നങ്കിലെന്ന് ഒരു നിമിഷം അൻസിയ ചിന്തിച്ചു പോയി.
”മാഷേ… ശംബളം മോഹിച്ച് ഓടി വന്നതൊന്നുമല്ല ഞാൻ .അതോർത്തു ടെൻഷനടിക്കണ്ട. അല്ലങ്കിലും ഞാൻ ശംബളം ചോദിച്ചില്ലല്ലോ…”
അവൾ വെളുക്കെ ചിരിച്ചു.
ഹെഹാ… ഇതൊരു ഒഴിയാബാധയാണോ? മാഷിന് അങ്ങനെ ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.
വളരെ ശാന്തത വിളിച്ചോതുന്ന മുഖമാണെന്ന് തിരിച്ചറിഞ്ഞ അവൾ മാഷിനോട് കൂടുതൽ ഫ്രണ്ട് ലി ആകാൻ ശ്രമിച്ചു.
” മാഷേ… വെളുപ്പിന് കുളിച്ച്, മുഖത്ത് ഛായവും പുരട്ടി,ഉടയാത്ത ട്രെസ്സും ധരിച്ച്, തോളിലൊരു ബാഗും തൂക്കി റോഡരുകിലൂടെ നടന്ന് ഈ… ഗുരുകുലത്തിലെത്തിയപ്പോൾ വലിയൊരു ഉദ്വോഗം കിട്ടിയൊരു ഫീൽ….”
വിജയൻ മാഷ് അത് കേട്ട് വാ പൊളിച്ചിരുന്നു പോയി.
”പിന്നെ……”
”പിന്നെ……?” മാഷ് അറിയാതെ ചോദിച്ചു പോയി.
” പിന്നെ… ഇക്ക ജോലി ശരിയാക്കിയാൽ ഉടനെ പൊയ്ക്കൊള്ളാം. അതുവരെ… അതുവരെയെങ്കിലും… ഞാൻ ഇവിടെ തുടർന്നോട്ടെ മാഷേ …”
അറച്ചറച്ചാണ് അവൾ പറഞ്ഞതെങ്കിലും ആ വാക്കുകളുട നീളം സന്തോഷവും പ്രതീക്ഷകളും നിറഞ്ഞിരുന്നതായി മാഷിന് തോന്നി.
ഈ സൗന്ദര്യം തുടർന്നും കാണാൻ തന്റെ മനസ്സ്കൊതിക്കുന്നുവോ?…’ ഒരു സത്രീകളോടും അവരുടെ സൗന്ദര്യത്തോടും ഇതുവരെ തോന്നാത്തൊരു ആകർഷണം തനിക്ക് ഇവളോട് തോന്നുന്നതെന്താണ്…..?അമ്മേ… ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടുന്നില്ലല്ലോ.
ഈ യാചനക്കു മുന്നിൽ താനെന്താണ് പറയുക? വരണമെന്നോ…വരണ്ടായെന്നോ…? ആ കണ്ണുകളിൽ നോക്കുമ്പോൾ എന്തെന്നില്ലാത്തൊരു അനുഭൂതി ആന്തരാത്മാവിൽ നിറയുന്നു.
മാഷിന്റെ ഇമവെട്ടാതെയുള്ള നോട്ടം ശ്രദ്ധിച്ച അവളിൽ വല്ലാത്തൊരു നാണം ഉടലെടുത്തെങ്കിലും അത് പുറമെ കാണിച്ചില്ല.