” അതൊക്കെ ഉണ്ടായിരുന്നു… ഇനി ആ വണ്ടിയിൽ ഇരുന്ന് കാറ്റ് കൊണ്ട് പനി കൂടിയാൽ പിന്നെ അത് മതി … ”
” ഈ അമ്മക്ക് പേടിയാ അപ്പാ… ”
റോഷൻ ടോണിയെയും കൂട്ടി അകത്തേക്ക് കയറി… വാതിൽക്കൽ എത്തിയപ്പോൾ റോഷൻ
അവനെ നിലത്ത് നിർത്തി കവിളിൽ ഒരു ഉമ്മ കൊടുത്തു
” അപ്പൻ ഇപ്പൊ വരാട്ടാ… പെട്ടി ഒക്കെ ഇറക്കട്ടെ ”
റോഷൻ തിരിഞ്ഞു നടന്നു…
കാറിൽ നിന്നും ഓരോ പെട്ടിയായി റോഷൻ പുറത്തേക്ക് എടുത്തു വച്ചു…
ടാക്സിക്കാരന് പറഞ്ഞ പൈസ കൊടുത്ത് യാത്രയാക്കി… പെട്ടിക്ക് നല്ല ഭാരം ഉണ്ട്… എയർപോർട്ടിൽ വച്ച് പെട്ടി തള്ളി കൊണ്ട് പോകുന്ന ട്രോളി പോലെ ഒന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു…
ആ സംവിധാനം വീട്ടിൽ കിട്ടില്ലല്ലോ….
സോഫി വാതിൽ തുറന്ന് അകത്ത് കയറി…
മനസ്സ് ദൃഢമാക്കി റോഷൻ ഒരു പെട്ടി പതിയെ പൊക്കി അകത്ത് തന്റെ കിടപ്പുമുറിയിൽ കൊണ്ടുപോയി വച്ചു…
തിരികെ വന്ന് അടുത്ത പെട്ടിക്കായി കുനിഞ്ഞപ്പോൾ നടുവിന് നല്ല വേദന തോന്നി…
അയാൾ ഒന്ന് നിവർന്നു നിന്നു…
കലശലായ ക്ഷീണം ഉണ്ട്… വേഗം ഒന്ന് കുളിക്കണം, അതുകഴിഞ്ഞാൽ എന്തെങ്കിലും കഴിച്ച് നന്നായൊന്ന് ഉറങ്ങണം… ബാക്കിയൊക്കെ പിന്നെ…
അയാൾ മനസ്സിലുറപ്പിച്ചു…
റോഷൻ വീണ്ടും പെട്ടി എടുക്കാൻ കുനിഞ്ഞു… ഈ പെട്ടിക്ക് മുന്പത്തെത്തിനെക്കാൾ കനം കൂടുതൽ ആണ്… അതുകൊണ്ട് തന്നെ ആ പെട്ടി ചുമക്കുമ്പോൾ ഉണ്ടായ ആയാസം അയാളുടെ ശരീരത്തിൽ പ്രതിഫലിച്ചു…
ഇനി ഒരു ബാഗ് കൂടി ഉണ്ട്…
അത് കൂടി എടുക്കണമല്ലോ എന്ന കാര്യം ഓർത്തുകൊണ്ടാണ് അവൻ അകത്തേക്ക് കയറിയത്…
പതിയെ പതിയെ വേച്ചു വെച്ച് കുറച്ച് സമയം എടുത്തുകൊണ്ട് ആയാലും അയാൾ ലക്ഷ്യം കണ്ടു…
” കർത്താവേ…
പെട്ടി നിലത്ത് വച്ചതും റോഷൻ നീട്ടി ഒരു നെടുവീർപ്പിട്ടു…
ബാഗ് എടുക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ സോഫി അവിടെ ബാഗുമായി അടുത്ത വീട്ടിലെ ജലജേച്ചിടെ ഭർത്താവുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടു… അയാൾ മതിൽക്കെട്ടിന്റെ അപ്പുറത്താണ് നിൽക്കുന്നത്…
പുള്ളിക്കാരൻ ആരെയെങ്കിലും സംസാരിക്കാൻ കിട്ടിയാൽ പിന്നെ വിടില്ല എന്ന കാര്യം റോഷന് നന്നായി അറിയാം…
സ്ത്രീകളോടാണ് സംസാരിക്കുന്നത് എങ്കിൽ പിന്നെ പറയുകയെ വേണ്ട…
” ഇനി രണ്ട് മാസം ഇവിടുണ്ടാവും ”
സോഫി അയാളോട് പറഞ്ഞു
റോഷന്റെ വരവ് അപ്പോഴേക്കും അയാൾ കണ്ടിരുന്നു…
” എന്തൊക്കെ ഉണ്ടെടാ ഗൾഫിൽ വിശേഷം…??? നല്ല ചൂടാണോ??? ”
സോഫി പെട്ടന്ന് തിരിഞ്ഞു നോക്കി തന്റെ പുറകിൽ ഇച്ഛായൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല…
” ഏയ് ഇപ്പോ അവിടെ ഒക്കെ നല്ല മഴയാന്നെ… ഇവിടത്തേക്കാളും മഴയാ അവിടെ… “