റോഷൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി… റോഷന്റെ കയ്യിൽ ഒരു കവറും ഉണ്ട്…
” അല്ല ചേട്ടാ… ഞാൻ പല്ലൊന്നും തെച്ചിട്ടില്ല… ”
റോഷനും സോഫിയും പൊട്ടി ചിരിക്കാൻ തുടങ്ങി…
” അതല്ലാടാ… പുറകിലെ പറമ്പിലേക്ക് ആണ്… ” സോഫി ഇടക്ക് കയറി പറഞ്ഞു…
” നീ ഇങ്ങു വന്നേ… ”
റോഷൻ സജീഷിന്റെ കൈ പിടിച്ച് ചെവിയോട് അടുപ്പിച്ചു…
എന്തോ പറഞ്ഞ ശേഷം റോഷൻ ഇറങ്ങി നടന്നു…
സജീഷ് പെട്ടന്ന് അകത്തേക്ക് കയറി…
” അമ്മേ നിങ്ങള് രണ്ടുപേരും സംസാരിച്ച് ഇരിക്ക്… ഞങ്ങൾ ഇപ്പൊ വരാം…”
” അതിന് നീ അകത്തേക്ക് എന്തിനാ പോകുന്നെ… ”
‘അമ്മ പരിഭവം പ്രകടിപ്പിച്ചു…
” ഒരു ഷർട്ട് ഇടട്ടെ അമ്മേ… ” അവൻ അകത്തേക്ക് ഓടിപ്പോയി ഷർട്ട് എടുത്ത് ഇട്ട് അടുക്കള വശത്തെ വാതിൽ വഴി പുറത്തേക്ക് ഇറങ്ങി പോയി…
” ഇവനിതെന്താ ഒരു വെപ്രാളം… ”
സോഫി ചെറിയ ശബ്ദത്തിൽ പറഞ്ഞു…
സജീഷ് പറമ്പിലേക്ക് ഓടി… അവന്റെ കയ്യിൽ 2 ഗ്ലാസ്സും ഒരു കുപ്പി വെള്ളവും ഉണ്ടായിരുന്നു..
അവിടെ വീണുകിടക്കുന്ന മാവിന്റെ തടിയിൽ അവർ ഇരുവരും പോയി ഇരുന്നു…
” ഇത് ഒടിഞ്ഞു വീഴോ ടാ ?? ”
റോഷന് അതിന്മേൽ ഉള്ള ഇരിപ്പ് അത്ര പന്തിയായി തോന്നിയില്ല…
” ഏയ്.. ഞാൻ എത്ര കാലായി ഇരിക്കണതാ… ”
ചേട്ടൻ പേടിക്കണ്ട… ”
റോഷൻ കവറിൽ നിന്ന് ഒരു കുപ്പി പുറത്തെടുത്തു…
അതൊരു വൈറ്റ് റം ആയിരുന്നു…
സജീഷ് അതിലേക്ക് സൂക്ഷിച്ചു നോക്കി… പുറമെ വെളുത്ത ചരട് കൊണ്ട് ഒരു വല പോലെ നെയ്ത് പ്രത്യേക ആകൃതിയിൽ അലങ്കാരിച്ചിരിക്കുന്നു…
കുപ്പിയുടെ താഴെ ആയി 1888 എന്ന് വലുതായി എഴുതിയിട്ടുണ്ട്… അതെന്താണെന്ന് അവന് മനസ്സിലായില്ല…
ചിലപ്പോൾ ഈ മദ്യം ആദ്യമായി പുറത്തിറങ്ങിയ വർഷം ആയിരിക്കണം…
റോഷൻ ആ കുപ്പി സജീഷിന്റെ കയ്യിൽ കൊടുത്തു…
” ഇത് എന്റെ വക ഒരു ഗിഫ്റ്റ്… ഗൾഫിൽ നിന്ന് ആഗ്രഹിച്ചു വാങ്ങിച്ച ചുരുക്കം ചില സാധനങ്ങളിൽ ഒന്നാണ്… ”
” സോഫി നിന്നെക്കുറിച്ച് പറയുമ്പോൾ ഒക്കെ ഞാൻ വിചാരിക്കാറുണ്ട് ഒന്ന് കാണണം എന്ന്… ”
സജീഷ് കയ്യിലിരിക്കുന്ന കുപ്പിയിലേക്ക് നോക്കി
” ബ്രൂഗൽ എസ്ട്രാ ഡ്രൈ ”
അവൻ മദ്യത്തിന്റെ ബ്രാൻഡ് നാമം വായിച്ചു…
വിലപിടിപ്പുള്ള ഐറ്റം ആണെന്ന് തോന്നുന്നു…
സജീഷ് റോഷനെ ബഹുമാനത്തോടെ നോക്കി…
” ചേട്ടാ… ഞാൻ അങ്ങനെ കുടിക്കാറൊന്നും ഇല്ല… ”
നല്ലപോലെ പണിയെടുത്ത് വിയർത്ത് ആണ് വരുന്നതെങ്കിൽ മാത്രം 2 പെഗ്ഗ് കഴിക്കും… ”
അതും നാലഞ്ചു മാസത്തിൽ ഒരിക്കൽ എങ്ങാനും കഴിച്ചാൽ ആയി… ”
റോഷൻ അവന്റെ പുറത്ത് തട്ടി…
” പതുക്കെ കഴിച്ചാൽ മതിയെടോ… “