അല്പം ഗൗരവം മുഖത്തുവരുത്തി രാജീവ് ചോദിച്ചു.
“സാറെ…… പാട്ട പെറുക്കാൻ…….”
അവരിൽ ഒരുവൻ വിക്കി.
“ഇവിടാണോ സ്ഥിരം……”
“പകൽ വന്നു പോകും സാറെ……”
“മ്മ്മ്മ്മ്….ഇവിടെ അധികം കറങ്ങാൻ
നിക്കണ്ട,കേട്ടോടാ.”അയാൾ അവരെ ഒന്ന് വിരട്ടി.”എന്നാ ചെല്ല്”
അയാളുടെ വാക്ക് കേട്ട് ശ്വാസം കിട്ടി എന്നത് പോലെ തിരിഞ്ഞോടിയ അവരെ അയാൾ തിരിച്ചു വിളിച്ചു
“എന്താടാ ഒരു വശപ്പിശക്.എന്നെ എന്തിനാ നിങ്ങൾ പേടിക്കുന്നെ.”
“അത് പിന്നെ സാറെ……അന്ന്…..”
“ഓഹ് അത് നിങ്ങളാരുന്നൊ.ഇങ്ങ് വന്നെ ചോദിക്കട്ടെ.ആരാ ആദ്യം കണ്ടത്? “
“ഇവനാ സാറെ…..ഇവൻ ഒച്ചയിട്ടപ്പോ
ഞങ്ങൾ അങ്ങോട്ട് ചെല്ലുവാരുന്നു.
പിന്നെ കുറെ ചേട്ടൻമാരും വന്നു.”
“നിങ്ങൾക്ക് അവിടുന്ന് വല്ലതും കിട്ടിയോ?സത്യം പറഞ്ഞോണം. അല്ലെ ചന്തി തല്ലി പഴുപ്പിക്കും ഞാൻ”
“ഇല്ല സാറെ…..നേരായും ഇല്ല”
“എടൊ പത്രോസേ…..ഇവൻമാരെ അങ്ങ് ജീപ്പിലോട്ട് കേറ്റ്.ബാക്കി സ്റ്റേഷനിൽ ചെന്നിട്ടാവാം.”
“സർ……. അത്……”
“പറയുന്നത് ചെയ്യടോ”
അവരുടെ സംസാരം കേട്ട പേടിയിൽ അവരിൽ ഒരുവൻ ഒരു പഴ്സ് എടുത്തു നീട്ടി.അത് കണ്ടതും പത്രോസ് രാജീവിനെ ഒന്ന് നോക്കി.
“ഇതെ ഉല്ലോടാ……കിട്ടിയപ്പോൾ ഉള്ളതൊക്കെ ഇതിലുണ്ടോ”അത് വാങ്ങുമ്പോൾ രാജീവ് ചോദിച്ചു.
പക്ഷെ അവരുടെ തല കുനിഞ്ഞു.
“ആ അപ്പൊ വേണ്ടത് എടുത്തു അല്ലെ.”അയാൾ അതും പറഞ്ഞ് അത് മുഴുവൻ തുറന്നു നോക്കി.
രക്തക്കറപിടിച്ച അതിൽ നിന്നും അയാൾക്ക് ഒരു വിസിറ്റിങ് കാർഡ് മാത്രം കിട്ടി.പക്ഷെ അക്ഷരങ്ങൾ രക്തം പുരണ്ട് തിരിച്ചറിയാൻ പ്രയാസമായിരുന്നു.പക്ഷെ അതിലെ സിംബൽ മാത്രം മായാതെ നിന്നിരുന്നു.അവിടെയുള്ള മറ്റ് ആളുകളോടും രാജീവ് സംസാരിച്ചു എങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ ആർക്കും കഴിഞ്ഞില്ല.