ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Posted by

“ആള് മാന്യനാ സാറെ….ബിസിനസ് അല്ലെ,അപ്പോൾ സുരയെപ്പോലെ ഉള്ള ആരേലുമായിട്ട് ബന്ധം കാണും.
ഒരു തരത്തിൽ നോക്കിയാൽ ഈ രാഷ്ട്രീയക്കാരും ബിസിനസുകാരും ഗുണ്ടകളും ഒരു ത്രികോണത്തിന്റെ ഓരോ മൂലകളാ.അവർ പരസ്പരം സഹായിച്ചുകൊണ്ടിരിക്കും.പക്ഷെ ഈ കേസിൽ മാധവന് പങ്കുണ്ടാവാൻ വഴിയില്ല.കാരണം ഭൈരവൻ അയാളുടെ വിഷയമല്ല.അവനെ കൊന്നു തള്ളിയിട്ട് ഒന്നും കിട്ടാനുമില്ല.
ആകെ സംശയിക്കാവുന്നത് സുരയെ ആണ്.പക്ഷെ മാധവനും ഇരുമ്പും തമ്മിൽ ചില ഇടപാടുകൾ ഉണ്ടെന്ന് കരുതി അയാൾക്ക് ഇതിൽ പങ്കുണ്ട് എന്നതിന്,അയാളിലേക്ക് ലീഡ് ചെയ്യുന്ന ഒരു തുമ്പെങ്കിലും കിട്ടാതെ ഒന്നും ഉറപ്പിക്കുക വയ്യ സർ.പേരിന് നമ്മൾ സംശയിക്കുന്ന ആളുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താം എന്നല്ലാതെ
വേറൊന്നും തത്കാലം പറ്റില്ല സർ.”

“അതേടോ…..ആ സംശയം അങ്ങനെ
നിൽക്കട്ടെ.വഴിയിൽ മാധവൻ എന്ന പേര് വീണ്ടും കേൾക്കാൻ ഇടവന്നാൽ
അന്ന് നോക്കാം.”

“അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത് സർ.ഇപ്പോൾ എങ്ങനെ എന്ന് ധാരണയുണ്ട്.ആര്? എന്തിന്?എവിടെ വച്ച്?എന്നത് വല്ലാതെ കുഴക്കുന്നുണ്ട് സർ.”

“ബേജാറ് വേണ്ട പത്രോസേ…അതിന് ആദ്യം വേണ്ടത് ജയിലിൽ നിന്നും ഇറങ്ങിയ ഭൈരവൻ സഞ്ചരിച്ച വഴിയിലൂടെ നമ്മളും സഞ്ചരിക്കണം.
ഇത്തിരി മെനക്കേട് ആണ്.അവിടെ എവിടെയോ ഈ കേസിന്റെ ചുരുൾ അഴിക്കാനുള്ള താക്കോലിരിപ്പുണ്ട്.”

ഓരോന്ന് പറഞ്ഞും വിശകലനം ചെയ്തും അവർ മാലിന്യകൂമ്പാരത്തിലെത്തി.അവിടെ പതിവ് ജോലികൾ നടക്കുന്നുണ്ട്.
ഭൈരവനെ കിട്ടിയ ഇടം പോലീസ് ഇതിനിടയിൽ തന്നെ കൈവശം വച്ചു തിരിച്ചിട്ടിരുന്നു.അവർ അതിനുള്ളിൽ പ്രവേശിച്ചു.രാജീവ്‌ അവിടെ മൊത്തം നന്നായി പരതിയെങ്കിലും പ്രതേകിച്ച്
ഒന്നും കിട്ടിയില്ല.”

“ഇത് ഞാൻ പ്രതീക്ഷിച്ചതാ സാറെ.
നമ്മൾ ഇത് അറിഞ്ഞത് തന്നെ വൈകിയല്ലേ”അയാളുടെ മുഖത്തെ നിരാശകണ്ട് പത്രോസ് പറഞ്ഞു.

അയാളുടെ വാക്കുകൾ മൂളിക്കേട്ട രാജീവ്‌ ആ പരിസരം ആകെയൊന്ന് വീക്ഷിച്ചു.തീർത്തും വിജനമായ പ്രദേശം.ഇരുട്ടിന്റെ മറയിൽ സാമൂഹ്യ വിരുദ്ധതക്ക് പറ്റിയ ചുറ്റുപാട്.
അവിടെക്കണ്ട ചെക്കൻമാരെ രാജീവ്‌ അടുത്തേക്ക് വിളിപ്പിച്ചു.
തന്റെ ഔദ്യോഗിക വാഹനത്തിൽ ചാരി നിൽക്കുകയാണ് അയാൾ.
അല്പം ഭയത്തോടെയാണെങ്കിലും ആക്രി പെറുക്കിക്കൊണ്ടിരുന്ന ചെക്കൻമാർ അയൽക്കരികിലെത്തി

“എന്താടാ ഇവിടെയൊരു ചുറ്റിക്കളി.”

Leave a Reply

Your email address will not be published. Required fields are marked *