“കഴിക്കുന്നെങ്കിൽ എല്ലാരും ഒന്നിച്ച്.
അല്ലാതെ ഇവനുമാത്രം ഒറ്റക്ക് വേണ്ട”അതും പറഞ്ഞുകൊണ്ട് വീണ മുറിവിട്ടിറങ്ങി.ഒപ്പം അവൾ ശംഭുവിന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു
അപ്പോഴേക്കും ശംഭുവിന് കാര്യങ്ങൾ
വ്യക്തമായിരുന്നു.”ടീച്ചറുടെ ഏട്ടൻ വന്നിരിക്കുന്നു”അവൻ മനസ്സിൽ പറഞ്ഞു.
യാന്ത്രികമായി അവൾക്കു പിന്നാലെ നടക്കുമ്പോൾ അതാ അദ്ദേഹം മുകളിലെക്ക് വരുന്നു.ഒപ്പം ഒരു ചിരിയോടെ ഗോവിന്ദും.പിന്നാലെ അല്പം പേടിയോടെ ഗായത്രിയുമുണ്ട്.
അയാളെ കണ്ടതും വീണ അവന്റെ കയ്യിലെ പിടുത്തം മുറുക്കി.
ഒരിക്കൽ പോലും മുകളിലേക്ക് വന്നിട്ടില്ലാത്ത ഏട്ടന്റെ വരവ് കണ്ട് സാവിത്രി പകച്ചുപോയി.ഗോവിന്ദ് പിന്നാലെയുള്ളത് അവൾക്ക് കാര്യങ്ങളുടെ കിടപ്പും ഇനിയെന്താ നടക്കുക എന്നും മനസിലായിത്തുടങ്ങിയിരുന്നു.വീണ, അവളെയാണ് സാവിത്രിക്ക് ഭയം.
അവൾ എങ്ങനെ പ്രതികരിക്കും എന്നത് തന്നെ കാരണം.
“സാവിത്രി….. എന്താ ഇതൊക്കെ?”
“എന്താ ഏട്ടാ….?”
“ഞാൻ ഇനിയും വിശദമാക്കണോ
അത്?ഇവനെന്താ ഇവിടെ കാര്യം?”
“അത് ഏട്ടാ……ആണുങ്ങൾ ഇല്ലാത്തപ്പൊ ഒരു കൂട്ടാവും എന്ന് കരുതി.”
“അതിന്…?വീട്ടിൽ കയറ്റി പട്ടുമെത്തയിൽ കിടത്തി മൃഷ്ടാന്നം കൊടുക്കണോ?മുന്നേ എങ്ങനെ ആയിരുന്നോ അതുപോലെയൊക്കെ മതി.പറമ്പിൽ പണിക്ക് നിക്കുന്നവൻ ആണെങ്കിൽ ആ സ്ഥാനത്തു നിർത്തണം.അല്ലാതെ കണ്ട താണ ജാതിയെയൊന്നും വീട്ടിനുള്ളിൽ
കയറ്റിയിരുത്തുകയല്ല വേണ്ടത്.”
“കണ്ടില്ലേ അമ്മാവാ……അവനെ ഊട്ടാനുള്ള വരവായിരുന്നു.”
“നീ ആദ്യം നിന്റെ ഭാര്യയെ നിലക്ക് നിർത്താൻ പഠിക്ക്.ഞാൻ പറയുന്നത് എന്റെ അനിയത്തിയോടാ”
സാവിത്രി ഒന്നും മിണ്ടാതെ നിൽക്കുകയാണ്.”നീയായിട്ട് ഇവനെ ഇറക്കി വിടുന്നോ,അതോ ഞാൻ പിടിച്ചു പുറത്താക്കണോ?”അവളുടെ മൗനം കണ്ട് അയാൾ ചോദിച്ചു.
ഇതുകേട്ട വീണയുടെ മുഖം ചുവന്നു.
അവളുടെ മാറ്റം മനസിലാക്കിയ സാവിത്രി അവളുടെ കൈകളിൽ കടന്നുപിടിച്ചു.”ഞാൻ പറഞ്ഞു വിട്ടോളാം ഇവനെ”അതിനിടയിൽ കയറിനിന്ന് സാവിത്രി പറഞ്ഞു.
“ഇനി നിന്നോട് പ്രതേകിച്ചു പറയണോ
ഇറങ്ങാൻ.ഒന്ന് വേഗം ആകട്ടെ.
ഇവിടെ നിന്ന് തിരിയാതെ എല്ലാരും ചെന്ന് കഴിക്കാൻ നോക്ക്”