ദാണ്ടവിടെ എടതുവശത്ത്.
കേശവൻ നോക്കിയപ്പോൾ മൂന്നാലു പെണ്ണുങ്ങളുടെ ഇടയിൽ നിൽക്കുന്നു കാന്താരി. അവനെ നോക്കി കൈവീശിക്കാട്ടുന്നു.
നമസ്കാരം സാറ. സാറും ചേച്ചീം സുഖമായിരിപ്പില്ലേ. അവൻ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് കുശലം ചോദിച്ചു. മറ്റുള്ള പെണ്ണുങ്ങൾ എന്തൊക്കെയോ കുശുകുശുക്കുന്നത് അവൻ കണ്ടു.
അവൾ കൂട്ടം വിട്ട് മുന്നോട്ടു വന്നു. അതേയ് അവരടെ കാര്യം അറിയണേൽ വീട്ടീച്ചെന്നന്വേഷീര്. വല്ല്യ ചോദ്യങ്ങൾ! ഈ ഞാനെങ്ങനെയൊണ്ടെന്ന് ചോദിച്ചില്ലല്ലോ.
അവൻ ചിരിച്ചുപോയി. കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും നീ ഒരേപോലാന്നല്ലോടീ! നിന്നെക്കണ്ടാലറിയാല്ലോ! ഒരു കൊഴപ്പോമില്ലെന്ന്!
ഓ പിന്നേ! കണ്ടാലറിയാം! ഇങ്ങോട്ടു വന്നേ! അവളവന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ കൈകോർത്ത് മരച്ചുവട്ടിലേക്കു നടന്നു.
കേശവന് കൗതുകം തോന്നി. ഒരു പെണ്ണും ഇതുവരെ ധീരശൂരപരാക്രമിയായ കേശവൻ സഖാവിനോട് ഇങ്ങനെ പെരുമാറിയിട്ടില്ല.
കേശവേട്ടനെന്തിനാ കണ്ണീക്കണ്ട പെണ്ണുങ്ങടെ കൂടെ നടക്കണത്? എപ്പഴും കാണും ഉപഗ്രഹങ്ങൾ രണ്ടുമൂന്നെണ്ണം! അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
എടീ സാറക്കൊച്ചേ. അവരെല്ലാം പാർട്ടിക്കാരോ അല്ലെങ്കിൽ അനുഭാവികളോ ആണ്. നിനക്കെന്താടീ?
കേശവേട്ടന്റെ കൂടെ ഒരുപെണ്ണിനേം കാണുന്നതെനിക്കിഷ്ട്ടമല്ല! അവൾ കടുപ്പിച്ചു പറഞ്ഞു.
കേശവനു ദേഷ്യം വന്നു. അവന്റെ സ്വഭാവത്തിന് മുഖത്തടിച്ചപോലെ എന്തെങ്കിലും പറയണ്ടതാണ്. അവന്റെ ചോരയിരമ്പി ചുവന്നു വന്ന മുഖം കണ്ടപ്പോൾ സാറയൊന്നു ഞെട്ടി. അവൾ പിന്നിലേക്കു നീങ്ങി.
അവളുടെ ഭയന്ന മുഖം കണ്ടപ്പോൾ അവൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു. സ്വയം നിയന്ത്രിച്ചു. സാറാ…സ്വരം ശാന്തമായിരുന്നു. നീ ചെല്ല്. കൂട്ടുകാരികൾ നോക്കിനിൽക്കുന്നു. വൈകുന്നേരം എന്റെ കൂടെ വാ. വീട്ടിൽ കൊണ്ടാക്കിയേക്കാം. അപ്പോ സംസാരിക്കാം.
ആ ദേഷ്യമുള്ള മുഖം പോലും എത്ര സുന്ദരമാണ്. കടിച്ചുതിന്ന് വയറ്റിനുള്ളിൽ ഒളിപ്പിക്കണം ഈ സഖാവിനെ! ആർക്കും കൊടുക്കരുത്. കൂട്ടുകാരികളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സാറ ഉള്ളിലോർത്തു ചിരിച്ചു.
ഡീ! എന്നാലും നീയാ തീപ്പൊരീടെ കയ്യീക്കേറിപ്പിടിച്ചല്ലോ! പൊള്ളിയോടീ? ഷെർളി അത്ഭുതം കൂറി
ഇല്ലെടീ. സാറ മന്ദഹസിച്ചു. ന്നാലും നല്ല ചൂടൊള്ള കൈത്തണ്ട!
നിനക്കു വട്ടായെടീ. അല്ലേല് ഒരാമ്പ്രന്നോന്റെ കയ്യീക്കേറി പിടിക്കുമോ?