മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

ഞാനും  ഇയാൾടെ കോളേജിലാ. ഫസ്റ്റിയർ ബീഎസ്സ്സി. പ്രസംഗിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. നമ്മളു പാവങ്ങളെയൊന്നും ഗൗനിക്കത്തില്ലല്ലോ. പാർട്ടീലെ സുന്ദരിക്കോതമാരൊണ്ടല്ലോ! അവളുതന്നെ അറിയാതെ പരിഭവങ്ങളുടെ ചാക്കുകെട്ടഴിച്ചുപോയി.

കേശവൻ ചിരിച്ചുപോയി.

ഇയാളെന്തിനാ ചിരിക്കുന്നേ? അവളു പിന്നേം കെറുവിച്ചു.

കേശവൻ സൈക്കിളു നിർത്തി വശത്തുള്ള കലുങ്കിൽ കാലുകുത്തി. ചിരിക്കാതെന്തു ചെയ്യും! പ്രസ്ഥാനത്തിലുള്ളവരോട് , ആണായാലും പെണ്ണായാലും ഒരേ മനോഭാവമാണ്, സഖാക്കളായി! അല്ലാതെ നീ പറയണപോലെ.. അവൻ മുഴുമിച്ചില്ല.

ഞാനൊന്നും പറഞ്ഞില്ലേ! അല്ലേലിപ്പം നമ്മളാരാ! അവളിത്തിരി സങ്കടപ്പെട്ടു.

നീയോ! നീയൊരു ഭയങ്കരിയല്ലേടീ! വല്ല്യ കള്ള സങ്കടമൊന്നും വേണ്ട! പോരാത്തേന് മുടിഞ്ഞ കനവും. കണ്ടാപ്പറയുമോ! അതൊട്ടില്ലതാനും! അവൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടിത്തുടങ്ങി.

കനമൊണ്ടേ കണക്കായിപ്പോയി. ദേ അമ്മ പറഞ്ഞത് കേട്ടല്ലോ! എന്നെ വീട്ടീ വിട്ടേച്ച് പോയാമതി ഇയാള്. അവൾ സ്വരം കടുപ്പിച്ചു.

അവനുറക്കെച്ചിരിച്ചു. എന്റെ പേര് കേശവൻ. “ഇയാൾ” എന്നല്ല. പിന്നെ സാറ. ഉം. എന്റെയൊരിതു വെച്ച് ഇതിനെ കെട്ടുന്നവന് കുരിശു ഫ്രീ!

അങ്ങനിപ്പം കവിടിയൊന്നും നെരത്തണ്ട ഇയാ..അല്ല കേശവൻ. അല്ലേ വേണ്ട മൂത്തതല്ലേ! കേശവേട്ടൻ! അവൾ മന്ദഹസിച്ചു.

കേശവന് ഉള്ളിലെന്തോ അതുവരെ അനുഭവിക്കാത്ത ഏതോ വികാരം അലയടിക്കുന്നപോലെ തോന്നി. ഈ കാന്താരിയേം കൊണ്ട് ലോകത്തിന്റെ അറ്റംവരെ സൈക്കിൾ ചവിട്ടിയാലോ!

ദേ വീടെത്തി. ഏതോ ഇത്തിരി മധുരം കലർന്ന ചിന്തകളിൽ മുഴുകിയിരുന്ന കേശവൻ സഖാവിന്റെ ബോധത്തിലേക്ക് അവളുടെ വാക്കുകൾ വന്നുവീണു.

വെളിയിൽത്തന്നെ മാത്യൂസാറുണ്ടായിരുന്നു. നരച്ച മുടിയും താടിയും. കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലായിരുന്നു.

ദേ സാറേ ഈ മൊതലിനെയങ്ങേൽപ്പിക്കുവാ. അവൻ പറഞ്ഞു.

ആ, കേശവനോ! നിന്നെക്കണ്ടിട്ട് കൊറേ നാളായല്ലോടാ. ഇവളെയെവിടുന്നു കിട്ടി? അവടമ്മ അകത്ത് വെഷമിച്ചിരിപ്പാണ്. സാറ് അവനേം, അമ്മയേം പഠിപ്പിച്ചിട്ടുണ്ട്.

മഴയത്തൂന്നമ്മയ്ക്ക് കിട്ടീതാ സാറേ. നനഞ്ഞ. എലിയെപ്പോലാരുന്ന്. ഇപ്പം വല്ല്യ സിംഹിയായി!  കേശവൻ സാറയെ നോക്കി ചിരിച്ചു.

അവളുടെ മുഖം ചുവന്നു. പോടാ! കേശവനെ നോക്കി കൊഞ്ഞനം കാട്ടീട്ടവളകത്തോട്ടോടി.

Leave a Reply

Your email address will not be published. Required fields are marked *