” നന്ദുവേട്ടാ . ഏടത്തിക്കു എന്തോ ഒരു വയ്യായിക.. രാവിലെ മുതൽ തുടങ്ങിയ ഛർദിയാ.. ഇപ്പൊ ദേ തലകറങ്ങുന്നെന്നു പറയുന്നു. എനിക്കാണേൽ പേടിയാകുവാ ….. ഏട്ടനാണെൽ രാവിലെ എവിടെയോ പോയി. . നന്ദുവേട്ടനൊന്നു വന്നേ… “
എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു ദേവു നിർത്തി ..
ഞാൻ അവളെ മറികടന്നു ഏടത്തിയുടെ മുറിയിലേക്ക് നടന്നു..
” അമ്മ പോയോ? “
മുറിയിലേക്ക് കടക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു…
” മ്മ്…. പോയി . “
ഞാൻ ചെന്ന് നോക്കുമ്പോൾ ഏടത്തി കിടപ്പാണ്.. നല്ല ക്ഷീണമുണ്ടെന്നു ഏടത്തിയെ കണ്ടപ്പോൾ തന്നെ മനസിലായി. ഇല്ലെങ്കിൽ രാവിലെ മുതൽ അടുക്കളയിലൂടെ ഓടി നടക്കുന്ന ആളാ…
” എന്തു പറ്റി ഏടത്തി .. ? “
” ഒരു തലകറക്കം പോലെ. .. നിനക്കു കോളേജിൽ പോകണ്ടെ ? “
” മ്മ്… പോണം . വാ എഴുന്നേൽക്കു നമുക്ക് ഹോസ്പിറ്റലിൽ പോകാം… “
” ഹേയ്… അതിനു മാത്രം ഒന്നുമില്ലെടാ… ഒന്ന് കിടന്നാൽ മാറുമാറിയിരിക്കും .. “
” സാരമില്ല നമുക് ഒന്ന് പോയി നോക്കാലോ… “
എത്ര നിർബന്ധിച്ചിട്ടും ഏടത്തി വരാൻ കൂട്ടാക്കിയില്ല. പിന്നെ ഞാനും ദേവുവും ചേർന്ന് പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു… ഏറെ നേരം ഞാനും ദേവുവും ഒറ്റക്കാ ആശുപത്രി വരാന്തയിൽ നിന്നു.. ഞാൻ നോക്കുമ്പോളൊക്കെ ദേവുവിന്റെ മുഖത് പരിഭ്രമം നിഴലിച്ചിരുന്നു.. ഇടക്ക് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയ നിമിഷം അവൾ മനപ്പൂർവം നോട്ടം പിൻവലിച്ചു…
ഏറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ഡോക്ടർ വന്നു. .” ഏടത്തി ഗർഭിണിയാണ്… “
ഡോക്ടറുടെ വാക്കുകൾ വിശ്വസിക്കാനാവാതെ ഞാൻ നിന്നുപോയി… നീണ്ട മൂന്നു വർഷത്തെ ഏട്ടന്റെയും ഏടത്തിയുടെയും കാത്തിരിപ്പു സഫലം ആകാൻ പോകുന്നു.. ഏട്ടനൊരു അച്ഛനാകാൻ പോകുന്നു .. വീട്ടിൽ പുതിയ ഒരു ആൾ കൂടി വരുന്നു.. സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു..
വാർത്ത അറിഞ്ഞു അമ്മയും ഏട്ടനും പാഞ്ഞെത്തി… എല്ലാവരുടെ മുഖത്തും സന്തോഷം… ഏട്ടനെ കണ്ട ഏടത്തിയുടെ മിഴികൾ ഈറനണിയുന്നത് മുറിയുടെ ഇരു മൂലകളിൽ നിന്നു ഞാനും ദേവുവും കൗതുകത്തോടെ നോക്കി കണ്ടു….