“നന്ദുവേട്ടന് ഇതായിരുന്നില്ലേ ആഗ്രഹിച്ചത് ? ഇനി പേടിക്കണ്ടല്ലോ.. നന്ദുവേട്ടന്റെ എങ്കിലും ആഗ്രഹങ്ങൾ നടക്കട്ടെ..ഇനി… ഇനി ഞാൻ ഒരു തടസ്സമാവില്ല.. “
പറഞ്ഞു മുഴുവിപ്പിക്കുവാനൊന്നും അവൾക്കു കഴിഞ്ഞില്ല . കരഞ്ഞു പോയി പാവം. ദേവുവിന്റെ കണ്ണിൽ നിന്നൊഴുകി വീണ കണ്ണുനീർ കണ്ടു എന്നിലെവിടെ നിന്നോ രക്തം വാർന്നു പോകുന്നപോലെ തോന്നി എനിക്ക് .
എന്നേ നോക്കാനോ എനിക്ക് പറയാനുള്ളത് കേൾക്കാനോ നിൽക്കാതെ അവളോടി മുറിക്കകത്തു കയറി.
ഞാൻ ആഗ്രഹിച്ചതെന്ത് എന്ന് അവളോട് പറയാൻ പോലും ആകാത്ത വിധം ഞാൻ തളർന്നു പോയിരുന്നു. ഇതായിരുന്നില്ലല്ലോ ഞാൻ ഇന്ന് ആഗ്രഹിച്ചത്…… ദേവുവിന്റെ ആ വാക്കുകൾ കൂടി ആയപ്പോൾ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ലെന്ന് വരെ തോന്നി പോയി..
സത്യത്തിൽ എന്ത് മണ്ടത്തരം ആണവൾ കാട്ടിയത്. കുറച്ചു കൂടി കാക്കാമായിരുന്നില്ലേ എനിക്ക് വേണ്ടി എന്ന് മനസ്സ് പറഞ്ഞു .. എന്തിനു അവളുടെ പ്രതീക്ഷകളെല്ലാം മങ്ങിയിരിക്കാം . മുറിയിലെ കണ്ണാടിയുടെ മുന്നിലെത്തി ഞാൻ എന്നോട് തന്നെ പറഞ്ഞു.
ചിലപ്പോൾ ഇതിലും നേരത്തെ അവൾ അവരോട് പറയേണ്ടതായിരുന്നു .. എനിക്ക് വേണ്ടി കാത്തിരുന്നതാകാം….. എന്നെങ്കിലും അവളുടെ പ്രണയം ഞാൻ തിരിച്ചറിയുമെന്ന് അവൾക്കു പ്രതീക്ഷ ഉണ്ടായിരുന്നിരിക്കാം .. പക്ഷെ ഇപ്പൊ എല്ലാ പ്രതീക്ഷയും അറ്റ് ഇനി എനിക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർഥമില്ലെന്നവൾക്കു തോന്നി കാണാം…. . പാവം..
……… # . . ##….##…##…
എല്ലാം അറിഞ്ഞിട്ടും ഹരിക്കു പോലും അതിൽ ഒരു മാർഗം നിർദ്ദേശിക്കാനുണ്ടായിരുന്നില്ല..
” ഇതിപ്പോ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ പോയവൻ അത് ഉപേക്ഷിച്ചു തിരികെ വന്നപ്പോൾ പാമ്പു കടിച്ചു മരിച്ച അവസ്ഥ പോലെ ആയി എന്റെ അവസ്ഥ.. “
” അതിന് നീ എന്തിനാ വിഷമിക്കുന്നത്. അവളെങ്ങും പോയിട്ടില്ലല്ലോ. നീ അവളോട് സംസാരിക്കു. ഉള്ള കാര്യം തുറന്നു പറ. “
ഹരിയുടെ ആ നിർദ്ദേശം എനിക്ക് സ്വീകാര്യം ആയിരുന്നില്ല.
” ഇല്ലെടാ. ഇപ്പോൾ ഞാൻ അവളോട് പറഞ്ഞാലും അവൾ വിശ്വസിക്കുമെന്നു തോന്നുന്നില്ല. അവളെന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കുക ആണ്. എല്ലാം കൊണ്ടും.. അവൾക്കു മടുത്തു കാണുമെടാ.. “