“ശെടാ ..ഇതിപ്പോ ആരാ എന്നെ കാണാൻ “എന്ന സംശയം എനിക്കുണ്ടാവാതിരുന്നില്ല .കാരണം ജഗത്തും മഞ്ജുസിന്റെ അച്ഛനും അല്ലാതെ അധികമാരും എന്നെ കാണാനായിട്ട് ഗസ്റ്റ് ഹൌസിലോട്ടു വരാറില്ല . പിന്നെ പുതിയ ബിസിനെസ്സ് ഡീൽ സംസാരിക്കാൻ ചില ടെക്സ്റ്റൈൽ കമ്പനിയുടെ മാർക്കറ്റിംഗ് ടീം കാണാൻ എത്തും . അങ്ങനെ വല്ലവരും ആണോ എന്ന സംശയവും അതിനു ശേഷം ബലപ്പെട്ടു !
അതുകൊണ്ട് തന്നെ ഞാൻ പയ്യെ കസേരയിൽ നിന്നും എഴുന്നേറ്റു . ഉറങ്ങിയെഴുന്നേറ്റ കോലം ആണ് ! ചുവന്ന കളർ വോക്‌സ്‌വാഗൻ കാർ അതോടെ ഗസ്റ്റ് റൂമിനു മുൻവശത്തായി വേഗത്തിൽ വന്നു നിന്നു . രെജിസ്ട്രേഷൻ കൂടി കഴിയാത്ത പുതിയ കാർ ആണ് . കറുത്ത ഗ്ലാസ് ആയതുകൊണ്ട് തന്നെ ഉള്ളിലിരിക്കുന്ന ആളെ പുറമെ നിന്നു നോക്കിയാൽ കാണില്ല.
ആരാണ് ഈ കക്ഷി എന്നറിയാൻ വേണ്ടി ഞാനങ്ങനെ കാത്തു നിൽക്കേ ആണ് . ഡ്രൈവിംഗ് സീറ്റിന്റെ വശത്തെ ഡോർ തുറന്നു മഞ്ജു പുറത്തിറങ്ങിയത് !ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ഒന്ന് ഞെട്ടി എന്നുള്ളത് സത്യം ആണ് ! അമ്പരപ്പും അത്ഭുതവും എന്റെ മുഖത്ത് വിടർന്നു .
“ആഹാ…”
പുറത്തിറങ്ങിയ അവളെ നോക്കി ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
എന്നാൽ സ്വതസിദ്ധമായ ഗൗരവത്തിൽ ആയിരുന്നു മഞ്ജു . കാറിന്റെ മുകൾ വശത്തു രണ്ടു കയ്യും ഊന്നി പിടിച്ചു അവളെന്നെ അതിനു മുകളിലൂടെ തുറിച്ചു നോക്കി .. ഒരു ബ്ലാക് കളർ ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് അവളുടെ വേഷം ..ഷാൾ മാറിലൂടെ ക്രോസ് ആയിട്ട് കിടപ്പുണ്ട്. എന്നെ ഒന്ന് കടുപ്പിച്ചു നോക്കി അവൾ കാറിനുള്ളിലേക്ക് തന്നെ വീണ്ടും തലയിട്ടു ബാഗ് എടുത്തു പുറത്തിറങ്ങി . ഡോർ അടച്ചു ലോക് ചെയ്തു അവൾ ചാടി തുള്ളി പൂമുഖത്തേക്ക് കയറി വന്നു !
ഞാൻ ഒരു പുഞ്ചിരിയോടെ അവളെ സ്വീകരിക്കാൻ മുന്നോട്ടു നീങ്ങിയെങ്കിലും അവളുടെ കയ്യിലിരുന്ന ബാഗ് എന്റെ മുഖം ലക്ഷ്യമായി പറന്നു വന്നു .നടന്നു വരുന്ന വഴിയേ തന്നെ മഞ്ജുസ് അതെന്റെ നേരെ തൂക്കിയെറിഞ്ഞു . ഉള്ളിലെ കുഞ്ഞു ദേഷ്യം അങ്ങനെ തന്നെ പ്രകടിപ്പിച്ചതാണ്!!
ആ പറന്നു വന്ന ഹാൻഡ് ബാഗ് ഞാൻ പൊടുന്നനെ കൈകൊണ്ട് പിടിച്ചെടുത്തു അവളെ ചിരിയോടെ നോക്കി . എന്നെ മൈൻഡ് പോലും ചെയ്യാതെ ഉമ്മറത്തെ വാതിലും തുറന്നു മഞ്ജുസ് അകത്തേക്ക് കയറി.ചെരുപ്പ് പോലും ഊരിയിടാൻ നിന്നിട്ടില്ല !
“ഇവിടെ വല്ലോം കഴിക്കാൻ ഉണ്ടോടാ തെണ്ടി ?”
അകത്തേക്ക് കയറിപ്പോയ മഞ്ജുസ് സ്വല്പം ഉറക്കെ എന്നോടായി തിരക്കി .
“എനിക്കുള്ളത് ഉണ്ടാകും ..”