മഞ്ജു വിനയപൂർവം പറഞ്ഞു അമ്മയുടെ അടുത്ത് ചുറ്റിപറ്റി നിന്നു.
“മ്മ്….”
അമ്മയൊന്നു അമർത്തി മൂളി .
പിന്നെ പെട്ടെന്ന് തന്നെ ചായ റെഡിയാക്കി എടുത്തു . അത് രണ്ടു ഗ്ലാസ്സിലേക്ക് പകർന്നു അമ്മ തന്നെ മഞ്ജുവിന്റെ കയ്യിൽ കൊടുത്തു .
“ഒരെണ്ണം ഉമ്മറത്തിരിക്കുന്ന ആൾക്ക് കൊടുത്തേക്ക് ..നേരത്തെ ചോദിച്ചപ്പോ ഞാൻ കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിരുന്നു..”
അച്ഛന്റെ കാര്യം ഓർത്തു അമ്മച്ചി മഞ്ജുവിനോടായി പറഞ്ഞു .
അവൾ ചിരിയോടെ തലയാട്ടി ഒരു ഗ്ലാസ് ആവി പറക്കുന്ന ചായയുമായി ഉമ്മറത്തേക്ക് നീങ്ങി .
“അച്ഛാ ..ചായ ”
മഞ്ജുസ് സ്വല്പം പേടിയോടെ എന്റെ പിതാശ്രീയെ വിളിച്ചു .
ഒരു ലുങ്കി മാത്രം ഉടുത്തു കണ്ണടച്ച് നെഞ്ചും തടവി ഇരുന്നിരുന്ന അദ്ദേഹം പെട്ടെന്ന് കണ്ണ് തുറന്നു മരുമകളെ നോക്കി . പിന്നെ ആ ഗൗരവം നിറഞ്ഞ മുഖത്ത് ചിരി വരുത്തി അവളെ നോക്കി അത് കൈനീട്ടി വാങ്ങി .
“ഞാനിതു അവളോടാണല്ലോ പറഞ്ഞെ..മോളെന്തിനാ കൊണ്ടുവന്നേ ”
അച്ഛൻ മഞ്ജുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു .
“ആരായാലും എന്താ അച്ഛാ ..അച്ഛന് ചായ കിട്ടിയ പോരെ ”
മഞ്ജു ചിരിയോടെ പറഞ്ഞു .
“മ്മ്…പറഞ്ഞെന്നെ ഉള്ളു ..അവനെവിടെ ?”
അച്ഛൻ ഗൗരവത്തിൽ ചായ ഊതികുടിച്ചുകൊണ്ട് തിരക്കി .
“മുകളിലോട്ടു പോയിട്ടുണ്ട്..”
മഞ്ജുസ് പയ്യെ പറഞ്ഞു .
“ആഹ്…യാത്ര ഒക്കെ സുഖായല്ലോ അല്ലെ ?”
അച്ഛൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി .
‘”ഓഹ്..സുഖം ആയിരുന്നു ”
മഞ്ജു തലയാട്ടികൊണ്ട് പറഞ്ഞു .
“മ്മ്…ഞാൻ രണ്ടു ദിവസം കഴിഞ്ഞാൽ പോകും..അവനോടു കുറച്ചൊക്കെ ഉത്തരവാദിത്തം കാണിക്കാൻ മോളൊന്നു പറയണം..ഞാൻ പറഞ്ഞാൽ അവനു വിഷമവും ദേഷ്യവും ഒക്കെ തോന്നും…മോളാവുമ്പോ ”
അച്ഛൻ എന്റെ ഭാവി ഓർത്തെന്നോണം പറഞ്ഞു നിർത്തി മഞ്ജുസിനെ നോക്കി . അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി .
“മ്മ്…പിന്നെ എനിക്ക് മോളോട് ദേഷ്യം ഒന്നും ഇല്ല ട്ടോ ..അങ്ങനെ ഒന്നും മനസ്സിൽ പോലും വിചാരിക്കണ്ട ..ഞാനിങ്ങനെ ഒക്കെ ആണെന്നെ ഉള്ളു ”
അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു ചായ ഊതികുടിച്ചു .