“മ്മ്..എന്നാൽ ചെല്ല് ചെല്ല് ബാക്കിയുള്ളത് മോൻ വാങ്ങിച്ചോ..”
എന്റെ പരുങ്ങൽ കണ്ടു അഞ്ജു കളിയാക്കി .
“ഒഞ്ഞു പോടീ..എനിക്ക് അവളെ പേടി ഒന്നുമില്ല ..”
ഞാൻ നിസാര മട്ടിൽ പറഞ്ഞു ഒഴിഞ്ഞു .
“മ്മ്…എന്ന കൊള്ളാം …”
അഞ്ജു ഒന്നമർത്തിമൂളികൊണ്ട് പറഞ്ഞു അകത്തേക്ക് വലിഞ്ഞു .
“എടി എടി ..ശരിക്കും കലിപ്പാണോ ?”
അവളകത്തേക്കു പോകവേ ഞാൻ ഒന്നുടെ ഉറപ്പാക്കാനായി വിളിച്ചു ചോദിച്ചു .
“മ്മ്…ഏറെക്കുറെ ..മുടിയൊക്കെ കെട്ടിവെച്ച ക്ലിപ്പ് ഒകെ ഊരി വലിച്ചെറിഞ്ഞാ ചവിട്ടി കുലുക്കി പോയത് എന്താ സംഭവം ? ചേച്ചിടെ മൂഡ് കണ്ടപ്പോ പിന്നാലെ പോകാനും ഒരു പേടി ”
അഞ്ജു സംശയ ഭാവത്തിൽ എന്നെ നോക്കി .
“ഒന്നും ഇല്ല..ചെറിയൊരു സൗന്ദര്യ പിണക്കം …”
ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽകണ്ണിറുക്കി പയ്യെ പറഞ്ഞു .
“മ്മ്…എന്ന പോയി നോക്ക് ..കെട്ട്യോളെ പോയി ആശ്വസിപ്പിച്ചോ ”
അഞ്ജു ഒരു പെങ്കോന്തൻ എന്ന നിലക്ക് എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു .
ഞാനവളെ തറപ്പിച്ചൊന്നു നോക്കി .
“പിന്നെ നിന്റെ അടുത്തുള്ള ദേഷ്യം എന്നോട് കാണിക്കണ്ട എന്ന് പറഞ്ഞോ..എനിക്ക് ദേഷ്യം വന്ന ഞാൻ വല്ലോം തിരിച്ചും പറയും..”
അഞ്ജു ഒന്ന് കടുപ്പിച്ചു പറഞ്ഞു ടി.വി ഓണാക്കി .
“ഓഹ് പിന്നെ …”
ഞാനവളുടെ ആ വാദം തള്ളിക്കളഞ്ഞു മടിച്ചു മടിച്ചു സ്റ്റെയർ കേസ് കയറി. അമ്മ ആ സമയം വീട്ടിൽ ഇല്ലായിരുന്നെന്നു എനിക്ക് തോന്നി . ഡോക്ടറെ കാണാൻ പോണം എന്നൊക്കെ പറഞ്ഞിരുന്നു , ചിലപ്പോ അതിനു പോയിക്കാണും !
ഞാൻ അങ്ങനെ റൂമിനു മുൻപിലെത്തി വാതിൽ ചാരിയിട്ടുണ്ട് . ഞാൻ ധൈര്യം സംഭരിച്ചു വാതിൽ പയ്യെ തുറന്നു നോക്കി ..
മഞ്ജു ബെഡിൽ ചെരിഞ്ഞു കിടപ്പുണ്ട് . ഒരു പർപ്പിൾ നിറമുള്ള ഡിസൈനർ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല ഷോ ഉള്ള സാരി . അതിൽ ഗോൾഡൻ നിറത്തിലുള്ള എംബ്രോയിഡറി ഡിസൈൻസും ഉണ്ട് . ട്രീറ്റിന് പോകാൻ വേണ്ടി ഒരുങ്ങിക്കെട്ടിയുള്ള നിൽപ്പായിരിക്കും .
ഒരു കൈ മടക്കി കവിളിനു അടിയിൽ വെച്ചാണ് കിടത്തം. ഇടം കൈ ഇടുപ്പിനു മീതെ റെസ്റ്റ് ചെയ്യുന്നുണ്ട് . സാരി സ്വല്പം മുകളിലോട്ടു കയറി കിടക്കുന്നതുകൊണ്ട് അവളുടെ കണങ്കാലും സ്വർണകൊലുസും കാൽവെള്ളയുമൊക്കെ വ്യക്തമാണ് . മാച്ചിങ് ആയിട്ടുള്ള ഫാൻസി ആഭരണങ്ങളാണ് കക്ഷി അണിഞ്ഞിട്ടുള്ളത് .
ഞാൻ മഞ്ജുസിന്റെ കിടത്തം നോക്കി വാതിൽക്കൽ നിന്നു ഒന്ന് ചുമച്ചു .
“ഒഹൊ ഹോ .”
ഞാൻ ഒന്ന് ശബ്ദം ഉണ്ടാക്കിയതും അവൾ എന്നെ ഒന്ന് മുഖം ഉയർത്തി നോക്കി . എന്നെക്കണ്ടതും അവൾ ദേഷ്യത്തോടെ പിടഞ്ഞെഴുനേറ്റു . എന്ന കൊല്ലാനുള്ള ദേഷ്യം ഉണ്ട് മുഖത്തു !