“കിണിക്കാതെ പോടാ ..പോയി വാങ്ങിച്ചോണ്ട് വാ…”
മഞ്ജു എന്നെ തലയിണ എടുത്തെറിഞ്ഞുകൊണ്ട് പറഞ്ഞു..
അവളെറിഞ്ഞ തലയിണ ഞാൻ ചിരിയോടെ പിടിച്ചു കസേരയിലേക്കിട്ടു .പിന്നെ ഫുഡ് വാങ്ങിക്കാനായി പുറത്തിറങ്ങി .എല്ലാം വാങ്ങിച്ചു ഞാൻ കാരിയർ ബോക്സുമായി തിരികെ എത്തി . ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു . അത് വല്യ സമയം കളയാതെ മഞ്ജുസ് വേഗം കഴിച്ചു .എന്നേക്കാൾ മുൻപേ അവളുടെ കഴിപ്പൊക്കെ കഴിഞ്ഞു.
ഈ ഒരു കാര്യത്തിൽ മാത്രം വല്യ നാണക്കേടൊന്നും ഇല്ല . നല്ല തീറ്റ ആണ് ! ഫുഡ് ഒകെ കഴിച്ചു ഞാനും അവളും കൂടി സ്വല്പ നേരം പുറത്തെ ഗാർഡനിൽ തണുപ്പും കൊണ്ട് തൊട്ടുരുമ്മി ഇരുന്നു .പിന്നെ ഓരോ കിന്നാരം പറച്ചിലാണ് ..അതാണ് സഹിക്കാൻ പറ്റാത്തത് . എന്നാലും എല്ലാത്തിനും മൂളികൊടുക്കണം . അല്ലെങ്കിൽ പിണങ്ങും ..
ഇടക്ക് ആള് സ്വല്പം റൊമാന്റിക്കും ആവും ..
“കവി…നീ എന്നോട് വഴക്കിട്ടു പോയപ്പോ ഒക്കെ എന്താ തോന്നിയെ ?’
മഞ്ജുസ് എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് തിരക്കി..
ജാക്കെറ്റ് ഒകെ ഇട്ടാണ് ഞങ്ങൾ ഗാർഡനിലെ ചെയറിൽ തൊട്ടുരുമ്മി പര്സപരം കൈകൾ കോർത്ത് ഇരിക്കുന്നത് . നല്ല തണുപ്പും കോട മഞ്ഞും ഉണ്ടെങ്കിലും മഞ്ജുസിന്റെ സാന്നിധ്യം എന്നെ പിടിച്ചിരുത്തി .
ലേക് റോഡിലെ പ്രകാശം അപ്പോഴും നേരിയ തോതിൽ കാണാം . ആ വെളിച്ചത്തിൽ പതിയെ ഓളം വെട്ടുന്ന ഊട്ടി തടാകവും കാണാം .
ഞാനതിലേക്ക് നോക്കി ഇരിക്കെയാണ് അവളുടെ ചോദ്യം .
“നിന്നെ കൊല്ലാനുള്ള ദേഷ്യം തോന്നി ..അല്ലാണ്ടെന്താ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ അവളെന്നെ തുറിച്ചൊരു നോട്ടം നോക്കി .
“പോടാ….നീ ശരി അല്ല..”
മഞ്ജുസ് എന്റെ തോളിൽ നിന്നും തല എടുത്തുകൊണ്ട് പറഞ്ഞു .
“ആഹ്..പിണങ്ങല്ലേ മഞ്ജുസേ ..ഞാൻ ഉള്ള കാര്യമാ പറഞ്ഞെ ”
ഞാൻ ഒന്നുടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു .
“മഞ്ജുസിനെങ്ങനാ?”
ഞാൻ അവളുടെ ഉള്ളിലിരുപ്പ് അറിയാനായി ചോദിച്ചു.
“എനിക്ക് സങ്കടം ആയിരുന്നു ..ഞാനെത്ര നേരം ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ടെന്നു അറിയോ ”
മഞ്ജുസ് അത് പറയുമ്പോ ആ ശബ്ദത്തിന്റെ ഇടർച്ച എന്നെ വല്ലാണ്ടെ വിഷമിപ്പിച്ചു .
ഞാനവളെ പെട്ടെന്ന് ചേർത്ത് പിടിച്ചു .
“എന്നിട്ടെന്താ പറയാഞ്ഞേ “