ഇതുകേട്ട് വിജയന്റെ പിന്നാലെ പോവുന്ന മാധവന്‍. മേശയില്‍ പലഹാരങ്ങള്‍ നിരത്തിയിരിക്കുന്നു. മാധവന്‍ അവിടെ പോയിരുന്നു. അപ്പോളേക്കും അഷിത ചായകൊണ്ടുവന്നു മാധവന്റെ കയ്യില്‍ കൊടുക്കുന്നു. മാധവന്റെ കയ്യില്‍ സ്പര്‍ശിച്ചുകൊണ്ടാണ് അഷിത ആ ക്ലാസ് മാധവന് നല്‍കിയത്. പക്ഷെ അതൊന്നും മാധവന്‍ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലെല്ലായിരുന്നു. അയാളുടെ മനസില്‍ വിഷാദം തളംകെട്ടി.
മാധവനൊപ്പമിരുന്ന വിജയനും അഷിതയും ചായ കുടിക്കുന്നുണ്ടായിരുന്നു. അടുത്തുനില്‍ക്കുന്ന വിമലയെ നോക്കി അഷിത: അമ്മേ ജിഷിത നാളെ വരില്ലേ..?
വിമല: അവള്‍ക്ക് എവിടെയാ ലീവ്..? ഹോസ്റ്റലീന്ന് വിടില്ല. ക്ലാസില്ലെങ്കിലും അവിടെ ഇരുന്ന് പഠിക്കണം.
വിജയന്‍: ങാ അവള് പഠിച്ച് ഒരു ജോലിക്കാരിയാവണം. അതാണ് ഇപ്പോള്‍ ഞങ്ങളെ രണ്ടാളെയും ആഗ്രഹം.
കുറച്ച് നേരത്തെ മൗനത്തിന് ശേഷം വിജയനെ നോക്കി മാധവന്‍: അവള് പഠിക്കുന്നുണ്ടോ…?
വിജയന്‍: പഠിക്കാനൊക്കെ മിടുക്കിയാ.. പഠിക്കാന്‍ വേണ്ടി ചിലവാക്കുന്ന പണത്തിനാ ബുദ്ധിമുട്ട്..
മാധവന്‍: അതിന് ഞാനില്ലേ..?
വിമല: എത്രയാന്ന് വിചാരിച്ചാ മാധവേട്ടനെ ഞങ്ങള് ബുദ്ധിമുട്ടിക്ക്യാ.
വിജയന്‍: ശരിയാ. ഇവളെ കല്ല്യാണത്തിന്റെ കടമെല്ലാം ചേട്ടന്‍ തീര്‍ത്തു. ജിഷിതയ്ക്ക് നല്ല കോളേജില്‍ അഡ്മിഷനും വാങ്ങി തന്നു. ഇനി പഠിപ്പിനും കാശ് മുടക്കാന്ന് വെച്ചാല്‍
മാധവന്‍: അതിനെന്താ വിജയാ.. നമ്മളെല്ലാം.. വീട്ടുകാരല്ലേ…
വിജയന്‍: അതുശരിയാ.. പക്ഷെ.. വീട്ടുകാര്‍ പോലും മാധവേട്ടന്‍ ചെയ്തപോലെ ഇങ്ങനെ സഹായിക്കില്ല
മാധവന്‍: ഞാനൊരു കാര്യം മറന്നു.
എന്നു പറഞ്ഞു ചായ കുടിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് പോവുന്ന മാധവന്‍. മുഖത്തോട് മുഖം നോക്കുന്ന വിമലയും വിജയനും അഷിതയും. മാധവന്‍ ചെറിയ രണ്ടു ബോക്‌സുമായി അകത്തുനിന്ന് വന്നു. അതില്‍ ഒന്ന് വിജയനും ഒന്ന് വിമലയ്ക്കുംകൊടുത്തുകൊണ്ട് മാധവന്‍: ഉം നിങ്ങള്‍ക്ക് വാങ്ങിയതാ.
ഇതുകേട്ട് കസേരയില്‍ നിന്നെഴുന്നേറ്റ് വിജയനും അടുത്തേക്ക് നീങ്ങി വിമലയും അത് തുറന്നു നോക്കുന്നു. അതില്‍ ഒരു സ്വര്‍ണ്ണത്തിന്റെ മോതിരം രണ്ടുംപേരും കാണുന്നു. അഷിതയ്ക്കും വിമലയ്ക്കും വിജയനും ഒരുപോലെ ഞെട്ടലുണ്ടായി. അവര്‍ മൂവരും പരസ്പരം മുഖത്തോടു മുഖം നോക്കി. ഞെട്ടലോടെ മാധവനെ നോക്കികൊണ്ട് വിജയന്‍: എന്താ മാധവേട്ടാ ഇത്..? ഇത് കിട്ടാന്‍ വേണ്ടിയല്ല ഞാന്‍ ഈ കാര്യം പറഞ്ഞത്. നിങ്ങളൊന്ന് വരണം പങ്കെടുക്കണമെന്നേ ആഗ്രഹിച്ചുള്ളൂ
മാധവന്‍: ഇരുപത്തിയഞ്ച് വര്‍ഷമായില്ലേ നിങ്ങളെ ജീവിതം തുടങ്ങിയിട്ട്. അതിന് എന്റെ വക ഒരു ചെറിയ സമ്മാനം.
ചിരിച്ചുകൊണ്ട് അഷിത: ചെറിയ സമ്മാനമല്ല. ഇത് വലിയ സമ്മാനമാണ്
ഇതുകേട്ട് ചിരിക്കുന്ന വിജയനും വിമലയും. അവരെ നോക്കി മാധവന്‍: കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷവും നമ്മള്‍ അപരിചിതരായിരുന്നു. ഇപ്പോള്‍ നമ്മള്‍ ഒരു വീട്ടുകാരാണ്.
വിജയന്‍: ന്നാലും മാധവേട്ടാ നിങ്ങള് ഞങ്ങളെ ദൈവമാണ്.
മാധവന്‍: എന്നാലേ. ഇപ്പോ ഈ ദൈവം പറയുന്നത് കേള്‍ക്കാ. ആ മോതിരം അങ്ങോട്ടുമിങ്ങോട്ടും ഇട്ടേ…