അതിനെന്താ രാമേട്ടാ, രാമേട്ടന്റെ സൗകര്യമനുസരിച്ചു വീട്ടിലോട്ടു ആശുപത്രിയിലേക്കോ വന്നോളൂ. നമുക്ക് ഒക്കെ മാറ്റി എടുക്കാനേ. ഞാൻ എന്നെ തൊഴുത്തിട്ടു വരട്ടെ. ‘അമ്മ കാത്തുനിന്നു മുഷിഞ്ഞിട്ടുണ്ടാകും.
കീശയിൽ നിന്നും ഒരു അഞ്ഞൂറ് രൂപ എടുത്തു ചുരുട്ടി രാമേട്ടന്റെ കയ്യിൽ പിടിപ്പിച്ചു ഞാൻ പറഞ്ഞു.
വേണ്ട കുട്ട്യേ. ആവശ്യത്തിനുള്ളതിപ്പൊ എന്റെ കയ്യിലുണ്ട്. പിന്നെ എന്തിനാണിത് .
രാമേട്ടന് വാങ്ങാൻ മടിയുള്ള പോലെ.
കയ്യിലിരിക്കട്ടെ രാമേട്ടാ. മുത്തച്ഛൻ തരുന്നതുപോലെ കരുതിയ മതി. എന്നാ ഞാൻ ചെല്ലട്ടെ.
ചിരിച്ചോണ്ട് ഞാൻ തിരിഞ്ഞു നടന്നു.
‘അമ്മ കാത്തു നിൽക്കുന്നുണ്ട്
എത്ര നേരമയടാ, കാത്തുനിൽക്കുന്നു. നീ എന്തെടുക്കുവായിരുന്നു?
‘അമ്മ ചുറ്റമ്പലത്തിലേക്കു നടന്നുകൊണ്ടു പറഞ്ഞു.
രാമേട്ടനെ കണ്ടമ്മേ.
അമ്മയോട് പറഞ്ഞു ഞാൻ ചുറ്റമ്പലത്തിന്റെ പടി തൊട്ടു തൊഴുതു.
അനന്തപത്മനാഭൻ പൂരുരുട്ടാതി, ആദിലക്ഷ്മി വിശാഖം, ഭാഗ്യ സൂക്തവും , അർച്ചനയും..
‘അമ്മ തീരുമേനിയുടെ അടുത്ത് അർച്ചനയ്ക്ക് വേണ്ടി ഞങ്ങളുടെ പേരും നാളും പറയുകയാണ്.
‘അമ്മ അങ്ങനെയാ, ഒരിക്കൽ പോലും അമ്മക്ക് വേണ്ടി ഒരു അർച്ചന കഴിപ്പിക്കുന്നതു ഞാൻ കണ്ടിട്ടില്ല ഒന്നുകിൽ എനിക്ക് വേണ്ടി അല്ലെങ്കിൽ അമ്മുന്.
ശ്രീകോവിലിനു മുൻപിൽ തൊഴുത്തോണ്ടു നിൽക്കുമ്പോഴാണ് അമ്മു വലം വെച്ചുകൊണ്ട് അങ്ങോട്ട് വന്നത് കൂടെ വേറെ ഒരു പെൺകുട്ടിയും.
പച്ച കളറുള്ള ധാവണിയാണ് വേഷം. അത്യാവശ്യം നിറമുള്ളതുകൊണ്ടു നല്ല മാച്ച് ആണവൾക്കു പച്ച. ശ്രീത്വമുള്ള മുഖം. അധികം വണ്ണമില്ല, ആവശ്യത്തിന് മാത്രം മേക്കപ്പ്. കഥ പറയുന്ന പോലുള്ള കണ്ണുകൾ. പിന്നെ ഒക്കെ കൊള്ളാം.
എന്റെ അന്ധം വിട്ടു കുന്തം വിഴുങ്ങിയപോലുന്ന നിൽപ്പും ഗ്രഹണിപിടിച്ച പോലുള്ള നോട്ടവും കണ്ടിട്ട് അവൾക്കു ചിരി പൊട്ടിയ പോലുണ്ട്.
അമ്മു എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്. വയറിനിട്ടു അമ്മയുടെ കയ്യിനു ഒരു കുത്തു കിട്ടിയപ്പോഴാണ് സ്ഥലകാല ഓർമ്മ വന്നത്.
നീ എങ്ങോട്ടാ അനന്ദു നോക്കണേ. മനസർപ്പിച്ചു തൊഴുതേ.
ഈ ‘അമ്മ മനുഷ്യനെ ആളുകളുടെ മുൻപിൽ നാണം കെടുതിയെ അടങ്ങു.
ശ്രീകോവിൽ നോക്കി തൊഴുമ്പോഴും എന്റെ കണ്ണ് അവളുടെ മുഖത്ത് തന്നെ ആയിരുന്നു. അത് അവൾ മനസിലാക്കിയെന്നോണം അവളുടെ ചുണ്ടുകളിൽ ഒരു എനിക്കായൊരു പുഞ്ചിരി വിടർന്നു.