മുറിയിൽ പോയി കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്നു….
ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…എന്റെ ചുണ്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു….. ഞാൻ കട്ടിലിൽ പോയികിടന്നു….
പക്ഷെ ഉറക്കം വന്നില്ല… എന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല……
പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി….
കട്ടിലിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു…
രാവിലെ കല്യാണി അമ്മയുടെ വിളയാണ് എന്നെ ഉണർത്തിയത്…
ഇപ്പൊ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു കുളിമയുണ്ട്….
ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു….
‘മോളെ അച്ചു നമ്മടെ രാഘവൻ സർപ്പക്കാവിൽ മരിച്ചു കിടക്കുന്നു…..
വിഷം തീണ്ടിയിട്ടുണ്ട്…… അവൻ അങ്ങനെ തന്നെ വേണം നാശം പിടിച്ചവൻ… പാവം കെട്ടിയോളേം പിള്ളേരെയും അവൻ തല്ലി കൊന്നിട്ടിരിക്കുവാ… ദുഷ്ടൻ..’
കല്യാണിയമ്മയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു രാഘവൻ എന്തായിരുന്നു എന്ന്….ഉള്ളിൽ അല്പം പേടിയുള്ള ഭാവത്തിൽ ഞാൻ കല്യാണിയമ്മയോട് മുത്തശ്ശി എവിടെയാണെന്ന് തിരക്കി….
‘മുത്തശ്ശി പുറത്തുണ്ട്….മോൾ ഉമ്മറത്തേക്ക് വാ ചായ തരാം’
ഞാൻ വീടിന്റെ വരാന്തയിലേക്ക് ചെന്നു…. പുറത്ത് ആളുകൂടിയിട്ടുണ്ട്… മുത്തശ്ശി അവിടെ ആരോടൊക്കെയോ സംസാരിച്ചുകഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു..ഞാൻ മുത്തശ്ശിയോട് ചോദിച്ചു
‘ആരാ മുത്തശ്ശി അയാൾ… എന്ത് പറ്റിയതാ….’
‘രാഘവൻ….ശങ്കരൻ കാരണവരുടെ കാര്യസ്ഥൻ നാരായണന്റെ മകൻ… ശങ്കരൻ കാരണവർ മരിച്ചതോടെ തറവാടിന്റെ മേൽനോട്ടം നാരായന്റെ കയ്യിലായി…. പക്ഷെ അയാൾക്ക് ജാനകി ഒരു തടസ്സമായിരുന്നു…
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷമാണ് ജാനകിയുടെ മൃതശരീരം സർപ്പക്കാവിൽ കണ്ടത്…. ഇപ്പൊ രാഘവനും മരിച്ചു….നാട്ടുകാർക്കും വീട്ടുകാർക്കും ഒരു ഗുണവുമില്ലാത്തവൻ….ഈ മുന്നിൽ കാണുന്ന പാടമെല്ലാം രാഘവന്റെ ആണ്…..’
കല്യാണി അമ്മ എനിക്ക് ചായ കൊണ്ടുതന്നിട്ട് പറഞ്ഞു
‘രാഘവന്റെ കഴുത്തിൽ നഖത്തിന്റെ പാടുണ്ടത്രെ…’
ഞാൻ സർപ്പകാവിലേക്ക് നോക്കികൊണ്ട് ചായ ചുണ്ടോട് ചേർത്തു…
ആ ബീഡി കറയുടെ മണം വിട്ടുപോയിട്ടില്ല….പൊട്ടിയ ചുണ്ടിൽ ചൂട് ചായ ചേർത്തപ്പോൾ വല്ലാത്ത ഒരു നീറ്റലാണ്….
ഞാൻ വീണ്ടും സർപ്പക്കാവിലേക്ക് നോക്കി അവിടെ കയ്യിൽ നിറയെ മഞ്ചാടി കുരുവുമായി ജാനകി എന്നെ നോക്കി ചിരിച്ചുകൊണ്ട് കാവിന്റെ ഉള്ളിലേക്ക് നടന്നു…..
ആരും ഒന്നുമറിഞ്ഞില്ല … അറിയുകയുമില്ല…
ജാനകി…..