സാർ ഞങ്ങളോട് സ്വല്പം കമ്പനി ആയതുകൊണ്ട് ശാന്തമായാണ് തിരക്കിയത്.
“സാറേ പെട്ടെന്ന് ഒരു തലവേദന വന്നപ്പോ “
ഞാൻ പരുങ്ങി കൊണ്ട് പറഞ്ഞു..
“മ്മ് നീയൊക്കെ എനിക്ക് തലവേദന ആവും ..അറ്റൻഡൻസ് മൊത്തത്തിൽ കുറവാണ് മോനെ..എന്തായാലും പ്രിൻസിയെ കണ്ടിട്ട് പൊക്കോ “
അതും പറഞ്ഞു സുരേഷ് സാർ കയ്യൊഴിഞ്ഞു .ഞാൻ ഈ ഇയർ മടി കാരണം കുറെ ലീവ് എടുത്തിട്ടുണ്ട്. പോരാത്തതിന് ഇന്നലെ പറയാതെ മുങ്ങുകയും ചെയ്തു.
ഞാൻ പ്രിൻസിപ്പലിനെ കാണാൻ ആയി റൂമിലെത്തി .കൃഷ്ണനുണ്ണി എന്നാണ് പേര് . ഞാൻ ചെല്ലുമ്പോൾ ആള് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിപ്പാണ് ..
ഞാൻ അത് കഴിയാനായി ക്യാബിനു പുറത്ത് കാത്തു നിന്നു. അപ്പോഴാണ് മഞ്ജു അങ്ങോട്ടേക്ക് വരുന്നത് .രെജിസ്റ്ററിൽ ഒപ്പിടാനുള്ള വരവ് ആണ് .
ഞാൻ മഞ്ജുവിനെ കണ്ടു ഒന്ന് ചമ്മലോടെ അവിടെ നിന്നു പരുങ്ങി. അവൾ ഗൗരവത്തിൽ എന്റെ അടുത്ത് വന്നു നിന്നു .
“എന്തുവാടെ ഇവിടെ പണി “
മഞ്ജു അടക്കി പിടിച്ചു പതിയെ തിരക്കി..
“ഇന്നലെ ചാടി പോയത് ഫ്ലാഷ് ആയെന്ന തോന്നണേ ..കണ്ടിട്ട് കേറിയ മതിന്നു പറഞ്ഞു ..മൊത്തത്തിൽ അറ്റൻഡൻസ് കമ്മി ആണ് ..പണി ആവോ ?”
ഞാൻ അവളെ ഒരു സഹായത്തിനു വേണ്ടി നോക്കി..
“നന്നായൊള്ളു..മനുഷ്യര് പറഞ്ഞ കുറച്ചൊക്കെ കേൾക്കണം ..ഞാൻ ഇന്നലെ നല്ല വഴിക്കു പറഞ്ഞതല്ലേ “
അവൾ എന്റെ അടുത്ത് ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോഴേക്കും പ്രിൻസി എന്നെ വിളിപ്പിച്ചു. പുറകിൽ നിൽക്കുന്ന മഞ്ജുവും പ്രിൻസിയെ കാണാൻ ആണ്. പുള്ളിക്കാരിയും രണ്ടു ദിവസം ലീവ് ആയിരുന്നല്ലോ. കാരണം ഒന്ന് പറഞ്ഞിട്ട് പോകാൻ ആയി വന്നതാണ് .
“ആഹ്…ടീച്ചറെ ഇതിപ്പോ കുറെ ലീവ് ആയി കേട്ടോ “
കൃഷ്ണനുണ്ണി സാർ മയത്തിൽ പറഞ്ഞു.