റിനി ചേച്ചി ഒന്ന് നിർത്തിയശേഷം തുടർന്നു, “ഉം, എനിക്ക് ശരിക്കും ഉറപ്പില്ല.. എനിക്ക് ഇന്നലെ ആളിൽ നിന്നും ഒരു കോൾ കിട്ടിയിരുന്നു, മുമ്പ് സംഭവിച്ച ചില കാര്യങ്ങളിൽ ക്ഷമ പറഞ്ഞും, ശവസംസ്കാരത്തിന് ശേഷം പറഞ്ഞതിനെക്കുറിച്ചും ഒക്കെ സംസാരിച്ച് ആള് വല്ലാതെ അപ്സറ്റ് ആയി സംസാരിച്ചു. ആൾക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ എന്ന് ഞാൻ സംശയിച്ചു.”
“കുഴപ്പം ഒന്നും ഇല്ല, പക്ഷേ ആൾക്ക് തനിച്ചായതിൽ വല്ലാത്ത വിഷമം ഉണ്ട് എന്ന് തോന്നുന്നു.”
“ഓ.” റിനി ചേച്ചി ഒന്ന് നിർത്തിയിട്ട് തുടർന്നു. “അവള് തന്നോട് സംസാരിച്ചിരുന്നുവെന്നും നിങ്ങളുടെ ഇടയിൽ എന്തോ സംഭവിച്ചുവെന്നും, അത് ആളുടെ മറ്റുള്ളവരോടും ഞങ്ങളോടും ഒക്കെ ഉള്ള സമീപനത്തെ കുറിച്ച് ആളെ ചിന്തിപ്പിച്ചു എന്നും ഒക്കെ പറഞ്ഞു. എന്തോ ഉൾക്കാഴ്ച കിട്ടി ആള് ആകെ മാറിയത്പോലെ തോന്നി.”
“ശരിയാണ്, കഴിഞ്ഞ ആഴ്ച്ച ഞങ്ങൾ സംസാരിച്ചിരുന്നു.” റിനി ചേച്ചിയോട് മമ്മി കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല എന്ന പ്രതീക്ഷയിൽ ഞാൻ തുടർന്നു, “അന്ന് എന്തൊക്കെയോ പറഞ്ഞു, അതിനുശേഷം ഞാൻ അവളോട് സംസാരിച്ചിട്ടില്ല, കഴിഞ്ഞ ഒരാഴ്ചയായി ആള് എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. “
“ആള് എന്നെ കളിപ്പിക്കുന്നതായിരിക്കുമോ?”
റിനി ചേച്ചി പറഞ്ഞതിനെക്കുറിച്ചും എനിക്ക് മമ്മിയിൽ നിന്ന് ലഭിച്ച ഇമെയിലിനെക്കുറിച്ചും ഞാൻ ചിന്തിച്ചു. കളിയാക്കിയതാവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല, എന്നിരുന്നാലും എന്തിനേക്കാളും ഏകാന്തതയെ മമ്മി ഭയപ്പെട്ടിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാൽ ഞാൻ പ്രതികരിച്ചു, “ചെറിയ സാധ്യത ഇല്ലാതെയില്ല, പക്ഷേ എന്നോട് സംസാരിച്ചത് വച്ച് നോക്കുമ്പോൾ മമ്മി പറഞ്ഞതെല്ലാം സത്യമാണ് എന്നാണ് എന്റെ തോന്നൽ. കഴിയുമെങ്കിൽ മമ്മിയ്ക്ക് ഒരു അവസരം നൽകൂ. ഞാനും അതുതന്നെയാണ് ചെയ്യുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. “
“ആള് വേറെ ഒന്നും ഉദ്ദേശിച്ചല്ല അങ്ങനെ ഒക്കെ പറയുന്നത് എന്ന് എനിക്കറിയാം, പക്ഷേ ചില സമയങ്ങളിൽ പെട്ടന്നങ്ങ് പ്രകോപിതയാകും. അന്ന് ശവസംസ്കാരത്തിനുശേഷം അവളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കില്ല എന്ന ഒരു സന്ദർഭം ഉണ്ടായി അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്കറിയാം, ഞാനും അന്ന് വീട്ടിൽ നിന്നും ഇറങ്ങിയതാണ് പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല, ഇനി കാണില്ല എന്ന് പറഞ്ഞപ്പോൾ ആള് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.”
“ജെയിംസ്, താൻ ഇത്രയും ചെയ്യുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല.”
“നമ്മൾ ആരുടെയാ മോൻ, പുള്ളിക്കാരിക്ക് വാശി ആകാമെങ്കിൽ എനിക്കും ആകാം.” ഞാൻ ചിരിച്ചു.
റിനി ചേച്ചിയും ചിരിച്ചു.