അടുത്തദിവസം പാതി ബോധത്തിൽ താഴെയിറങ്ങിയപ്പോൾ സീമ ചായ തന്നു. കണ്ണുമിഴിഞ്ഞപ്പോൾ അവളെന്നെത്തന്നെ നോക്കി വാതിലിൽ ചാരി നിൽക്കുന്നു. എന്തോ.. അതുവരെ സംഭവിക്കാത്ത കാര്യം.. ഞങ്ങൾക്കിടയിൽ നിശ്ശബ്ദത കനത്ത മഞ്ഞുപോലെ ഘനീഭവിച്ചു.. രണ്ടുപേരും തമ്മിൽത്തമ്മിൽ നോക്കി… കണ്ണുകളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാലെനിക്ക് ആ ഭാഷ പരിചിതമല്ലായിരുന്നു.
അമ്മാവൻ കാലത്ത് ഡോക്റ്ററെ സന്ദർശിക്കാൻ പോയതു കൊണ്ട് ഞാൻ ഫ്രീയായി. വീട്ടിലമ്മായി ഓടി നടപ്പായിരുന്നു.
എടാ ഒന്നു നടന്നിട്ടു വരാം. എന്നിട്ടു ബ്രേക്ഫാസ്റ്റ് പോരേ? സീമ ചോദിച്ചു. പിന്നെന്താ? ഞാനൊരു ജീൻസിൽ കേറി, ഒരു ചാരനിറമുള്ള സാരിയും മറൂൺ ബ്ലൗസുമണിഞ്ഞ അവളുടെ ഒപ്പമിറങ്ങി.
വീടിന്റെ പിന്നിൽ വലിയ ട്രാഫിക്കില്ലാത്ത വിശാലമായ റോഡായിരുന്നു. പുതുതായി പണിത ഫുട്ട്പാത്തിലൂടെ ഞങ്ങൾ മെല്ലെ നടന്നു.
അവളുടെ സാരിയുടെ തലപ്പെന്റെ കൈകളിലുരുമ്മി. അവളുടെ ശ്വാസമെനിക്കു കേൾക്കാമായിരുന്നു. സാധാരണ ഇടതടവില്ലാതെ ചിലയ്ക്കുന്ന അവളൊന്നും മിണ്ടാതെ നടന്നപ്പോൾ ഞാനൊന്നു സൂക്ഷിച്ചു നോക്കി.
എടീ… ഒരു കാര്യം ചോദിച്ചോട്ടെ? സ്വകാര്യതകളിൽ കൈകടത്താനിഷ്ടമില്ലാത്ത ഞാൻ ഇത്തിരി സന്ദേഹത്തോടെ ചോദിച്ചു.
ഉം? അവൾ മുഖമുയർത്തി. മഴതോർന്ന്, നേരിയ തണുപ്പള്ള ആ കാലത്ത് ഒരു നനഞ്ഞ തുളസിയില പോലെ , ഒരു മേക്കപ്പുമില്ലാത്ത അവളുടെ മുഖം തിളങ്ങി.
ഞാനവളുടെ കയ്യിൽ പിടിച്ചു. ചെറിയ നനവും ചൂടും. നീ ഈ കല്ല്യാണത്തിൽ ഹാപ്പിയാണോടീ?
അവളുടെ വിരലുകൾ എന്റെ കയ്യിലിറുകിയമർന്നു. നീണ്ട നഖങ്ങൾ തൊലിയിലാഴ്ന്നപ്പോൾ നൊന്തു. എന്നാലും ഞാൻ കൈ വലിച്ചില്ല.
അവളെന്റെ കൈ വിട്ടു. പിന്നിൽ നനഞ്ഞ വിടർത്തിയിട്ട മുടി ഉണങ്ങിയതു വാരിക്കെട്ടി…. നീ വാടാ.. താഴ്ന്ന സ്വരത്തിൽ… ഞങ്ങൾ പിന്നെയും മിണ്ടാതെ നടന്നു. ഇടയ്ക്കവളെ നോക്കിയപ്പോൾ കണ്ണുകൾ താഴോട്ടാണ്.