മൃഗം 25 [Master]

Posted by

പക്ഷെ അന്ന് നാദിയയുടെ കാര്യത്തിന് മാഡത്തെ കാണാന്‍ എത്തിയ ഇവള്‍ എന്റെ അനുമതി ഉണ്ടെങ്കില്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞത് എന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. എസിപി സുഹൃത്തായുള്ള ഇവള്‍ക്ക് വെറുമൊരു എസ് ഐ ആയ എന്നെ പരിഗണിക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. അന്നാണ് ഞാന്‍ ആദ്യമായി ഒരു മാധ്യമ പ്രവര്‍ത്തകയെ ഇഷ്ടപ്പെടുന്നത്..ഇവളുടെ മനസിന്റെ വലിപ്പം എന്നെ ആകര്‍ഷിച്ചു.” പൌലോസ് ലേശം വികാരഭരിതനായാണ് അത് പറഞ്ഞത്.
“ഗുഡ് പൌലോസ്. നിങ്ങളെക്കാള്‍ മികച്ച ഒരു ഇണയെ ഇവള്‍ക്കൊരിക്കലും ലഭിക്കില്ല. നിങ്ങളോ..ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭര്‍ത്തവായിരിക്കും എന്ന് ഞാന്‍ പറയുന്നു..ഷി ഈസ് എ ജം ഓഫ് എ ഗേള്‍..”
ഇന്ദുലേഖയുടെ വാക്കുകള്‍ ഡോണയുടെ കണ്ണുകള്‍ നനയിച്ചു.
“ചുമ്മാ എന്നെ കരയിക്കാതെ കാര്യത്തിലേക്ക് വാടി പോലീസുകാരി..” അവള്‍ നനഞ്ഞ കണ്ണുകളോടെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഷുവര്‍. ലെറ്റ്സ് കം ടു അവര്‍ ടാസ്ക്. നല്ല തുടക്കമാണ്‌ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്റെ അനുമാനത്തില്‍ ഈ വിവരം ഷാജി ഡെവിള്‍സിനെ അറിയിക്കാന്‍ ചാന്‍സില്ല എന്നാണ്. കാരണം അവന്‍ അവര്‍ക്കെതിരെ മൊഴി നല്‍കി എന്ന് അവരറിഞ്ഞാല്‍, അവനെ അവന്മാര്‍ തട്ടിക്കളയാന്‍ വരെ ചാന്‍സുണ്ട്..ഇല്ലേ പൌലോസ്?” ഇന്ദുലേഖ ചോദ്യഭാവത്തില്‍ പൌലോസിനെ നോക്കി.
“വിവരമറിഞ്ഞാല്‍ അവരവനെ തട്ടിക്കളയാന്‍ ചാന്‍സുണ്ട് എന്നല്ല, തട്ടിക്കളയുക തന്നെ ചെയ്യും. പക്ഷെ അവന്‍ അവരോടു വിവരം പറയില്ല എന്ന് നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല മാഡം. അവന്‍ പറയാനാണ് സാധ്യത കൂടുതല്‍. കാരണം തിന്നുന്ന ചോറിനു നന്ദി ഉള്ളവന്‍ ആണ് ഈ ഷാജി. തന്റെ ഗതികേട് കൊണ്ട് സത്യം പറയേണ്ടി വന്നുപോയി എന്ന് അവരോടു പറഞ്ഞാല്‍, ചിലപ്പോള്‍ അവര്‍ അത് തല്‍ക്കാലം ക്ഷമിച്ചതായി നടിക്കാനും തുടര്‍ന്നു ഭദ്രനുമായി കൂടിയാലോചിച്ച് മറുതന്ത്രം ഉണ്ടാക്കാനും മതി. പക്ഷെ ജീവനോടെ സാക്ഷി പറയാനായി അവരവനെ ബാക്കി വയ്ക്കും എന്ന് ഞാന്‍ കരുതുന്നില്ല. ഇനി അഥവാ അവര്‍ അവനെ കൊന്നില്ലെങ്കില്‍ തന്നെ, ഭദ്രന്‍ അവനെ നന്നായി ട്രെയിന്‍ ചെയ്യും. മകളെ തട്ടിയെടുത്ത് തോക്കിന്‍ മുന്‍പില്‍ നിര്‍ത്തി എഴുതിത്തന്നത് വായിപ്പിച്ചതാണ് എന്നവന്‍ കോടതിയില്‍ പറഞ്ഞാല്‍ കോടതി അത് തള്ളിക്കളയണം എന്നില്ല. അതുകൊണ്ട് അവന്റെ സ്റ്റേറ്റ്മെന്റ് അവനുപോലും തിരുത്താന്‍ സാധിക്കാത്ത മട്ടിലുള്ള മറ്റു അനുബന്ധ തെളിവുകള്‍ നമ്മള്‍ ഉണ്ടാക്കണം” പൌലോസ് പറഞ്ഞു.
“യെസ്..യു ആര്‍ റൈറ്റ് പൌലോസ്” ഇന്ദുലേഖ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *