ജിതിൻ ആകെ വല്ലാതെയായി. കോകില മിസ്സ് പോകുന്ന അന്ന് ഫൈസൽ അവനെ തിരിഞ്ഞു നോക്കിയ രംഗം അവന്റെ ഉള്ളിലൂടെ ഒരു നിമിഷം കടന്നു പോയി.
“ജിത്തൂ… ജിത്തൂ ടാ… എന്താടാ ഒന്നും മിണ്ടതിരിക്കണെ?”
ജിതിൻ പെട്ടെന്ന് പോയ കിളി തിരിച്ചെടുത്ത് സ്ക്രീനിലേക്ക് തല തിരിച്ചു. ജിതിന്റെ കൺകോണുകളിലെ നനവ് സോണി ശ്രദ്ധിച്ചു.
“എന്താ അളിയാ… എന്തു പറ്റി നിനക്ക്? ഇപ്പൊ എന്തിനാ പഴയ കാര്യങ്ങൾ ഒക്കെ ആലോചിച്ച്?”
“കഴിഞ്ഞ ദിവസം ഞാനവളെ കണ്ടളിയാ.”
“ആരെ?”
“എന്റെ… എന്റെ കോകിലയെ.”
സോണി ഒരു നിമിഷം ആളെ മനസ്സിലാവത്തത് പോലെ അവന്റെ മുഖത്ത് നോക്കി. പെട്ടെന്ന് അവന്റെ മുഖത്ത് വെളിച്ചം വീണു.
” നമ്മുടെ പഴയ കോകില മിസ്സിനെയോ? എന്നിട്ട്? അവരെന്തു പറയുന്നു? സുഖമായിരിക്കുന്നോ?”
“അവളെന്നെ കണ്ടില്ലളിയാ. സിറ്റി മാളിൽ വച്ചാ ഞാൻ കണ്ടത്. എങ്ങോട്ടോ നോക്കി ഓടിപ്പോകുവായിരുന്നു. അവരെക്കണ്ടപ്പോ തൊട്ട് എനിക്ക്… എനിക്കെന്തോ എവിടെയോ ഒരു മിസ്സിങ് പോലെ സോണിമോനെ. അപ്പൊത്തൊട്ട് സംഭവിച്ചതെല്ലാം സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ വയ്യ. തലക്ക് വട്ടു പിടുക്കുവാ.”
“മച്ചമ്പീ, സ്കൂൾ കാലഘട്ടത്തിൽ നീ ആരോടും പറയാതെ അവരെ പ്രേമിച്ചതൊക്കെ പഴംകഥകളല്ലേ? ഇപ്പൊഴും നീ അവരെ ഓർത്തിരിക്കുവാണോ?”
ജിതിൻ ഒന്നും മിണ്ടാതെ കണ്ണു തുടച്ചു മുഖം കുനിച്ചിരുന്നു.
“എടാ അളിയാ, അവരിപ്പോൾ കല്യാണം ഒക്കെ കഴിഞ്ഞ് നിന്റെ പ്രായമുള്ള കുട്ടികളൊക്കെ ആയിക്കാണും. നീയോ മുതുക്കൻ. അപ്പൊ അവരുടെ കാര്യം പറയണോ?”
“എനിക്കവളെ കാണണം സോണി. നീയെങ്ങിനെയെങ്കിലും ഒരു വഴി കണ്ടു പിടിക്ക്.”