“കമോൺ ജിതിൻ… കളി പറയല്ലേ… ബി സീരിയസ്. ഞാനിവിടെ മുള്ളിൽ ചവിട്ടിയാ നിൽക്കുന്നെ.” സിമി പരവേശപ്പെട്ടു.
“ഞാൻ പറഞ്ഞല്ലോ സിമി, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. അത്രക്ക് സ്ട്രെസ്ഡ് ആയിരുന്നു ഞാൻ. ദാ എന്റെ കണ്ണൊക്കെ കണ്ടില്ലേ?”
“അയ്യൂ… ഇനിയെന്തു ചെയ്യും? കുരുവിള സാറ് ചോദിച്ചാൽ ഞാൻ എന്ത് സമാധാനം പറയും?”
“നീ പറയണ്ട. എല്ലാം ഞാൻ പറഞ്ഞോളാം. നീ വാ…”
അവൻ വിഭ്രാന്തിപ്പെട്ടു നിന്ന സിമിയെയും കൂട്ടി കുരുവിള സാറിന്റെ ക്യാബിൻ ഡോറിൽ ചെന്നു മുട്ടി.
“യെസ്… കമ്മീൻ….” അകത്തു നിന്നും നീട്ടിയുള്ള അനുമതി കിട്ടി. അകത്തു കടന്നപ്പോൾ കറുപ്പിച്ച വൈക്കോൽ പോലെയൊരു വിഗ്ഗും തലയിൽ വെച്ച് കറങ്ങുന്ന കസേരയിൽ ഇരുന്ന് കറങ്ങി, ആർക്കോ ഫോൺ ചെയ്യുന്ന കുരുവിള കവർകളെ കണ്ട് ജിതിന്റെ കുരു പൊട്ടി. അകത്തു നുരയുന്ന ദേഷ്യം പുറത്തു കാട്ടാതെ അവൻ സംഭാഷണത്തിന് തുടക്കം കുറിക്കാൻ ശ്രമിച്ചു.
“എക്സ്‌ക്യൂസ്മി സർ…”
കുരുവിള ഒരു മിനിറ്റ് എന്ന് കൈ കൊണ്ട് കാണിച്ച് അവനെ നോക്കി കണ്ണുരുട്ടി. ജിതിന് വിറഞ്ഞു കയറി.
“ആ… ആ… ഒക്കെ… വൈകിട്ടങ്ങെത്തിയേക്കാം… പീനട്ട് മസാല വേണം കേട്ടോ… എന്റെ ഫേവറിറ്റാ… ഹ ഹ ഹ… ഒക്കെ… ഞാനെ, ഓഫീസിലാ. അങ്ങു വിളിക്കാം. ഒക്കെ… ലീസിയോട് എന്റെ അന്വേഷണം പറയണേ… ആ… ഒക്കെ…ഒക്കെ…” അയാൾ ഫോൺ കട്ട് ചെയ്ത് നേരയിരുന്നു മേശമേൽ കൈ വച്ച് അവരെ രണ്ടു പേരെയും മാറി മാറി നോക്കി.
“യെസ്… ”
“സാർ…. ഒരു കാര്യം…” സിമി നിന്ന് പരുങ്ങി.
“ദേ കൊച്ചേ, അത് ഇത് എന്നൊക്കെ പറഞ്ഞ് സമയം വേസ്റ്റ് ആക്കല്ലേ… എനിക്ക് കൊറേ പണിയുള്ളതാ. എന്താന്ന് വച്ചാ വേഗം പറയു.” അയാൾ ഗൗരവം നടിച്ചു.
“സർ, ഞാൻ പറയാം.” ജിതിൻ ഇടക്ക് കയറി. കുരുവിള അവനെ ഇവനേതാ എന്ന മട്ടിൽ നോക്കി.